രാജ്യത്തെ ശുദ്ധജല ക്ഷാമത്തിന് പരിഹാരം കാണാൻ സർക്കാരിന്റെ ധനസഹായം. വിവിധ ശുദ്ധജലവിതരണ പദ്ധതികൾക്കായി 703 ദശലക്ഷം റിയാലിന്റെ കരാറിൽ സൗദി ജല വൈദ്യുതി വകുപ്പ് മന്ത്രി എൻജിനീയർ അബ്ദുല്ല അബ്ദുറഹ്മാൻ അൽഹുസൈൻ ഒപ്പുവച്ചു. രാജ്യത്തിന്റെ വിവിധ പ്രവിശ്യകളിൽ നടപ്പാക്കുന്ന പദ്ധതികളുമായി ബന്ധപ്പെട്ട 45 കരാറുകളിലാണ് മന്ത്രി ഒപ്പുവച്ചത്.

അസീർ പ്രവിശ്യയിലെ സദ്തിബാലയിൽ നടപ്പാക്കുന്ന ജലശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം, ഹാഇൽ, അറാർ നഗരങ്ങളിൽ നടന്നുവരുന്ന ജലവിതരണ പദ്ധതികളുടെ പൂർത്തീകരണം എന്നിവയാണ് പദ്ധതിയിൽ പ്രധാനപ്പെട്ടത്. വടക്കൻ അതിർത്തി പ്രവിശ്യയിലെ റഫ്ഹയിൽ ജലശേഖരണികളുടെയും അനുബന്ധ സംവിധാനങ്ങളുടെയും മദീനയുടെ തെക്കൻ പ്രദേശത്തെ പ്രധാന ജലവിതരണ പൈപ് ലൈൻ നിർമ്മാണവും പദ്ധതിയിൽപെടുന്നു.

മദീന പ്രവിശ്യയിൽ സമാന്തര പൈപ്‌ലൈനുകളും സ്ഥാപിക്കും. കൂടാതെ തബൂക്ക് പ്രവിശ്യയിലെ റയ്യാൻ, റാബിയ, അംലജ് എന്നീ പ്രദേശങ്ങളിലെയും ജീസാൻ പ്രവിശ്യയിലെ ദോസരിയ, കർബൂസ് പാർപ്പിടമേഖലകളിലെയും കുടിവെള്ള പ്രശ്‌നം പരിഹരിക്കും. ഖൈബർ ജില്ലയിലെ ശുദ്ധജലവിതരണ പദ്ധതി, റിയാദ് പ്രവിശ്യയിൽപ്പെടുന്ന ഹോത്ത ബനീതമീം ജില്ലയിലെ പഴയ ലൈനുകളുടെ നവീകരണ പ്രവൃത്തികളും പുതിയ കരാറിൽപ്പെടുന്നു.