ന്യൂഡൽഹി: റോയൽ സൗദി ലാൻഡ് ഫോഴ്സ് മേധാവി ലെഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ ഇന്ത്യയിലെത്തി. ചരിത്രത്തിലാദ്യമായാണ് സൗദി കരസേനാ മേധാവി ഇന്ത്യ സന്ദർശിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിൽ ശക്തമാവുന്ന ഉഭയകക്ഷി പ്രതിരോധ സഹകരണമാണ് ഇത് അടയാളപ്പെടുത്തുന്നതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഡൽഹിയിലെത്തിയ ലെഫ്. ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈറിനെ ചൊവ്വാഴ്ച കരസേനാ മേധാവി ജനറൽ എം. എം. നരവനെ സ്വീകരിച്ചു. തുടർന്ന് സൗത്ത് ബ്ലോക്കിൽ അദ്ദേഹത്തിന് സൈന്യം ആചാരപരമായ ഗാർഡ് ഓഫ് ഓണർ നൽകി. ഇരു രാജ്യങ്ങളുടെയും കരസേനാ മേധാവിമാർ വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടത്തുകയും സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.

2020 ഡിസംബറിൽ ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെ, സൗദി അറേബ്യ സന്ദർശിച്ചിരുന്നു. ചരിത്രത്തിൽ ഒരു ഇന്ത്യൻ കരസേനാ മേധാവിയുടെ ആദ്യ സൗദി സന്ദർശനമായിരുന്നു അത്. ഇതിന്റെ തുടർച്ചയായാണ് റോയൽ സൗദി ലാൻഡ് ഫോഴ്സ് മേധാവിയുടെ ഇന്ത്യാ സന്ദർശനം.

സാമ്പത്തിക അഭിവൃദ്ധി, ഭീകരതയെന്ന വിപത്തിനെ ഇല്ലാതാക്കൽ, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കൽ എന്നിങ്ങനെയുള്ള മേഖലകളിൽ ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം വളർന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. പ്രതിരോധ നയതന്ത്രം ഇരു രാജ്യങ്ങൾക്കുമിടയിലുള്ള ബന്ധത്തിന്റെ പ്രധാന തത്വങ്ങളിലൊന്നായി നിലകൊള്ളുകയാണെന്നും പ്രസ്താവന പറയുന്നു. സന്ദർശനം പൂർത്തിയാക്കി ലെഫ്റ്റനന്റ് ജനറൽ ഫഹദ് ബിൻ അബ്ദുല്ല മുഹമ്മദ് അൽ മുതൈർ ബുധനാഴ്ച സൗദി അറേബ്യയിലേക്ക് മടങ്ങും.

രണ്ട് ദിവസം മുമ്പ് ഒമാൻ നാവിക സേനാ മേധാവി റിയർ അഡ്‌മിറൽ സൈഫ് ബിൻ നാസിർ ബിൻ മുഹ്‌സിൻ അൽ രഹ്ബി, ഇന്ത്യൻ കരസേനാ മേധാവി ജനറൽ എം.എം നരവനെയുമായി ടെലിഫോണിൽ സംസാരിച്ചിരുന്നു. ഇന്ത്യയ്ക്കും ഒമാനും ഇടയിലെ പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു.