റിയാദ്: ടെലികമ്യൂണിക്കേഷൻ മേഖലയിൽ പൂർണ സൗദിവത്ക്കരണത്തിന് ഇനി ഏതാനും നാളുകൾ കൂടി മാത്രം. സെപ്റ്റംബർ രണ്ടോടെ ഈ മേഖലയിൽ വിദേശികൾ ഒട്ടും തൊഴിൽ ചെയ്യാൻ പാടില്ലെന്നാണ് മിനിസ്ട്രി ഓഫ് ലേബർ ആൻഡ് സോഷ്യൽ ഡെവലപ്‌മെന്റ് അറിയിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർണ സൗദിവത്ക്കരണം നടപ്പാക്കാൻ മന്ത്രാലയം ഇപ്പോൾ പരിശീലനം നൽകുന്നത് 40,000ത്തോളം സ്വദേശികൾക്കാണ്. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെടുന്നു.

സ്വദേശികൾക്കുള്ള പരിശീലനത്തിന് മന്ത്രാലയത്തിന് പിന്തുണയുമായി ഹ്യൂമൻ റിസോഴ്‌സ് ഡെലപ്‌മെന്റ് ഫണ്ട്, ടെക്‌നിക്കൽ ആൻഡ് വൊക്കേഷണൽ ട്രെയിനിങ് കോർപറേഷൻ, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷ്വറൻസ്, സൗദി ക്രെഡിറ്റ് ആൻഡ് സേവിങ്‌സ് ബാങ്ക് തുടങ്ങിയവയും രംഗത്തുണ്ട്. രാജ്യത്തെ മൊബൈൽ ഫോൺ ഇൻഡസ്ട്രിയിൽ പൂർണ സൗദിവത്ക്കരണം നടത്തുന്നതിന് ആറു മാസത്തെ കാലാവധിയാണ് ഷോപ്പുകൾക്ക് നൽകിയിരുന്നത്. രണ്ടു ഘട്ടമായി നടത്തുന്ന സൗദിവത്കരണം സെപ്റ്റംബർ രണ്ടോടെ പൂർത്തിയാകും.

മൊബൈൽ ഇൻഡസ്ട്രിയിലെ സെയിൽസ്, മെയിന്റനൻസ്, ആക്‌സസറീസ് മേഖലകളിലെല്ലാം സ്വദേശികൾ മാത്രമേ ജോലിക്കു നിൽക്കാവൂ എന്നതാണ് നിയമം. നിയമം നടപ്പാക്കുന്നതിന് ബിസിനസ് സ്ഥാപനങ്ങളെ സഹായിക്കാൻ മന്ത്രാലയം ശക്തമായ തോതിൽ കാമ്പയിനുകൾ നടത്തിയിരുന്നു. ഈ മേഖലയിൽ ജോലി ചെയ്യാൻ താത്പര്യമുള്ള സ്വദേശികൾക്ക് അവസരം ഒരുക്കിക്കൊടുക്കാനും അതുവഴി ഈ മേഖലയിൽ സ്വദേശികൾക്ക് തൊഴിൽ സാധ്യത സൃഷ്ടിക്കാനുമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്.