സൗദിയുടെ വിവിധ പ്രദേശങ്ങളിലുണ്ടായ കനത്ത മഴ ജനജീവിതം ദുരിതത്തിലാക്കി. ഇടിമിന്നലോടുകൂടിയ മഴയാണ് മിക്കയിടങ്ങളിലും പെയ്തത്. രാജ്യത്തുണ്ടായ പ്രളയത്തിൽ ഇത് വരെ 12 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മൂന്നു പേരെ കാണാതായിട്ടുണ്ട്. അപകടങ്ങളിൽപ്പെട്ട 681 പേരെ വിവിധ മേഖലകളിൽ നിന്ന് രക്ഷപ്പെടുത്തിയതായും സിവിൽ ഡിഫൻസ് വക്താവ് കേണൽ അബ്ദുല്ല അൽഹാരിസി പറഞ്ഞു. കഴിഞ്ഞ വ്യാഴാഴ്ച മുതൽ ആണ് സൗദിയുടെ പലഭാഗങ്ങളിലായി മഴ പെയ്തു തുടങ്ങിയത് .

കാലാവസ്ഥാ വ്യതിയാനത്തിന്റെ ഭാഗമായി ഏറ്റവും കാഠിന്യമേറിയ വേനലിനൊപ്പം കാലം തെറ്റിയ കനത്ത മഴയും പതിവായി സൗദി അറേബ്യയെ കാത്തിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നുണ്ട്.

കാലാവസ്ഥാ വ്യതിയാനം തുടരുന്നതിനാൽ ആവശ്യമായ മുൻകരുതലെടുക്കണമെന്നും രാജ്യത്തിന്റെ കിഴക്ക്, വടക്കുകിഴക്കൻ മേഖലകളിൽ 50 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് സിവിൽ ഡിഫൻസ് വ്യക്തമാക്കിറിയാദ്, മക്ക, ജിദ്ദ, റാബഖ്, അൽലൈത്, ഖുൻഫുദ, അൽബാഹ,അസീർ,നജ്രാൻ,ജീസാൻ,കിഴക്കൻ പ്രവിശ്യകൾ എന്നിവിടങ്ങളിൽ ശക്തമായ ഇടിയോടുകൂടിയ മഴയാണ് പെയ്തത്.

വരുംദിവസങ്ങളിലും ശക്തമായ മഴയും കാറ്റും തുടരാമെന്നതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കേണ്ടതാണ്. കാലാവസ്ഥാ വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പുകൾ പിന്തുടരുകയും ചെയ്യണം. കനത്ത മഴയിൽ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെട്ടതിനാൽ ഗതാഗത തടസവും രൂക്ഷമാണ്.