റിയാദ്: അടിമുടി മാറ്റത്തിന് ഒരുങ്ങുകയാണ് സൗജി അറേബ്യ എന്ന രാജ്യം. ഇപ്പോഴും 21ാം നൂറ്റാണ്ടിലെ ചിന്താഗതിക്കൊപ്പം എത്താതിരുന്ന രാജ്യമെന്നായിരുന്നു സൗദിക്കുണ്ടായിരുന്ന ചീത്തപ്പേര്. ഇത് മാറ്റാൻ ശ്രമിക്കുകയാണ് മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. അഴിമതി തടയാൻ വേണ്ടിയുള്ള ശ്രമങ്ങളും ശക്തമാക്കിയതിന്റെ ഭാഗമായി രാജകുമാരന്മാർ അടക്കം 11 പേർ അറസ്റ്റിലായതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ മിസൈൽ ആക്രമണശ്രമം ഉണ്ടായതിന് പിറകേയാണ് പതിനൊന്ന് സൗദി രാജകുമാരന്മാരെ അറസ്റ്റ് ചെയ്തത്. നിലവിലെ മന്ത്രിസഭയിൽ വിവിധ പദവികൾ വഹിക്കുന്ന നാല് പേരും മുന്മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാർ അറസ്റ്റിലായെന്നാണ് സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അൽ-അറേബ്യ ടെലിവിഷൻ ചാനൽ റിപ്പോർട്ട് ചെയ്തു. അതേസമയം ആരൊക്കെയാണ് അറസ്റ്റിലായതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. എന്നാൽ, രാജകുമാരന്മാരിലെ സമ്പന്നനായ അൽ വാലിദ് ബിൻ തലാൽ അറസ്റ്റ് ചെയ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

രാജകുമാരാന്മാരെ അറസ്റ്റ് ചെയ്തത് കൂടാതെ സൗദി നാഷണൽ ഗാർഡ് മേധാവി, നാവികസേനാ മേധാവി, ധനമന്ത്രി എന്നിവരെ തൽസ്ഥാനത്ത് നിന്ന് മാറ്റി. അപ്രതീക്ഷിതമായി സൗദിയിൽ ഉണ്ടായ നീക്കങ്ങൾ ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കയാണ്. മൊഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്റെ അധ്യക്ഷനായി ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെ കർശന നടപടികൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നടന്ന വിവിധ അഴിമതികളിൽ കമ്മീഷൻ നടത്തിയ അന്വേഷണത്തിന് തുടർച്ചയാണ് രാജകുമാരന്മാരുടെ അറസ്റ്റെന്നാണ് സൗദി പ്രസ്സ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്.

രാജകുടുംബത്തിലെ ഉന്നതർക്ക് നേരെ നടപടിയുണ്ടായതിന് പിറകേ ജിദ്ദ വിമാനത്താവളത്തിലെ സ്വകാര്യവിമാനങ്ങൾ എല്ലാം സുരക്ഷസേന നിയന്ത്രണത്തിലാക്കിയതായാണ് സൂചന. നടപടി നേരിടുന്നവർ രാജ്യം വിട്ടു പോകാതിരിക്കാനായിരുന്നു ഈ മുൻകരുതൽ. കഴിഞ്ഞ സെപ്റ്റംബറിലും അധികാരകേന്ദ്രത്തിൽ നിർണായക സ്വാധീനമുള്ള 32-ഓളം പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരിക്കുന്നത്.

പ്രമുഖ വ്യവസായി കൂടിയായ അൽ-വാലീദ് ബിൻ തലാൽ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന വാർത്ത ഗൾഫ് വ്യവസായലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിട്ടുണ്ട്. 81 വയസ്സുള്ള സൽമാൻ രാജാവ് കഴിഞ്ഞ ജൂലൈയിലാണ് സഹോദരപുത്രന് പകരം മകനായ മുഹമ്മദ് ബിൻ സൽമാനെ അടുത്ത കിരീടാവകാശിയായി പ്രഖ്യാപിച്ചത്. രാജകുമാരന്റെ വരവിന് ശേഷം വൻതോതിലുള്ള സാമ്പത്തിക-സാമൂഹിക പരിഷ്‌കരണ നടപടികൾക്കാണ് സൗദ്ദി അറേബ്യ സാക്ഷ്യം വഹിച്ചത്.

എന്നാൽ ഇതൊരു സാമ്പിൾ വെടിക്കെട്ട് മാത്രമാണെന്നും യാഥാസ്ഥിതിക മുസ്ലിം രാജ്യമായ സൗദിയെ കാലത്തിനനുസരിച്ച് അടിമുടി സ്മാർട്ടാക്കാനുള്ള നടപടികൾ താൻ ആരംഭിച്ചിട്ടേയുള്ളുവെന്നുമാണ് ബിൻ സൽമാൻ നൽകുന്ന സൂചന. ചുരുക്കിപ്പറഞ്ഞാൽ കർക്കശമായ ശരീയത്ത് നിയമങ്ങൾ എല്ലാം അഴിച്ച് പണിഞ്ഞ് സൗദി അടിമുടി മാറാൻ പോവുകയാണ്.

ഇതിന്റെ ഭാഗമായി സ്ത്രീക്കും പുരുഷനും സമത്വം നൽകും. മനുഷ്യാവകാശങ്ങൾക്കും വികസനത്തിനും ഊന്നൽ നൽകുകയും ചെയ്യും. ലോകത്തെ യാഥാസ്ഥിതിക ഇസ്ലാമികതയുടെ പ്രതീകമായിരുന്നു സൗദി മൊത്തത്തിൽ അഴിച്ച് പണിയലിന് വിധേയമാകാൻ പോവുകയാണ്. ഇതിനെ തുടർന്ന് ഇതിന്റെയെല്ലാം പ്രേരകശക്തിയും കിരീടാവകാശിയുമായ മുഹമ്മദ് ബിൻ സൽമാനെ ലോകം പ്രതീക്ഷയോടെ ഉറ്റ് നോക്കാൻ തുടങ്ങിയിട്ടുണ്ട്. പുതിയ പരിഷ്‌കാരങ്ങളുടെ ഭാഗമായി സിനിമയും സംഗീതവും ഇവിടെ നിയമാനുസൃതമാക്കുന്നതാണ്.

ഇതിനെതിരെ പരമ്പരാഗത വിശ്വാസികളായ ചിലർ മുറുമുറുക്കുന്നുണ്ടെങ്കിലും അവരുടെ ശബ്ദം എവിടെയും എത്തുന്നില്ല. രാജകുമാരനെ കടുത്ത ഭാഷയിൽ വിമർശിച്ച ചിലരെ തടവിലാക്കിയിട്ടുമുണ്ട്. ആഗോള മൂലധനത്തെയും നിക്ഷേപകരെയും സൗദിയിലേക്ക് കൂടുതലായി ആകർഷിക്കുന്നതിനും സൗദിയെ ലോകത്തിലെ മികച്ച ഒരു നിക്ഷേപ കേന്ദ്രമാക്കുന്നതിനും വേണ്ടിയും ബിൻ സൽമാൻ പ്രയത്‌നം തുടങ്ങിയിട്ടുണ്ട്. ഇത് വഴി മുസ്ലീങ്ങളല്ലാത്ത ടൂറിസ്റ്റുകളെയും ഇവിടേക്ക് ആകർഷിക്കാൻ അദ്ദേഹം ലക്ഷ്യമിടുന്നുണ്ട്. വർഷങ്ങളായി പരമ്പരാഗത വിശ്വാസങ്ങളാൽ വീർപ്പ് മുട്ടുന്ന സൗദിയെ മിതവാദപരമായ ഇസ്ലാമിലേക്ക് നയിക്കുമെന്ന പ്രഖ്യാപനം നടത്തിയ ബിൻ സൽമാൻ ലോകത്തിന്റെ മുഴുവൻ കൈയടി നേടിയെടുത്തിരുന്നു.

സ്ത്രീകൾ, തടവുകാർ തുടങ്ങിയവർക്ക് കടുത്ത മനുഷ്യാവകാശ നിഷേധം നടത്തുന്നതിന്റെ പേരിൽ സൗദിക്ക് ലോകമെമ്പാട് നിന്നും കടുത്ത വിമർശനം ഏറ്റു വാങ്ങേണ്ടി വരുന്ന സാഹചര്യത്തിലാണ് രാജകുമാരൻ വിപ്ലവത്തിന് തുടക്കം കുറിക്കുന്നതെന്നതും ശ്രദ്ധേയമാണ്. തന്റെ വിഷൻ 2030 പദ്ധതി പ്രകാരം പെട്രോളിനെ ആശ്രയിച്ച് മാത്രം നിലനിൽക്കുന്ന സൗദിയുടെ അവസ്ഥ മാറ്റാനും മറ്റ് വരുമാനഉറവിടങ്ങൾ സൃഷ്ടിക്കാൻ ബിൻ സൽമാൻ ലക്ഷ്യമിടുന്നുണ്ട്. വളരെ അപൂർവം മാത്രം പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറുള്ള ബിൻ സൽമാൻ ഈ ആഴ്ച റിയാദിൽ വച്ച് നടന്ന ഗ്ലോബൽ ഇൻവെസ്റ്റേർസ് കോൺഫറൻസിൽ പങ്കെടുക്കാനെത്തിയിരുന്നു. ആഗോള നിക്ഷേപകരെ ഇവിടേക്ക് ആകർഷിക്കുന്നതിനുള്ള പരിപാടിയായിരുന്നു ഇത്.

സൗദി മോഡറേറ്റ് ഇസ്ലാമിലേക്ക് തിരിച്ച് പോയേ മതിയാവൂ എന്നും അത് ലോകത്തിന് മുന്നിൽ തുറന്ന് കിടക്കുന്ന രാജ്യമായിരിക്കുമെന്നും എല്ലാ മതങ്ങളെയും സ്വാഗതം ചെയ്യുമെന്നും കഴിഞ്ഞ 30 വർഷങ്ങളായി തീവ്രവാദപരമായ ആശയങ്ങൾക്കിപ്പെട്ട് രാജ്യം വിഷമിക്കുകയായിരുന്നുവെന്നും അവയെ കൈവെടിയാൻ നാം ഇന്ന് തീരുമാനിച്ചിരിക്കുന്നുവെന്നുമുള്ള നിർണായകമായ പ്രസ്താവനയാണ് ബിൻ സൽമാൻ നടത്തിയിരിക്കുന്നത്. 85 വർഷങ്ങൾക്ക് മുമ്പ് വഹാബിസം സ്ഥാപിക്കപ്പെട്ടത് മുതൽ സൗദിയിൽ അത് നിർണായകമായ സ്വാധീനം ചെലുത്തി വരുന്നുണ്ട്. മറ്റുള്ളവർക്ക് നേരെയുള്ള ആക്രമണത്തെ ന്യായീകരിക്കുന്ന തത്വശാസ്ത്രമാണിത്. ഇതുപോലുള്ള ആശയങ്ങളെ തള്ളിക്കളണമെന്നാണ് ബിൻ സൽമാൻ ആഹ്വാനം ചെയ്യുന്നത്.