ജോലി നഷ്ടപ്പെട്ടു പ്രതിസന്ധിയിലായ ഇന്ത്യക്കാരിൽ മടങ്ങാൻ താൽപര്യമുള്ളവർക്ക് എക്സിറ്റ് വീസ നൽകാമെന്നും ശമ്പള കുടിശിക പ്രശ്നം പരിഗണിക്കാമെന്നും സൗദി അറേബ്യ ഉറപ്പ് നൽകി. സൗദിയിൽ വിവിധ നിർമ്മാണ കമ്പനികളിൽ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് ശമ്പളവും ഭക്ഷണവുമില്ലാതെ ദുരിതത്തിലായ തൊഴിലാളികളുടെ കാര്യത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയം ശക്തമായി ഇടപെട്ടതോടെയാണ് പ്രശന പരിഹാരത്തിന് വഴി തെളിയുന്നത്.

ശമ്പളം മുടങ്ങി പ്രയാസത്തിലായ തൊഴിലാളികളുള്ള മുഴുവൻ കമ്പനികളുടെയും വിശദാംശങ്ങൾ സമർപ്പിക്കാൻ എംബസി ജീവനക്കാരെയും സന്നദ്ധ പ്രവർത്തകരെയും ഏൽപിച്ചു. ഇതിനായി പ്രത്യേക ഫോറവും നൽകിയിട്ടുണ്ട്. തൊഴിലാളികളുടെ പാസ്‌പോർട്ട് നമ്പർ, മുടങ്ങിയ ശമ്പളം, സംസ്ഥാനം, ലേബർ കോടതിയിൽ കേസുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്നിവയെല്ലാം രേഖപ്പെടുത്തി നൽകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്നതടക്കമുള്ള നടപടികൾക്കായി സഹമന്ത്രി വി.കെ.സിങ് ഇന്ന് സൗദിയിലെത്തും. മടങ്ങുന്നവർക്കു സാമ്പത്തിക പാക്കേജ്, പുനരധിവാസം തുടങ്ങിയ ഉറപ്പാക്കാൻ സംസ്ഥാനങ്ങളുമായി കേന്ദ്ര സർക്കാർ ഉടൻ കൂടിയാലോചന നടത്തിയേക്കുമെന്നും സൂചനയുണ്ട്.

ദുരിതത്തിലായ തൊഴിലാളികളുടെ വിവരശേഖരണം ഇന്ത്യൻ എംബസിയും ജിദ്ദ കോൺസുലേറ്റും ആരംഭിച്ചിട്ടുണ്ട്. ഇഖാമ (താമസാനുമതി), പാസ്പോർട്ട് വിവരങ്ങൾ, മൊബൈൽ നമ്പർ, ശമ്പള കുടിശികയുടെ വിശദാംശങ്ങൾ എന്നിവയാണു ശേഖരിക്കുന്നത്. ഒട്ടേറെപ്പേരുടെ ഇഖാമ കാലാവധി അവസാനിച്ചു കഴിഞ്ഞു. പലരുടെയും പാസ്‌പോർട്ട് കമ്പനിയുടെ കൈവശമാണ്. പാസ്‌പോർട്ട് കൈവശമുള്ളവരെയാകും ആദ്യഘട്ടത്തിൽ നാട്ടിലെത്തിക്കുക.

ഏകദേശം 10,000 ഇന്ത്യക്കാർക്കു ജോലി നഷ്ടപ്പെട്ടെന്നാണു വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്. റിയാദിൽ 3172 പേർക്കു മാസങ്ങളായി ശമ്പളമില്ല. സൗദി ഓജർ കമ്പനിയിൽ ജോലി ചെയ്തിരുന്ന 2450 പേരാണു ജിദ്ദ, മക്ക, തായിഫ് എന്നിവിടങ്ങളിലെ അഞ്ചു ക്യാംപുകളിലുള്ളത്. ഇവർക്കു കമ്പനി കഴിഞ്ഞ 25 മുതൽ ഭക്ഷണം നൽകിയിട്ടില്ല. 10 ദിവസത്തേക്കാവശ്യമായ ഭക്ഷ്യസാധനങ്ങൾ ഇന്ത്യൻ സമൂഹവുമായി സഹകരിച്ച് ജിദ്ദയിലെ കോൺസലേറ്റ് എത്തിച്ചിട്ടുണ്ട്.

സാമ്പത്തിക പ്രതിസന്ധിയെ തുടർന്നു പൊതുമേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നിലച്ചതാണ് ഇപ്പോഴത്തെ തൊഴിലാളി ദുരിതത്തിന്റെ പ്രധാന കാരണം. നിർമ്മാണ രംഗത്തെ പ്രമുഖരായ ബിൻ ലാദൻ, സൗദി ഓജർ കമ്പനികൾ ഭാഗികമായി പ്രവർത്തനം നിർത്തിയതോടെ ഇവരുടെ ഉപകരാറെടുത്ത കമ്പനികൾ പൂട്ടി. മൂന്നുമുതൽ പത്തുമാസം വരെ ശമ്പളം കിട്ടാത്തവരാണ് തൊഴിൽ നഷ്ടമായവരിൽ ഏറെയും.

ദുരിതത്തിലായ മലയാളികൾ എഴുനൂറോളം എന്നാണു പ്രാഥമിക വിവരമെങ്കിലും ഇത് ഒരുപക്ഷേ ആയിരത്തിനു മുകളിലാകാമെന്നാണു ജിദ്ദയിലെ ചില മലയാളി സംഘടനകൾ സംസ്ഥാന സർക്കാരിനു നൽകുന്ന വിവരം. സംഭവത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റിയാദിലെ ഇന്ത്യൻ സ്ഥാനപതി അഹമ്മദ് ജാവേദ് ഞായറാഴ്ച തന്നെ സൗദി അധികൃതരെ സന്ദർശിച്ചിരുന്നു. പ്രശ്‌ന പരിഹാരം സാധ്യമാകുന്നതുവരെ ക്യാംപുകളിലുള്ളവരുടെ സംരക്ഷണം തുടരുമെന്നു ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ അറിയിച്ചിട്ടുണ്ട്.

ശമ്പളക്കുടിശികയും ആനുകൂല്യങ്ങളും കിട്ടാതെ നാട്ടിലേക്കു മടങ്ങില്ലെന്നു സൗദി ലേബർ ക്യാംപുകളിൽ ദുരിതത്തിൽ കഴിയുന്ന ഇന്ത്യൻ തൊഴിലാളികളിൽ മിക്കവരുടെയും നിലപാട്. വർഷങ്ങൾ ജോലി ചെയ്തവർക്കു തൊഴിൽ നിയമമനുസരിച്ചു വൻ തുക സേവനാനന്തര ആനുകൂല്യമായി ലഭിക്കേണ്ടതാണ്.ഇപ്പോൾ നടപടിയുണ്ടായില്ലെങ്കിൽ ഈ ആനുകൂല്യങ്ങൾ എന്നെന്നേക്കുമായി നഷ്ടപ്പെടുമെന്നാണ് ആശങ്ക. എന്തെങ്കിലും ആശ്വാസ നടപടി ഉണ്ടായില്ലെങ്കിൽ പലരും നാട്ടിലേക്ക് മടങ്ങാൻ വിസമ്മതിച്ചേക്കുമെന്നാണു സൂചന.