റിയാദ്:  സൗദിയിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തടവിൽ കഴിയുകയായിരുന്ന മൂന്ന് മലയാളികൾ ദയാ ധനം നൽകി രക്ഷപ്പെട്ടു. 84 ലക്ഷം രൂപ ദയാ ധനം നൽകിയാണ് മലയാളികൾ വധശിക്ഷയിൽ നിന്നും രക്ഷപ്പെട്ടത്.വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഫസൽ ഇരിട്ടി (35), മുസ്തഫ കുന്നത്ത് (33), എം ഷക്കീർ (36) എന്നിവരാണ് ജയിൽ മോചിതരായത്.

പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ ഡോ.സി.കെ മേനോനാണ് ഇവർക്കുവേണ്ടി ദയാധനം കെട്ടിവച്ചത്. മംഗലാപുരം സ്വദേശി അഷ്‌റഫിനെ കൊലപ്പെടുത്തിയ കേസിലാണ് മൂവരും കൊലക്കുറ്റത്തിന് പിടിയിലായത്. വഴക്കിെനത്തുടർന്ന് മൂവരും അഷ്‌റഫിനെ ആക്രമിക്കുകയും തുടർന്ന് കൊലപ്പെടുത്തുകയും ചെയ്തത്. കൊലപാതകത്തിന് ശേഷം മൃതദേഹം ഒളിപ്പിക്കാനുള്ള ശ്രമത്തിനിടെ മൂവരും സൗദി പൊലീസിന്റെ പിടിയിലായി. ഏറെ ചർച്ചകൾക്കൊടുവിലാണ് ദയാധനം സ്വീകരിക്കാൻ കൊല്ലപ്പെട്ട അഷ്‌റഫിന്റെ പിതാവ് തയ്യാറായത്.

നോർക്ക കോർഡിനേറ്റർ ശിഹാബ് കൊട്ടുകാടും മറ്റ് സാമൂഹിക പ്രവർത്തകരും നിരന്തരം ചർച്ച നടത്തിയതിനെത്തുടർന്നാണ് ദയാധനം സ്വീകരിക്കുകയും വധശിക്ഷ ഒഴിവാകുകയും ചെയ്തത്.ദയാധനം നേരത്തെ തന്നെ കെട്ടിവച്ചെങ്കിലും സാങ്കേതിക കാരണങ്ങളാലാണു നാലുപേർക്കും വർഷങ്ങളോളം തടവിൽ കഴിയേണ്ടി വന്നത്.