ദമാം: വാഹനാപകടം കാരണം കിടപ്പിലായ മുൻപ്രവാസിക്ക് നവയുഗം സാംസ്‌കാരികവേദി ചികിത്സാ ധനസഹായം നൽകി. കരുനാഗപ്പള്ളി സ്വദേശിയായ സരീഷ് കന്നേറ്റി പത്തു വർഷത്തോളം സൗദി അറേബ്യയിൽ പ്രവാസിയായിരുന്നു. നവയുഗം സാംസ്‌കാരിക വേദിയുടെ സജീവപ്രവർത്തകനായിരുന്ന സരീഷ്, നവയുഗം കേന്ദ്രകമ്മിറ്റിയിൽ അംഗവുമായിരുന്നു.

നിതാഖത്ത് സമയത്ത് പ്രവാസം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ സരീഷ്, അവിടെ ഒരു സ്വകാര്യകമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു. എന്നാൽ രണ്ടു മാസങ്ങൾക്ക് മുൻപ് ദൗർഭാഗ്യം ഒരു വാഹനാപകടത്തിന്റെ രൂപത്തിൽ സരീഷിനെ തേടിയെത്തി. ഒരു വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന സരീഷിന്റെ ബൈക്കിനെ പാഞ്ഞെത്തിയ ഒരു ലോറി ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തലയ്ക്കും നട്ടെല്ലിനും ഗുരുതരമായി പരിക്കേറ്റ സരീഷിനെ ഓടിക്കൂടിയ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.

മരണത്തിൽ നിന്നും രക്ഷപ്പെട്ടുവെങ്കിലും, സുഷുമ്‌നനാഡിയ്‌ക്കേറ്റ പരിക്കു കാരണം അരയ്ക്കു താഴ്ഭാഗം തളർന്നു പോയി. സരീഷ് കിടപ്പിലായതോടെ മാതാപിതാക്കളും, ഭാര്യയും, ഒരു മകനും ഉൾപ്പെടുന്ന കുടുംബത്തിന്റെ അവസ്ഥ ദയനീയമായി. വെണ്ടൂർ ആശുപത്രിയിൽ തുടർചികിത്സ നടത്തുന്നതിന്റെ ചിലവുകളും, വർദ്ധിച്ച ജീവിതഭാരവും അവരെ അലട്ടി.

സരീഷിന്റെ അവസ്ഥ അറിഞ്ഞ നവയുഗം കേന്ദ്രകമ്മിറ്റി, സഫിയ അജിത്ത് ജീവകാരുണ്യ ഫണ്ടിൽ നിന്നും സഹായധനം നൽകാൻ തീരുമാനിച്ചു. ദമാമിൽ നടന്ന ചടങ്ങിൽ വച്ച് നവയുഗം കേന്ദ്രകമ്മിറ്റി അംഗം ഗോപകുമാർ, നവയുഗം നിയമസഹായവേദി കൺവീനർ ഷാൻ പെഴുംമൂടിന് സഹായധനം കൈമാറി. നവയുഗം രക്ഷാധികാരി ഉണ്ണി പൂചെടിയൽ, ജീവകാരുണ്യവിഭാഗം കൺവീനർ ഷാജി മതിലകം, കേന്ദ്രകമ്മിറ്റി അംഗങ്ങളായ നവാസ് ചാന്നാങ്കര, ഉണ്ണികൃഷ്ണൻ, ശ്രീകുമാർ വെള്ളല്ലൂർ, ബിജു നല്ലില, വിജയൻ എന്നിവർ പങ്കെടുത്തു.

സഹായധനം ഉടനെതന്നെ കരുനാഗപ്പള്ളിയിലുള്ള അരണശ്ശേരിൽ വീട്ടിലെത്തി സരീഷിനു കൈമാറുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി അറിയിച്ചു.