ജിദ്ദ: ഇന്റർനാഷണൽ സ്‌കൂളുകളും സ്വകാര്യ സ്‌കൂളുകളും ഫീസ് വർധിപ്പിച്ച നടപടിയിൽ ആകെ ഞെട്ടിയിരിക്കുകയാണ് മലയാളികളുൾപ്പെടെയുള്ള മാതാപിതാക്കൾ. സ്‌കൂൾ ഫീസ് വർധിപ്പിക്കാൻ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ  വൈകിയാണെങ്കിലും ഈ അധ്യയന വർഷം തന്നെ ഫീസ് വർധന നടപ്പിലാക്കാൻ സ്‌കൂളുകൾ തയാറാകുകയായിരുന്നു.


സ്‌കൂളുകളിൽ ഫീസ് വർധിപ്പിച്ച കാര്യം രജിസ്‌ട്രേഷന്റെ സമയത്താണ് മിക്കവരേയും അറിയിച്ചതിനാൽ ഭൂരിപക്ഷം ആൾക്കാർക്കും മനസില്ലാമനസോടെ ഇത് അംഗീകരിക്കാൻ തയാറാകേണ്ട അവസ്ഥയാണിപ്പോൾ. ഫീസ് വർധിപ്പിക്കണമെന്ന് ഏറെ നാളായി സ്വകാര്യ സ്‌കൂളുകൾ ആവശ്യപ്പെട്ടുകൊണ്ടിരുന്നതാണ്. എന്നാൽ സ്‌കൂൾ ഫീസ് വർധന പഠിക്കാൻ പ്രത്യേക സമിതി രൂപീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചതിനെ തുടർന്നാണ് കഴിഞ്ഞ ഫെബ്രുവരി മുതൽ മിക്ക സ്‌കൂളുകളും ഫീസ് വർധന താത്ക്കാലികമായി നിർത്തി വച്ചത്.

സ്‌കൂളുകൾ ഫീസ് വർധിപ്പിക്കുന്നതനുസരിച്ച് സ്‌കൂളിൽ സൗകര്യങ്ങൾ വർധിപ്പിക്കുന്നുണ്ടോ എന്നും മറ്റും സമിതി അന്വേഷിച്ചിരുന്നു. ഇപ്രകാരം ചില സ്‌കൂളുകൾ സൗകര്യം വർധിപ്പിക്കുകയും കെട്ടിടങ്ങൾ പുതുക്കുകയും ചെയ്തിരുന്നു. ഈ അധ്യയന വർഷം തന്നെ സ്‌കൂൾ ഫീസ് വർധിപ്പിക്കുമെന്ന് നേരത്തെ നിശ്ചിയിച്ചിരുന്നുവെങ്കിലും സമിതിയുടെ അപ്രൂവൽ കിട്ടാതെ ഫീസ് വർധന ഉത്തരവ് പുറത്തുവിടാൻ സാധ്യമല്ലായിരുന്നു. സ്‌കൂളുകൾ തുറക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കവേയാണ് ഫീസ് വർധനയുമായി ബന്ധപ്പെട്ട ഉത്തരവ് എത്തിയിട്ടുള്ളത്.

ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടായതിനു പിന്നാലെയാണ് ഫീസ് വർധന സംബന്ധിച്ച് മാതാപിതാക്കൾക്ക് നിർദ്ദേശം നൽകുന്നത്. പലരും കുട്ടികളെ സ്‌കൂളുകളിൽ രജിസ്റ്റർ ചെയ്തു കഴിഞ്ഞതിനാൽ മറ്റു സ്‌കൂളുകൾ തെരഞ്ഞെടുക്കാൻ സാവകാശം ഇല്ലാതെ പോയി എന്നുള്ളതാണ് പൊതുവേ ഉയർന്നിരിക്കുന്ന പരാതി. ഫീസ് വർധനയിൽ പല മാതാപിതാക്കളും എതിർപ്പു പ്രകടിപ്പിച്ചതോടെ ഇവരിൽ നിന്നുള്ള പ്രശ്‌നം ഒഴിവാക്കുന്നതിനായി ചില സ്‌കൂൾ പ്രിൻസിപ്പൽമാർ സ്‌കൂൾ യൂണിഫോം വിലയിലും മറ്റും കുറവ് ഓഫർ ചെയ്തിട്ടുണ്ട്. ചില സ്‌കൂളുകളാകട്ടെ സൗജന്യമായി യൂണിഫോം നൽകാമെന്നു പോലും വാഗ്ദാനം ചെയ്യുന്നു.

അതേസമയം സ്‌കൂൾ ഫീസ് വർധന സംബന്ധിച്ച് മാതാപിതാക്കൾക്ക് പരാതിയുണ്ടെങ്കിൽ അത് പ്രൈവറ്റ് എഡ്യൂക്കേഷണൽ ഡയറക്ടേറ്റിന്റെ വെബ് സൈറ്റു വഴി പരാതി ബോധിപ്പിക്കാനാണ് അധികൃതർ അറിയിച്ചിരിക്കുന്നത്.