റിയാദ്: വിദേശികൾക്ക് വീണ്ടും തിരിച്ചടിയായി നല്കി സൗദിയിലെ റിക്രൂട്ട്‌മെന്റ് നടപടികൾ സ്വദേശി തൊഴിൽ പദ്ധതിയായ നിതാഖാതുമായി ബന്ധിപ്പിക്കുമെന്ന് സൗദി തൊഴിൽ മന്ത്രാലയം അറിയിച്ചു. സാധ്യമായ എല്ലാ മേഖലകളിലും സ്വദേശികൾക്ക് തൊഴിൽ ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം വച്ചാണ് പുതിയ നീക്കം. ഇതുപ്രകാരം സ്വകാര്യസ്ഥാപനങ്ങൾ ഏതെങ്കിലും തസ്തികയിലേക്ക് വിദേശികളെ റിക്രൂട്ട് ചെയ്യുന്നതിന് മുമ്പ് പ്രസ്തുത തൊഴിലിലേക്ക് സ്വദേശികൾ ലഭ്യമല്ലെന്ന് ഉറപ്പ് വരുത്തണം.

സ്വദേശികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മാത്രമേ സ്ഥാപനങ്ങൾക്ക് വിസ അനുവദിക്കുകയുള്ളൂ. ചില യൂറോപ്യൻ രാജ്യങ്ങൾ തൊഴിലില്ലായ്മ നേരിടുന്നതിന് സ്വീകരിച്ചുവരുന്ന രീതിയാണ് തൊഴിൽ മന്ത്രാലയം പരീക്ഷിക്കുന്നത്. രാജ്യത്തെ വർധിച്ചുവരുന്ന തൊഴിലില്ലായ്മ നേരിടാൻ ഇതര മന്ത്രാലയങ്ങളുമായി സഹകരിച്ച് വിവിധ പദ്ധതികളാണ് തൊഴിൽ മന്ത്രാലയം ആസൂത്രണം ചെയ്തുവരുന്നത്.