സ്ത്രീകളെ കാറോടിക്കാൻ അനുവദിക്കാത്ത രാജ്യങ്ങളിലൊന്നാണ് സൗദി അറേബ്യ. ഇതിനെതിരെ ഒട്ടേറെ പ്രതിഷേധങ്ങൾ പലകോണുകളിൽനിന്നും ഉയർന്നിട്ടുണ്ടെങ്കിലും ഇപ്പോൾ രാജകുടുംബത്തിനുള്ളിൽനിന്നുതന്നെ എതിർപ്പുയർന്നത് കൂടുതൽ ഗൗരവത്തോടെയാണ് സൗദി സർക്കാർ കാണുന്നത്. പല കാര്യങ്ങളിലും വിമതശബ്ദമുയർത്തിയിട്ടുള്ള അൽവാലീദ് ബിൻ തലാൽ രാജകുമാരനാണ് സ്ത്രീകൾക്ക് കാറോടിക്കുന്നതിലുള്ള വിലക്ക് എത്രയും വേഗം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തത്.

സ്ത്രീകൾക്കുള്ള വിലക്ക് പിൻവലിക്കുന്നത് സ്ത്രീപുരുഷ സമത്വം നടപ്പാക്കുന്നതിനും സാമ്പത്തിക പുരോഗതിക്കും അനിവാര്യമാണെന് രാജകുമാരന്റെ പോസ്റ്റിൽ പറയുന്നു. സൗദിയിലെ സ്ത്രീകളുടെ അവകാശങ്ങൾക്കുവേണ്ടിയുള്ള പോരാട്ടത്തിൽ ഏറെക്കാലമായി ശബ്ദമുയർത്തുന്ന അൽവാലീദ് രാജകുമാരന്റെ അഭിപ്രായങ്ങളെ ഏറെ പ്രാധാന്യത്തോടെയാണ് പാശ്ചാത്യ രാജ്യങ്ങളടക്കം കാണുന്നത്. സ്ത്രീകളുടെ നേൽ പലതരത്തിലുള്ള മതപരമായ നിയന്ത്രണങ്ങൾ നിലനിൽക്കുന്ന രാജ്യമാണ് സൗദി.

ചർച്ചകളവസാനിപ്പിച്ച് സ്ത്രീകൾക്ക് ഡ്രൈവിങ്ങിനുള്ള അനുമതി നൽകൂ എന്നാണ് അൽവാലീദ് രാജകുമാരൻ ട്വിറ്ററിൽ ട്വീറ്റ് ചെയ്തത്. അതിരുവിട്ട അഭിപ്രായപ്രകടനങ്ങളിലൂടെ പേരെടുത്തിട്ടുള്ള രാജകുമാരനാണ് അൽവാലീദ്. മറ്റു രാജകുടുംബാംഗങ്ങളെ അപേക്ഷിച്ച് ഇദ്ദേഹത്തിന് ഭരണത്തിൽ കാര്യമായ പങ്കൊന്നുമില്ല. എന്നാൽ, അമേരിക്കൻ സിറ്റിഗ്രൂപ്പിനെയും യൂറോ ഡിസ്‌നി തീം പാർക്കിനെയും ഏറ്റെടുക്കാൻ ശ്രമിക്കുന്ന കിങ്ഡം ഹോൾഡിങ് കമ്പനിയുടെ അദ്ധ്യക്ഷനാണ് അദ്ദേഹം.

ഒറ്റവരിയിലുള്ള ട്വീറ്റിലൂടെ തന്റെ പ്രതിഷേധമറിയിച്ച അൽവാലീദ്, അതിനെ പിന്താങ്ങുന്ന നാലുപേജുള്ള കുറിപ്പും പുറത്തിറക്കി. സമൂഹത്തിൽ സ്വതന്ത്രയായി ജീവിക്കാനുള്ള സ്ത്രീകളുടെ അവകാശം തടഞ്ഞുവെക്കുകയാണ് ഡ്രൈവിങ് വിലക്കിലൂടെ ചെയ്യുന്നതെന്ന് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു. ഇതെല്ലാം പാരമ്പര്യവാദികളുടെ സമൂഹത്തിലെ അനീതികളാണ്. സൗദിക്ക് മാത്രമായി സ്ത്രീകളെ ഡ്രൈവിങ്ങിൽനിന്ന് വിലക്കാനാവില്ലെനന്നും അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.