റിയാദ്: അത്ഭുതം കൂറുന്ന കഥകൾ പ്രചരിക്കുന്ന സൗദിയിൽ നിന്നും ഒരു പ്രേത കഥ കൂടി. മക്കയിൽ ജിന്നിന്റെ കണ്ടെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ ഇതാ മദീനയിലെ ഒരു സ്‌കൂളിൽ ജിന്നിന്റെ ആക്രമണമുണ്ടെന്ന രക്ഷിതാക്കളുടെ പരാതി വ്യാപകമാകുന്നതായി റിപ്പോർട്ട്. പരാതി വ്യാപകമായതോടെ സ്‌കൂൾ അടച്ച് പൂട്ടലിന്റെ വക്കിലാണത്രേ.

മദീനയിലെ അൽ ഉലയിലെ അൽ ശലായി വില്ലേജിലെ ഗേൾസ് സ്‌കൂളിലാണ് ജിന്ന് ബാധയുള്ളതായി പരാതി ഉയർന്നിരിക്കുന്നത്. ഇത് കാരണം സ്‌കൂളിൽ ഇപ്പോൾ കുട്ടികൾ പഠിക്കാൻ എത്തുന്നില്ല. തങ്ങളുടെ കുട്ടികളെ ജിന്നു ബാധ ഏൽക്കുകയോ, കുട്ടികൾ സ്‌ക്കൂളിൽ എത്തിയാൽ സഹ പാഠികളുടെ അപസ്മാരം ബാധിച്ച രീതിയിലുള്ള പെരുമാറ്റവും അസ്വാഭാവിക രീതികളും കണ്ടു ഭയക്കുകയോ ചെയ്യുകയാണെന്നുമാണൂ രക്ഷിതാക്കൾ പറയുന്നത്.സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ടെന്നു മദീന വിദ്യാഭ്യാസകാര്യവകുപ്പ് വക്താവ് ഉമർ ബർനാവി പറഞ്ഞു.

വിദ്യാർത്ഥിനികൾ തന്നെയാണ് ഇത്തരം കഥകൾ പ്രചരിപ്പിക്കുന്നത്. 181 ൽ അധികം വിദ്യാർത്ഥിനികളുള്ള സ്‌കൂളിൽ ആരും തന്നെ ജിന്നിനെ ഭയന്ന് പഠിക്കാൻ തയ്യാറാകുന്നില്ലെ. ഒൻപതോളം വിദ്യാർത്ഥിനികൾ സെമസ്റ്റർ പരീക്ഷയ്ക്കിടെ തലകറങ്ങി വീഴുകയും മറ്റും ചെയ്തതോടെ ജിന്നിന്റെ ഉപദ്രവം മൂലമാണിതെന്ന് മാതാപിതാക്കളും കുട്ടികളും ആരോപിക്കുന്നത്.

സ്‌കൂളിൽ നിറയെ ജിന്നുകളാണെന്നും പഠിത്തം തുടരുന്നത് ആപത്താണെന്നുമാണ് ഗ്രാമവാസികൾ പറയുന്നത്. സംഭവം പ്രാദേശിക മാദ്ധ്യമങ്ങളിൽ വാർത്തയായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജിന്നുകൾ അലങ്കോലമാക്കിയ പരീക്ഷ എങ്ങനെയും നടത്താനാണ് വകുപ്പിന്റെ നീക്കം. അതേ സമയം അദ്ധ്യാപകർക്കും വിദ്യാർത്ഥിനികൾക്കും ജിന്നിന്റെ ഉപദ്രവും ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി നാട്ടുകാരും രംഗത്തിറങ്ങിയിരിക്കുകയാണ്.