- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും; ടെൽഅവീവ് ബെൻ ഗുറിയോൺ വിമാനത്താവളത്തിൽ നിന്ന് മൃതദേഹം ആദ്യം നാട്ടിൽ എത്തിക്കുന്നത് ഡൽഹിയിൽ; നടപടികൾ വേഗം പൂർത്തിയാക്കാൻ ഇടപെട്ട് കേന്ദ്ര മന്ത്രി വി.മുരളീധരൻ
ന്യൂഡൽഹി: ഇസ്രയേലിൽ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട സൗമ്യ സന്തോഷിന്റെ മൃതദേഹം മറ്റന്നാൾ നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തിയായി. നാളെ രാത്രി ടെൽ അവീവിലെ ബെൻ ഗുറിയോൺ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പ്രത്യേക വിമാനത്തിൽ മൃതദേഹം ആദ്യം ഡൽഹിയിലെത്തിക്കും. സംഘർഷം തുടരുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം തടസപ്പെട്ടാൽ നടപടികൾ വൈകാം. വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ ഇസ്രയേലിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജീവ് കുമാർ സിഗ്ലയുമായി സംസാരിച്ച് നടപടികൾ പൂർത്തിയാക്കി.
ഇസ്രയേൽ-ഫലസ്തീൻ സംഘർഷത്തിനിടെയാണ് ഇടുക്കി കീരിത്തോട് സ്വദേശി സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ഏഴ് വർഷമായി ഇസ്രയേലിൽ കെയർ ടേക്കറായി ജോലി ചെയ്യുകയായിരുന്നു സൗമ്യ. അഷ്‌കലോൺ എന്ന സ്ഥലത്തായിരുന്നു ഇവർ താമസിച്ചിരുന്നത്. ഭർത്താവുമായി സംസാരിക്കുന്നതിനിടെയാണ് ഷെല്ലാക്രമണത്തിനിരയായത്. 2017 ൽ ആണ് അവസാനമായി സൗമ്യ നാട്ടിലെത്തിയത്. സൗമ്യയുടെ ഭർത്താവും മകനും നാട്ടിലാണ്. സൗമ്യ സന്തോഷിന്റെ ദാരുണ മരണം യുഎന് രക്ഷാസമിതിയെ അറിയിച്ച ഇന്ത്യ ഗസ്സയിൽ നിന്നുള്ള റോക്കറ്റ് ആക്രമണങ്ങളെ അപലപിച്ചു. ഇരുകൂട്ടരും സംയമനം പാലിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
അതിനിടെ ഇസ്രയേൽ വ്യോമാക്രമണവും ഹമാസിന്റെ പ്രത്യാക്രമണവും കഴിഞ്ഞരാത്രിയിലും മാറ്റമില്ലാതെ തുടർന്നു. ഗസ്സയിൽ നിന്നെത്തിയ ആയിരത്തോളം റോക്കറ്റുകളെ ഇസ്രയേൽ പ്രതിരോധ സംവിധാനം തകർത്തു. എഴുപതിനടുത്ത് ഫലസ്തീനികൾക്കും ആറ് ഇസ്രയേലികൾക്കും മൂന്നുദിവസത്തിനുള്ളിൽ ജീവൻ നഷ്ടമായി. ഗസ്സയിൽ കൊല്ലപ്പെട്ടവരിൽ 16 പേർ കുഞ്ഞുങ്ങളാണ്. ഇസ്രയേലിൽ ജീവൻ നഷ്ടപ്പെട്ടവരിൽ അഞ്ചുവയസുകാരനും ഉൾപ്പെടുന്നു. സംഘർഷം ജനങ്ങൾക്കിടയിലേക്ക് വ്യാപിച്ചതോടെ പല ഇസ്രയേൽ നഗരങ്ങളിലും ആഭ്യന്തരയുദ്ധത്തിന് സമാനമാണ് സ്ഥിതി. അറബ് യഹൂദ വംശജർ ഇടകലർന്ന് കഴിയുന്ന ലോദ് പോലുള്ള നഗരങ്ങളിൽ ജനം പരസ്പരം ഏറ്റുമുട്ടുകയാണ്.
സിനഗോഗുകൾക്കും പൊലീസ് സ്റ്റേഷനുകൾക്കും തീയിട്ടു. ഇത്തരം പ്രവണതകൾ വച്ചുപൊറുപ്പിക്കാനാവില്ലെന്ന് പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. നെതന്യാഹുവമായി ഫോണിൽ സംസാരിച്ച യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ആയിരക്കണക്കിന് റോക്കറ്റുകൾ പറന്നെത്തുമ്പോൾ സ്വയം പ്രതിരോധത്തിന് ഇസ്രയേലിന് അവകാശമുണ്ടെന്ന് പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ