ജിദ്ദ: സൗദിയിൽ തൊഴിലെടുക്കുന്ന വിദേശികൾ രാജ്യത്ത് തങ്ങേണ്ട കാലപരിധിയുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും എടുത്തിട്ടില്ലന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. ഇതു സംബന്ധമായി പ്രചരിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ തൊഴിൽ മന്ത്രാലയം പൊതുസമൂഹത്തിന്റെ അഭിപ്രായമാരായാൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ച കരട് രേഖമാത്രമാണെന്നും സഹമന്ത്രി അഹ്മദ് അൽഹുമൈദാൻ വ്യക്തമാക്കി.

'വേതനവും സൗദിയിൽ തങ്ങിയ കാലാവധിയും അനുസരിച്ച് നിതാഖാതിൽ വിദേശികളുടെ ഗ്രേഡ് മാറ്റം' എന്ന വിഷയം മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പൊതുസമൂഹത്തിന്റെ ചർച്ചക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. മന്ത്രാലയത്തിന്റെ 'മഅൻ നുഹ്‌സിൻ' എന്ന പദ്ധതിയുടെ ഭാഗമായി ഏതെങ്കിലും കാര്യങ്ങൾ നിയമമാവുന്നതിന് മുമ്പ് പൊതു ചർച്ചക്ക് വിേധയമാക്കുകയെന്ന പ്രക്രിയയുടെ ഭാഗമാണിതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിൽ കാര്യങ്ങൾ ചർച്ചചെയ്യുന്ന വിവിധ കമ്മിറ്റികളിൽ നിന്നും ഇതര വിഭാഗങ്ങളിൽനിന്നും ലഭിച്ച അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ പ്രസ്തുത കരട് മന്ത്രാലയം പിൻവിലിച്ചിരുന്നു. ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടി ആലോചിച്ച് ആവശ്യമെങ്കിൽ പിന്നീട് വീണ്ടും പുതിയ കരട് സമർപ്പിക്കും. തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന ഇത്തരം
കടര് നിർദ്ദേശങ്ങൾ നിയമങ്ങളായെന്ന രീതിയൽ വാർത്തകൾ നൽകുന്നതിൽനിന്നും വിട്ടു നിൽക്കണമെന്നും ഇത്തരം വിഷയങ്ങളിൽ അങ്ങേയറ്റം ശ്രദ്ധ പുലർത്തണമെന്നും എല്ലാ മാദ്ധ്യമങ്ങളോടും സഹമന്ത്രി ആവശ്യപ്പെട്ടു.