റിയാദ്: രാജ്യത്തെ നിയമ ലംഘകരെ പിടികൂടാനുള്ള പരിശോധന തുടരുന്നതിനിടെ അടുത്ത ആഴ്‌ച്ച മുതൽ വിദേശികളുടെ ആധിപത്യം കൂടുതലുള്ള ലേഡീസ് ഷോപ്പുകളിൽസൗദി തൊഴിൽ മന്ത്രാലയം റെയ്ഡ് ആരംഭിക്കുമെന്ന് തൊഴിൽ മന്ത്രാലയ ശാഖാ മേധാവി അബ്ദുല്ല അൽ ഉലയ്യാൻ അറിയിച്ചു.

മൂന്നാം ഘട്ട വനിതാവത്കക്കരണം നടപ്പിലാക്കുന്നതിന്റെ ഭാഗമായാണു ഇവിടങ്ങളിൽ പരിശോധനകൾക്ക് പ്രാമുഖ്യം നൽകുന്നത്. നിയമ ലംഘകരെ പിടികൂടുന്നതിനു പുറമേ നിക്ഷേപകരെ സംരക്ഷിക്കുക കൂടിയാണു പരിശോധനയുടെ ലക്ഷ്യമെന്ന് അബ്ദുല്ല അൽ ഉലയ്യൻ പറഞ്ഞു. കൂടുതലും തുറസായ കമ്പോളങ്ങളിൽ പ്രവർത്തിക്കുന്ന ലേഡീസ് ഷോപ്പുകൾ ലൈസൻസിൽ നിർണയിച്ച മേഖലകളിലല്ല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജിദ്ദയിൽ മാത്രം കഴിഞ്ഞ രണ്ട് മാസത്തിനിടെ ആയിരത്തിലേറെ വ്യാപാര സ്ഥാപനങ്ങളിൽ നിയമ ലംഘനം ശ്രദ്ധയിൽ പെട്ടതിനാൽ അടച്ച് പൂട്ടിയിരുന്നു. നിലവിലെ പരിശോധനകൾക്ക് ആഭ്യന്തര മന്ത്രാലയങ്ങളിലെ വനിതാ ഉദ്യോഗസ്ഥരും പങ്കാളികളാകുന്നുണ്ട്. പരിശോധനകൾ വരും നാളുകളിൽ സർക്കാർ സ്ഥാപനങ്ങൾ, പച്ചക്കറി മാർക്കറ്റുകൾ , നിർമ്മാണത്തിലിരിക്കുന്ന സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക് കൂടെ വ്യാപിപ്പിക്കുമെന്നാണു തൊഴിൽ മന്ത്രാലയ ഉദ്യോഗസ്ഥർ നൽകുന്ന സൂചന.