സൗദി അറേബ്യയിലെ റിക്രൂട്ട്‌മെന്റ് ഓഫീസുകൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിലെന്ന് റിപ്പോർട്ട്. രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിമൂലം വേതനം നൽകാൻ പണമില്ലാത്തതിനെ തുടർന്ന് സ്വകാര്യ റിക്രൂട്ട്‌മെന്റ് ഓഫീസുകളിലെ ഭൂരിഭാഗം സ്വദേശി ജീവനക്കാരെയും പിരിച്ചുവിട്ടതായയാണ് റിപ്പോർട്ടുകൾ.

റിക്രൂട്ട്‌മെന്റ് നടക്കുന്ന രാജ്യങ്ങളിലെ ഏജൻസികളിൽ നിന്നുണ്ടാകുന്ന നടപടികളാണ് ഇവർക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടാക്കുന്നതെന്ന് ഓഫീസുകളുടെ ഔദ്യോഗിക വക്താവ് പറയുന്നു. പിരിച്ചുവിട്ടവരിൽ ഭൂരിഭാഗവും സ്വദേശികളാണെന്നാണ് സൂചന.

സ്വകാര്യ റിക്രൂട്ടിങ് സ്ഥാപനങ്ങളിലെ 95 ശതമാനം ജീവനക്കാരും സ്വദേശികളാണ്. ഒരു ഓഫീസിൽ 5 മുതൽ 8 വരെ ജീവനക്കാരാണുള്ളത്. ഗാർഹിക തൊഴിലാളികളെയാണ് ഈ ഓഫീസുകൾ വഴി കാര്യമായി റിക്രൂട്ട്‌മെന്റ് നടത്തുന്നത്. തൊഴിലുടമക്ക് വ്യവസ്ഥപ്രകാരം വിവിധ രാജ്യങ്ങളിൽനിന്ന് തൊഴിലാളികളെ എത്തിച്ചു കൊടുക്കുന്ന ഒരു മധ്യവർത്തിയായാണ് ഇവയുടെ പ്രവർത്തനം.