ടുത്ത ചൂടും വിവിധ നഗരങ്ങളിൽ നടന്നുവരുന്ന പദ്ധതികളുടെ നടത്തിപ്പിന്ന് ആവശ്യമായ ഗതാഗത നിയന്ത്രണവും ഒക്കെ കണക്കിലെടുത്ത് സൗദിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് നീട്ടിവയ്ക്കാൻ സാധ്യതയുണ്ടെന്ന വാർത്ത നിഷേധിച്ച് വിദ്യാഭ്യാസ മന്ത്രി. ബലി പെരുന്നാൽ അവധികൂടി ഉൾപ്പെടുത്തി സപ്തംബർ അവസാനം വരെ അവധി നീട്ടാൻ സാധ്യതയുണ്ടെന്ന പ്രചാരണം മന്ത്രി തന്റെ ട്വിറ്റർ കുറിപ്പിലൂടെയാണ് നിഷേധിച്ചത്.

പുതിയ അധ്യയന വർഷം ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ ഉറപ്പുവരുത്താനും സുരക്ഷ സാഹചര്യം വിലയിരുത്താനും വിദ്യാഭ്യാസ വകുപ്പുമേധാവികളുമായി മന്ത്രി ബുധനാഴ്ച രാവിലെ യോഗം ചേർന്നിരുന്നു. യമനിൽ സൈനിക നടപടി തുടരുന്ന സാഹചര്യത്തിൽ സൗദിയുടെ തെക്കൻ മേഖലയിലെ വിദ്യാലയങ്ങൾക്ക് പ്രത്യേക പരിഗണനയും അവധിയും നൽകേണ്ടി വന്നാലും രാജ്യത്തെ മൊത്തം വിദ്യാഭ്യാസ കലണ്ടറിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് തീരുമാനം. ഇതനുസരിച്ച് നേരത്തെ നിശ്ചയിച്ച പ്രകാരം ഓഗസ്റ്റ് 23ന് രാജ്യത്തെ പ്രാഥമിക തലം മുതൽ സർവകലാശാല തലം വരെയുള്ള വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിക്കും. നാലാഴ്ചത്തെ പഠനത്തിന് ശേഷം സപ്തംബർ 17ന് വ്യാഴാഴ്ച കലാലയങ്ങൾ ബലി പെരുന്നാൾ അവധിക്ക് വീണ്ടും അടക്കും.

തെക്കൻ മേഖലയിലെ സുരക്ഷ സാഹചര്യം പരിഗണിച്ച് ആവശ്യമാണെങ്കിൽ വിദ്യാലയങ്ങൾക്ക് അവധി നൽകാനും ആവശ്യമായ തീരുമാനങ്ങൾ എടുക്കാനും വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്.

നജ്‌റാൻ, ജീസാൻ, അസീർ, സുറാത് ഉബൈദ്, സബ്യ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ മേധാവികൾ ഉൾപ്പെടുന്ന സമിതിയാണ് മേഖലക്ക് പ്രത്യേക പരിഗണന നൽകുന്ന കാര്യത്തിൽ തീരുമാനമെടുക്കുക.