റിയാദ്: സൗദിയിൽ സന്ദർശക വിസയിൽ എത്തുന്നവർ യഥാസമയം രാജ്യം വിട്ടില്ലെങ്കിൽ സ്‌പോൺസർക്ക് 50,000 റിയാൽ പിഴയും ആറു മാസം വരെ തടവും ശിക്ഷ വിധിക്കുമെന്ന്  പാസ്‌പോർട്ട് വകുപ്പ്. രാജ്യത്ത് സന്ദർശകരായി എത്തുന്നവർ യഥാസമയം തന്നെ രാജ്യം വിടണമെന്നും അല്ലാത്ത പക്ഷം ഇവരെ നാടുകടത്തുമെന്നും പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി. റസിഡൻസി, തൊഴിൽ നിയമം ലംഘിക്കുന് പൗരന്മാർക്കും പ്രവാസികൾക്കും പിഴയടക്കമുള്ള ശിക്ഷകൾ നൽകുന്നത് അടുത്തിടെ പാസ്‌പോർട്ട് ഡിപ്പാർട്ട്‌മെന്റ് ആരംഭിച്ചിരുന്നു. പിഴ ശിക്ഷയ്ക്കു പുറമേ ഇത്തരക്കാരുടെ പേരുവിവരങ്ങൾ മാദ്ധ്യമങ്ങളിൽ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും.

എല്ലാ സന്ദർശകരേയും വിസിറ്റ് വിസയിൽ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി പാസ്‌പോർട്ട് വകുപ്പ് വ്യക്തമാക്കി. എന്നാൽ വിസ കാലാവധി കഴിഞ്ഞാൽ ഇവർ മടങ്ങുകയും വേണം. സൗദിയിലെത്തുന്നവർ ഇവിടത്തെ നിയമങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണ്. വിസിറ്റ് വിസയിലെത്തി കാലാവധി കഴിഞ്ഞും രാജ്യത്ത് തങ്ങിയാൽ കഠിനമായ ശിക്ഷ ഏറ്റുവാങ്ങേണ്ടിവരും.

വിസിറ്റ് വിസയിലെത്തുന്ന വിദേശികൾ രാജ്യത്ത് ഓവർസ്‌റ്റേ ചെയ്യരുതെന്നും നിയമലംഘനം നടത്തരുതെന്നും പാസ്‌പോർട്ട് വകുപ്പ് മുന്നറിയിപ്പ് നൽകി.