റിയാദ്: മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹത്തിനും ഗുണകരമാകുന്ന നിർദ്ദേശവുമായി സൗദി തൊഴിൽ മന്ത്രാലയം. രാജ്യത്തെ സ്വകാര്യമേഖലയിൽ ജോലിചെയ്യുന്ന വനിതകൾക്ക് പത്ത് ആഴ്ച പ്രസവാവധി നൽകണമെന്ന് തൊഴിൽ മന്ത്രാലയം നിർദ്ദേശിച്ചിരിക്കുകയാണ്. പ്രസവത്തിനുമുമ്പ് നാലാഴ്ചയും ശേഷം ആറാഴ്ചയുമാണ് അവധി നൽകേണ്ടത്. മൂന്ന് വർഷത്തെ തൊഴിൽപരിചയമുണ്ടെങ്കിൽ ഈ മാസങ്ങളിൽ പൂർണ ശമ്പളവും നൽകണം. എന്നാൽ ഒന്നോ അതിൽകുറവോ പരിചയമേയുള്ളൂവെങ്കിൽ പ്രസവാവധിയിൽ പകുതി ശമ്പളമാണ് നൽകേണ്ടത്.

പ്രസവാവധിയിൽ ശമ്പളം ലഭിച്ചവർക്ക് ആ വർഷത്തെ സാധാരണ അവധിയിൽ ശമ്പളം ലഭിക്കില്ല. എന്നാൽ പകുതി ശമ്പളം ലഭിച്ചവർക്ക് വാർഷികവധിയിൽ പകുതി ശമ്പളം നൽകണം. പ്രസവത്തിന്റെ തിയ്യതി സ്ഥാപനത്തിലെ ഡോക്ടറോ അല്ലെങ്കിൽ സാക്ഷ്യപ്പെടുത്തിയ മെഡിക്കൽ സർട്ടിഫിക്കറ്റോ ഹാജരാക്കണം. പ്രസവാവധിയിൽ അവരെ തൊഴിലെടുപ്പിക്കുന്നത് നിയമവിരുദ്ധമാണ്.
 
സ്വകാര്യ മേഖലയിൽ ജോലിചെയ്യുന്ന സൗദി സ്വദേശിനികളുടെ എണ്ണം വർധി ക്കുന്ന സാഹചര്യത്തിലാണു തൊഴിൽ മന്ത്രാലയത്തിന്റെ പുതിയ തീരുമാനം. 2010ൽ 55618 ഉം 2011ൽ 99486ഉം 2012ൽ 215840ഉം വനിതകൾ വിവിധ മേഖലയിൽ ജോലിചെയ്യുന്നു. വനിതകൾ മുതൽമുടക്കിയ പദ്ധതികൾ 654 എണ്ണമുണ്ടെന്നും മന്ത്രാലയം അറിയിച്ചു.