റിയാദ്: സൗദി വനിതകൾ ഇനി സൈന്യത്തിലേക്കും. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടുള്ള സൗദി അറേബ്യയുടെ പുതിയ നയത്തിന്റെ തുടർച്ചയായാണു തീരുമാനം. സൗദിയുടെ ഒരോ മേഖലയിലും ഈ മാറ്റം കാര്യമായി പ്രതിഫലിക്കുന്നുമുണ്ട്. ഇതോടെ സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കാണുന്നു എന്ന സൗദിക്കുള്ള പേരുദോഷവും വേഗം തന്നെ തുടച്ച്‌നീക്കാൻ രാജ്യത്തിനാകുന്നുണ്ട്. സ്ത്രീകൾക്ക് സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാൻ പോലും കഴിയാതിരുന്ന രാജ്യത്തെ ഇപ്പോഴത്തെ മാറ്റം ലോകരാജ്യങ്ങൾ പോലും അത്ഭുതത്തോടെയാണ് നോക്കിക്കാണുന്നത്.

പർദയ്ക്കുള്ളിൽ ജീവിതം ചുരുട്ടിക്കെട്ടിയിരുന്ന സൗദി അറേബ്യൻ പെണ്ണുങ്ങളുടെ സ്വാതന്ത്ര്യ സൗഭാഗ്യങ്ങൾ പെരുമഴ പോലെയാണ് നൽകുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും ഒരേ പോലെ നിർബന്ധിത സൈനിക പരിശീലനം ഏർപ്പെടുത്തണമെന്നു ശൂറാ കൗൺസിലിലെ വനിതാ അംഗങ്ങളിലൊരാൾ ഈയിടെ ആവശ്യപ്പെട്ടിരുന്നു. സൗദിയിൽ വിവിധ തൊഴിൽ മേഖലകളിൽ വനിതാ സാന്നിധ്യം വർധിച്ചുവരികയാണ്. പാസ്‌പോർട്ട് വകുപ്പ് ജനുവരിയിൽ 140 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ 1.07 ലക്ഷം വനിതകളാണ് അപേക്ഷിച്ചത്.

ബിസിനസ് ആരംഭിക്കാൻ സൗദിയിലെ സ്ത്രീകൾക്ക് ഭർത്താവിന്റേയോ പുരുഷനായ ബന്ധുവിന്റേയോ അനുവാദം ആവശ്യമില്ലെന്ന് ഭരണകൂടം അറിയിച്ചു. ദ്രുതഗതിയിൽ വളരുന്ന സ്വകാര്യ മേഖലയെ വിപുലീകരിക്കുന്നതിനു വേണ്ടിയാണ് പുതിയ തീരുമാനം. വ്യാഴാഴ്ചയാണ് സൗദി സർക്കാർ ഈ നയം മാറ്റം പ്രഖ്യാപിച്ചത്. രക്ഷകർത്താവിന്റെ സമ്മതമുണ്ടെന്ന് തെളിയിക്കാതെ തന്നെ സ്ത്രീകൾക്ക് ബിസിനസുകൾ ആരംഭിക്കാമെന്ന് കൊമേഴ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പറയുന്നു.

ഈ വർഷം മധ്യത്തോടെ സൗദി വനിതകൾക്ക് വാഹനം ഓടിക്കാൻ അനുമതി കിട്ടും. അറബി സ്ത്രീകൾക്ക് പർദ നിർബന്ധമല്ലെന്ന് രാജസദസിലെ പുരോഹിതൻ പ്രഖ്യാപിച്ചുകഴിഞ്ഞു. തനി പാശ്ചാത്യ ചുവയുള്ള വാലന്റൈൻ ദിനം ഒരു സാമൂഹ്യകൂട്ടായ്മ പോലെ കൊണ്ടാടാമെന്ന് മുഖ്യപുരോഹിതൻ പറയുന്നു. നൃത്തസദസുകൾക്കും സിനിമയ്ക്കും അനുവാദം നൽകിക്കഴിഞ്ഞു. കായികമേഖലയിൽ സൗദിവനിതകൾക്ക് അപ്രഖ്യാപിത വിലക്കായിരുന്നു ഈ പുരുഷകേന്ദ്രീകൃത സമൂഹത്തിലെങ്കിൽ ആ മേഖലയിലും സൗദി മൊഞ്ചത്തിമാർക്ക് ഇനി ഇടിക്കൂട്ടുകളിൽ കയറി ഇടിച്ചുമുന്നേറാം.

ഇടിക്കൂട്ടിലെ റാണിയായി സൗദി ആയോധന ചരിത്രത്തിൽ ഇടംപിടിക്കുന്നത് ഹാല അൽ ഹംറാനി എന്ന സുന്ദരിയാണ്. ഒളിമ്പിക്സിലും അന്താരാഷ്ട്രമത്സരങ്ങളിലുമുള്ള ബോക്സിങ് റിങ്ങുകളിൽ സൗദി പെൺമണിമാർ തീ പാറിക്കുന്ന കാലം അടുത്തെത്തിയെന്ന് ഈ ബോക്സിങ് പ്രതിഭയുടെ പ്രത്യാശ. പതിനാറാം വയസിൽ കരാട്ടേയിൽ തുടങ്ങി ബോക്സിങ്ങിലേയ്ക്ക് കളംമാറ്റിച്ചവിട്ടിയ ഹാല ഇപ്പോൾ റിയാദിലും ദമ്മാമിലെ അൽഖോബാറിലും ബോക്സിങ് അക്കാഡമികൾ നടത്തുന്നു. ഓട്ടം, ചാട്ടം മത്സരങ്ങളിൽ പോലും വിമുഖരായിരുന്ന സൗദി പെൺകുട്ടികളുണ്ടോ ഇടി പഠിക്കാൻ വരുന്നുവെന്ന് ആദ്യമൊക്കെ ആശങ്കയുണ്ടായിരുന്നു.

ആ ആശങ്കയെല്ലാം അസ്ഥാനത്താക്കി 120 പേരാണ് ഇപ്പോൾ ഹാലയുടെ കീഴിൽ ബോക്സിങ് അഭ്യസിക്കുന്നത്. ഒപ്പം കാരാട്ടേയും കുങ്ഫുവും പഠിപ്പിക്കുന്നു. കേരളീയ ആയോധനകലയായ കളരിപ്പയറ്റിനും സൗദിയിൽ ഇടമുണ്ടാക്കാനാണ് ഹാലയുടെ ആലോചന. പ്രവാസികളിൽ പ്രമുഖ സാന്നിധ്യമുള്ള മലയാളികുട്ടികൾ തന്റെ കളരികളിലേയ്ക്ക് ഒഴുകിയെത്തുമെന്നും ഈ ആയോധനകലാ പ്രതിഭയ്ക്ക് പ്രതീക്ഷ.

സൗദി അറേബ്യയിൽ ഓഹരിവിപണിയുടെയും പ്രമുഖ ദിനപത്രത്തിന്റെയും മേധാവിയായി സ്ത്രീകളെ കഴിഞ്ഞ വർഷം നിയമിച്ചിരുന്നു. സൗദി ഓഹരിവിപണി മേധാവിയായി സാറ അൽ സുഹൈമിയെയും സൗദിയിലെ ഇംഗ്ലീഷ് ദിനപത്രമായ സൗദി ഗസറ്റിന്റെ എഡിറ്റർ ഇൻ ചീഫായി സുമയ്യ ജബാർത്തിയെയും നിയമിച്ചിരുന്നു. യാഥാസ്ഥിതിക വാദികളായ സൗദിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഇത്തരം നിയമനം. സൗദി സാമ്പത്തിക വിഭാഗത്തിൽ ഉന്നതസ്ഥാനം വഹിക്കുന്ന ചുരുക്കം വനിതകളിൽ ഒരാളാണ് സാറ അൽ സുഹൈമി.

സൗദി വനിത