ജിദ്ദ: ടെലികോം മേഖലയിൽ സൗദിവത്ക്കരണം ശക്തമായ രീതിയിൽ മുന്നോട്ടു പോകുമ്പോഴും ഇതു പൂർണതോതിൽ നടപ്പിലാക്കികഴിഞ്ഞാൽ ഒട്ടേറെ കടമ്പകൾ നേരിടേണ്ടി വരുമെന്ന് വിലയിരുത്തൽ. നിലവിൽ സർക്കാർ ഏജൻസികളും മറ്റും സൗദിവത്ക്കരണം പൂർണതോതിൽ നടപ്പിലാക്കാൻ നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. സെപ്റ്റംബറോടെ വിദേശികളെ ഈ മേഖലയിൽ നിന്നൊഴിവാക്കി പൂർണമായും സ്വദേശികൾക്കായി ടെലികോം മേഖല മാറ്റുമെന്നാണ് നിലവിലുള്ള തീരുമാനം.

സൗദിവത്ക്കരണം പൂർണതോതിൽ നടപ്പിലായി കഴിയുമ്പോൾ മൊബൈൽ ഫോൺ റീട്ടെയ്ൽ സെക്ടറിൽ പ്രധാനമായും നേരിടേണ്ടി വരുന്നത് തസാട്ടൂർ (tasattur) ആണെന്നാണ് മൊബൈൽ ഫോൺ ഉടമ കൂടിയായ മെസർ അൽ ഷഹ്‌റാനി വെളിപ്പെടുത്തുന്നത്. സ്വദേശികൾ തങ്ങളുടെ ബിസിനസ് മെച്ചപ്പെട്ട രീതിയിൽ നോക്കി നടത്താൻ വിദേശികളെ അനധികൃതമായി ഏൽപ്പിക്കാനുള്ള പ്രവണത പിന്നീട് നേരിടേണ്ടി വരുമെന്നും ഭയപ്പെടുന്നുണ്ട്. കൂടാതെ പ്രവാസികൾ ജോലി ചെയ്യുന്നതു പോലെ ക്ലീനിങ്, സാധനങ്ങളടങ്ങിയ ബോക്‌സുകൾ എടുത്തുകൊണ്ടുവരിക, കൂടുതൽ സമയം ജോലി ചെയ്യുക തുടങ്ങിയ പണികൾ ചെയ്യാൻ സ്വദേശികൾ സന്നദ്ധത പ്രകടിപ്പിക്കില്ല എന്ന ആശങ്കയും ഉയരുന്നുണ്ട്.

സെൽഫോൺ സ്‌റ്റോറുകളിലേക്ക് സ്വദേശികളെ ജോലിക്കായി ആകർഷിക്കണമെങ്കിൽ ലാഭവിഹിതത്തിന്റെ ഒരു പങ്ക് ഇവർക്ക് നൽകേണ്ടി വരുമെന്നും പറയപ്പെടുന്നു. ഇത്തരത്തിൽ മെച്ചപ്പെട്ട വാഗ്ദാനങ്ങളൊന്നുമില്ലാതെ സൗദികൾ മൊബൈൽ ഫോൺ കടകളിൽ ജോലിക്കു വരാൻ താത്പര്യപ്പെടുകയില്ലെന്നു തന്നെയാണ് പറയപ്പെടുന്നത്. പൂർണ തോതിൽ സൗദിവത്ക്കരണം നടപ്പിലാക്കാൻ സാധിക്കുമോയെന്ന കാര്യത്തിലും മറ്റൊരു കടയുടമ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. മാസം 5000 റിയാൽ എന്ന ശമ്പളത്തിന് ജോലി ചെയ്യാൻ സൗദികളാരും തയാറാവില്ലെന്നും എട്ടു മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാൻ ഇവർ തയാറല്ലെന്നും വിലയിരുത്തപ്പെടുന്നു.

മൊബൈൽ ഫോൺ കടയുടമകൾ യഥാസമയം ശമ്പളം കൊടുത്തില്ലെങ്കിൽ അതും പ്രശ്‌നങ്ങൾക്കു കാരണമാകും. പ്രവാസികളെ പൂർണമായും ടെലികോം മേഖലയിൽ നിന്ന് ഒഴിവാക്കുമ്പോൾ നേരിടാൻ പോകുന്നത് ഒട്ടേറെ പ്രതിസന്ധികളാണെന്നാണ് മൊബൈൽ ഫോൺ കടയുടമകളുടെ ആശങ്ക.