കുവൈറ്റിൽ നിന്നും പ്രവാസികൾ നാട്ടിലേയ്ക്ക് അയക്കുന്ന പണത്തിന് നികുതി ഏർപ്പെടുത്തുന്ന ബിൽ ഉടൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന വാർത്തയ്ക്ക് പിന്നാലെ സൗദിയിലെ പ്രവാസികളെയും ആശങ്കയിലാഴ്‌ത്തി നികുതി ഏർപ്പെടുത്തുന്ന വാർത്ത പുറത്ത് വന്നു. സൗദിയിൽ ജോലി ചെയ്യുന്ന മലയാളികൾ ഉൾപ്പെട്ട വിദേശികൾക്ക് നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് മുതൽ ആറ് ശതമാനം വരെ നികുതി ഏർപ്പെടുത്താൻ ശൂറ കൗൺസിൽ നീക്കമാരംഭിച്ചിരിക്കുന്നത്. വാർത്ത പുറത്ത് വന്നതോടെ മലയാളികൾ ഉൾപ്പെട്ട പ്രവാസി സമൂഹം ആശങ്കയിലാണ്.

പുതുതായി സൗദിയിലെത്തുന്ന തൊഴിലാളിക്ക് ആദ്യ വർഷത്തിൽ നാട്ടിലേക്കയക്കുന്ന പണത്തിന്റെ ആറ് ശതമാനം ടാക്‌സ് ഏർപ്പെടുത്തുകയും അഞ്ച് വർഷത്തിനകം ഇത് രണ്ട് ശതമാനമായി കുറക്കുകയും ചെയ്യുന്ന രീതിയാണ് ശൂറ കൗൺസിൽ പഠനം നടത്തുന്നത്.

മുൻ ശൂറ കൗൺസിൽ അംഗവും നിലവിൽ സാമ്പത്തിക നിരീക്ഷണവിഭാഗം മേധാവിയുമായ ഡോ. ഹുസാം അൽഅൻഖരി സമർപ്പിച്ച കരടിനെ അടിസ്ഥാനമാക്കിയാണ് വിദേശ ട്രാൻസ്ഫറിനുള്ള ടാകസിനെക്കുറിച്ച് സൗദി ശൂറ കൗൺസിൽ പഠനം നടത്തുന്നത്. രാജ്യത്ത് ജോലി ചെയ്യുന്ന വിദേശികൾ നാട്ടിലേക്കയക്കുന്ന സംഖ്യ കൂറച്ചുകൊണ്ടുവരിക, വിദേശനിക്ഷേപം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ടാക്‌സ് ഏർപ്പെടുത്തുന്നത്. വിദേശികൾക്ക് വേണ്ടിസ്വദേശികൾ മണി ട്രാൻസ്ഫർ നടത്തുകയോ അനധികൃത തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ട്രാൻസ്ഫർ ചെയ്ത് ടാക്‌സ് വെട്ടിപ്പ് നടത്തുകയോ ചെയ്യുന്നവർക്ക് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്യുന്നതുകൂടിയായിരിക്കും പുതിയ ടാക്‌സ് നിയമം.

സൗദിയിൽ ജോലി ചെയ്യുന്ന ഒരു കോടിയിലധികം വരുന്ന വിദേശി ജോലിക്കാർ നാട്ടിലേക്കയക്കുന്ന സംഖ്യയിൽ ക്രമാതീതമായ വർധനവ് വന്ന സാഹചര്യത്തിൽ ദേശീയ നിക്ഷേപം ആകർഷിക്കാനും പെട്രോളിതര വരുമാനം വർധിപ്പിക്കാനും ഉദ്ദേശിച്ചാണ് പുതിയ ടാക്‌സ് ഏർപ്പെടുത്തുന്നത്. സൗദി ഭരണവ്യവസ്ഥാ നിയമാവലിയിലെ 20ാം അനുഛേദം ഭേദഗതി വരുത്തിക്കൊണ്ട് പുതിയ ടാക്‌സ് നിയമം നടപ്പിലാക്കുക.