റിയാദ്: സൗദിയിലെ വിദേശ തൊഴിലാളികളെ മാനദണ്ഡാടിസ്ഥാനത്തിൽ തരംതിരിക്കാനുള്ള പദ്ധതി തൊഴിൽമന്ത്രാലയം പിൻവലിച്ചു.വേതനം, സൗദിയിൽ തങ്ങിയ കാലഘട്ടം തുടങ്ങിയവ പരിഗണിച്ച് വിദേശ തൊഴിലാളികളെ വിഭജിക്കുകയും തദടിസ്ഥാനത്തിൽ നിതാഖാത്ത് ഘടനയിൽ വിദേശ തൊഴിലാളി അനുപാതത്തിൽ ഏറ്റക്കുറവുകൾ വരുത്തുകയും ചെയ്യണമെന്ന നിർദേശമാണ് മന്ത്രാലയം പിൻവലിച്ചത്.

നിർദേശത്തിന്മേൽ വിവിധ മേഖലകളിൾനിന്നുള്ള അഭിപ്രായം ആരാഞ്ഞ് 'മഅൻ' വെബ്‌സൈറ്റിൽ നേരത്തെ ഈ നിർദ്ദേശം പരസ്യപ്പെടുത്തിയിരുന്നു. വിവിധ മേഖലകളിലുള്ള വിദഗ്ധരിൽനിന്നും തൊഴിൽദാതാക്കളിൽനിന്നും ഉണ്ടായ അഭിപ്രായങ്ങൾ പരിഗണിച്ചാണ് കരട് നിർദേശത്തിൽ നിന്നു പിന്മാറിയതെന്ന് ഹുമൈദാൻ വിശദീകരിച്ചു.

സർക്കാർ കൊണ്ടുവരാൻ പോകുന്ന നിയമവും നിയമഭേദഗതിയുമൊക്കെ പൊതുജനാഭിപ്രായം തേടി മഅൻ വെബ്‌സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന പതിവ് കഴിഞ്ഞ വർഷമാണ് ആരംഭിച്ചത്. വിദേശതൊഴിലാളികളെ പ്രത്യേക മാനദണ്ഡമനുസരിച്ച് തരംതിരിക്കണമെന്നും നിതാഖാത്തിന്റെ വിവിധ ശ്രേണിയിൽ അവരെ ഉൾപ്പെടുത്തണമെന്നുമുള്ള നിർദേശത്തിന്റെ കരടും പ്രസിദ്ധപ്പെടുത്തിയിരുന്നു.