ജിദ്ദ: സൗദി അറേബ്യയിലേക്കുള്ള പ്രവാസികൾക്ക് ഇനി കുടുംബത്തെ ഒപ്പം കൂട്ടാൻ ചിലവേറും. രാജ്യത്തെ വിസിറ്റിങ് വിസ നിരക്ക് വർധിച്ചതാണ് പ്രവാസികൾക്ക് ഇരുട്ടടിയാകുന്നത്. ഓരോ പാസ്പോർട്ടിനും 2,000 റിയാൽ വീതം നൽകണമെന്നാണ് പുതിയ നിയമം. ഇപ്രകാരം ഒരാൾക്ക് സൗദിയിലെത്തണമെങ്കിൽ 40,000 രൂപയോളം സ്റ്റാമ്പിങ് ചാർജും ട്രാവൽസ് ഏജൻസി ചാർജുമായി നൽകേണ്ടി വരും.

ഇത് പ്രവാസി കുടുംബങ്ങൾക്ക് കനത്ത ആഘാതമായിട്ടുണ്ട്. നേരത്തെ സ്റ്റാമ്പിങ് ചാർജ് 200 റിയാൽ ആയിരുന്നതിനാൽ താഴ്ന്ന വരുമാനക്കാർക്കും കുടുംബാംഗങ്ങളെ കൊണ്ട് വരാൻ സാധിച്ചിരുന്നു. എന്നാൽ പുതിയ സ്റ്റാമ്പിങ് ചാർജ് 10 മടങ്ങാണ് വർധിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഇന്ത്യയിലെ സൗദി കോൺസുലേറ്റിൽ നിന്ന് സ്റ്റാമ്പ് ചെയ്ത വിസിറ്റിങ് വിസക്ക് ഓരോ പാസ്പോർട്ടിനും 2,000 റിയാലാണു ചാർജ് ഈടാക്കിയിരിക്കുന്നത്. സ്റ്റാമ്പിങ് ചാർജിനു പുറമേ ടിക്കറ്റ് ചാർജ് കൂടിയാകുമ്പോൾ വലിയ തുകയാണ് സൗദിയിലേക്കെത്താൻ മുടക്കേണ്ടിവരിക.

ആറു മാസത്തേക്കാണ് 2000 റിയാൽ നൽകേണ്ടത്. നേരത്തേ ഇത് മൂന്ന് മാസത്തേക്കായിരുന്നു അനുവദിച്ചിരുന്നത്. സ്റ്റാമ്പ് തുകയായി നൽകേണ്ടിയിരുന്നത് 200 റിയാൽ മാത്രമായിരുന്നു. സൗദിയിലത്തെിയതിന് ശേഷം മൂന്ന് മാസത്തേക്ക് കൂടി ഇത് പുതുക്കാമായിരുന്നു. കുടുംബങ്ങളെല്ലാം ഈ രീതിയിലായിരുന്നു ഇവിടെ തങ്ങിയിരുന്നത്. മൂന്ന് മാസത്തിന് ശേഷം പുതുക്കുമ്പോൾ ഓരോ പാസ്‌പോർട്ടിനും 100 റിയാൽ വീതമാണ് നൽകേണ്ടിയിരുന്നത്. മൊത്തം ആറു മാസത്തേക്ക് ഒരാൾക്ക് 300 റിയാലായിരുന്നു ഇതുവരെ ചെലവു വന്നിരുന്നത്.

പുതിയ നിയമം അനുസരിച്ച് 2000 റിയാൽ നൽകിയാൽ ആറു മാസത്തേക്ക് വിസ ലഭിക്കും. ആറു മാസത്തിനുള്ളിൽ ഒന്നിലധികം തവണ വന്നു പോകണമെങ്കിൽ 3000 റിയാൽ നൽകി മൾട്ടിപ്പിൾ എൻട്രി സന്ദർശക വിസയെടുക്കാം. ഈ രീതിയിൽ ലഭിക്കുന്ന വിസയിൽ വരുന്നവർക്ക് രണ്ടു വർഷം വരെ സൗദിയിൽ തങ്ങാം. ഒരു വർഷത്തേക്ക് 5000 റിയാലും രണ്ടു വർഷത്തേക്ക് 8000 റിയാലുമാണ് ഇതിന് നൽകേണ്ടത്.

ബിസിനസ് ആവശ്യാർഥം വരുന്നവർക്കും ഈ വിസ അനുവദിക്കും. ഒക്ടോബർ
രണ്ടിന് മുമ്പ് അനുവദിച്ച വിസകൾക്കും പുതിയ നിരക്കു വർധന ബാധകമാണ്. ഇതനുസരിച്ച് അധിക തുക വാങ്ങാൻ എല്ലാ റിക്രൂട്ടിങ് ഏജൻസികളോടും സൗദി കോൺസുലേറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. റീ എൻട്രിക്ക് വർധിപ്പിച്ച തുക ഒന്നിച്ച് അടക്കേണ്ടി വന്നത് തുടക്കത്തിൽ ആശയക്കുഴപ്പം സൃഷടിച്ചിരുന്നു. രണ്ടു മാസത്തേക്ക് 200 റിയാലും പിന്നീടുള്ള ഓരോ മാസത്തേക്കും നൂറ് റിയാൽ വീതവുമായിരുന്നു വർധിപ്പിച്ച തുക. എന്നാൽ നിയമം നടപ്പായ ആദ്യ രണ്ടു ദിവസങ്ങളിൽ ഓൺലൈനായി പണമടച്ചവർക്ക് 600 റിയാൽ നൽകേണ്ടി വന്നു. ബാങ്കിൽ തുക അടക്കുന്ന സമയത്ത് 600 റിയാലിൽ കുറഞ്ഞ തുകക്കുള്ള ഓപ്ഷൻ ഇല്ലാതായതാണ് വിനയായത്. എന്നാൽ രണ്ടു ദിവസത്തിനുള്ളിൽ തന്നെ അധികൃതർ ഈ തകരാർ പരിഹരിച്ചു.