ജിദ്ദ: വിദേശ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് കുറച്ച് സ്വദേശിവത്കരണത്തെ പ്രോത്സാഹിപ്പിക്കാൻ തൊഴിൽ ചട്ടത്തിൽ ഭേദഗതി വരുത്തിയിരിക്കുകയാണ് സൗദി. വിദേശ രാജ്യങ്ങളിൽ നിന്നുള്ള റിക്രൂട്ട്‌മെന്റ് പരമാവധി കുറയ്ക്കുകയും സ്വദേശിവത്കരണത്തെ പ്രോത്സാഹിപ്പിക്കുകയുമാണ് തൊഴിൽ മന്ത്രി ഡോ. മുഫ്രിജ് അൽഹഖ്ബാനി അവതരിപ്പിച്ച ചട്ടഭേദഗതിയുടെ ലക്ഷ്യം.

അതിനൊപ്പം ടെലികോം മേഖലയിലും മറ്റുമുള്ള ബിനാമി കച്ചവടത്തിനെതിരെ വാണിജ്യ മന്ത്രാലയവും നിലപാട് കടുപ്പിച്ചിട്ടുണ്ട്്. ഇത്തരം ഇടപാടുകൾ നടത്തുന്നവർ സ്വദേശികളായാലും വിദേശികളായാലും രണ്ടുവർഷം തടവും 10 ലക്ഷം റിയാൽ പിഴയും അടക്കമുള്ള ശിക്ഷാനടപടി സ്വീകരിക്കുമെന്ന് വാണിജ്യ വ്യവസായ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.

രാജ്യത്തെ വിദേശ ജോലിക്കാർ സ്വദേശത്തേക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്നതും ശൂറ കൗൺസിലിന്റെ പരിഗണനയിലാണ്. ശൂറ കൗൺസിൽ ജനറൽ അഥോറിറ്റിയാണ് ഈ വിഷയം പഠിച്ച് അംഗങ്ങളുടെ ചർച്ചക്കും വോട്ടിങ്ങിനും വിടാൻ ശൂറ കൗൺസിലിനോട് അഭ്യർത്ഥിച്ചത്.

തൊഴിൽ ചട്ടങ്ങളിലുണ്ടായ ദേഭഗതികൾ ചുവടെ:

അനുയോജ്യമായ തൊഴിലവസരങ്ങൾ കണ്ടത്തൊൻ സ്വദേശി തൊഴിലന്വേഷകരെ സഹായിക്കുക, യോഗ്യരായ ജീവനക്കാരെ കണ്ടത്തൊൻ തൊഴിൽ ദാതാക്കളെ സഹായിക്കുക, തൊഴിലന്വേഷകരുടെ രജിസ്‌ട്രേഷന് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് സംവിധാനം, തൊഴിൽ വിപണിയുടെ സമ്പൂർണ വിവര ശേഖരണവും പഠനവും, ഇവ രാജ്യത്തിന്റെ സാമൂഹികസാമ്പത്തിക ആസൂത്രണത്തിന് ഉപയോഗപ്പെടുത്തൽ, തൊഴിൽ സ്ഥാപനങ്ങളിലെ ജോലി ഒഴിവുകളെക്കുറിച്ചുള്ള വിവര ശേഖരണം, ആവശ്യത്തിനനുസരിച്ച് തൊഴിലാളികളെ വിതരണം ചെയ്യാനുള്ള സംവിധാനവുമൊരുക്കൽ, തൊഴിൽ പരിശീലനം നൽകൽ. തൊഴിൽ ചെയ്യാൻ പ്രായമത്തെിയ എല്ലാ സ്വദേശികളും പേരുവിവരങ്ങളും വിദ്യാഭ്യാസ യോഗ്യതയും തൊഴിൽ പരിചയവും അടക്കം എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം.

രാജ്യത്തെ മുഴുവൻ തൊഴിൽ സ്ഥാപനങ്ങളും തൊഴിൽ ഒഴിവുകൾ യഥാസമയം റിപ്പോർട്ട് ചെയ്യണം. തസ്്തിക, ശമ്പളം, ആവശ്യമായ യോഗ്യത, മറ്റ് നിബന്ധനകൾ, ജോലി സ്ഥലം തുടങ്ങിയ എല്ലാ വിവരങ്ങളുമടങ്ങുന്ന റിപ്പോർട്ടാണ് മന്ത്രാലയത്തിന് നൽകേണ്ടത്. ഒഴിവുണ്ടായി 15 ദിവസത്തിനകം റിപ്പോർട്ട് ചെയ്യണമെന്നാണ് കർശന വ്യവസ്ഥ. സ്വദേശികളുമായി മത്സരമുണ്ടാകാൻ ഇടയുള്ള തസ്തികകളിൽ വിദേശികളെ അനുവദിക്കാതിരിക്കുക, സ്വദേശി ഉദ്യോഗാർഥികളെ ആകർഷിക്കാൻ തൊഴിൽ ദാതാവിന് കഴിയുന്നില്ലെങ്കിൽ അത് വിദേശികളെ തേടുന്നതിനുള്ള കാരണമായി മുന്നോട്ട് വെക്കാതിരിക്കുക, ആവശ്യമായ സ്വദേശിവത്കരണ തോത് നടപ്പാക്കുക തുടങ്ങിയവയും പുതിയ ഭേദഗതിയിലെ പ്രധാന നിബന്ധനകളാണ്. സ്വദേശി പൗരന്മാർക്കിടയിൽ തൊഴിൽ രഹിതനായി ഒരാളെങ്കിലും അവശേഷിക്കുന്ന സാഹചര്യം അനുവദിക്കില്ലെന്ന നിലപാടിലാണ് മന്ത്രാലയം. എന്നാൽ പരിമിതമായ തോതിൽ വിദേശികളെ നിയമാനുസൃതമായി ജോലികളിൽ തുടരാൻ അനുവദിക്കും. മന്ത്രാലയത്തിന് കീഴിൽ വിവിധ സ്ഥലങ്ങളിൽ തൊഴിൽ നിയമന യൂനിറ്റുകൾ ആരംഭിക്കും. മാനവ വിഭവശേഷി വികസന നിധിയായ 'ഹദഫാ'ണ് ഇതിനുള്ള ചെലവ് വഹിക്കുന്നത്. വിദേശ റിക്രൂട്ട്‌മെന്റ് നിർത്തിവച്ച് ആഭ്യന്തരതലത്തിൽ ലഭ്യമായ വിദേശമാനവ വിഭവ ശേഷി പരമാവധി ഉപയോഗപ്പെടുത്താനും മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.