ചാവക്കാട്: മോഷ്ടിച്ച ബൈക്കിൽ കാമുകിക്കൊപ്പം അടിച്ചു പൊളിക്കുകയായിരുന്നു സൗരവ്. പണം തീർന്നപ്പോൾ മുമ്പിലുണ്ടായത് മോഷണം മാത്രം. അതിനിടെ പിടിയിലുമായി. ചാവക്കാട് പഞ്ചാരമുക്ക് സെന്ററിലെ ചക്കംകണ്ടം അറയ്ക്കൽ കുറുപ്പത്ത് ഹംസയുടെ ഉടമസ്ഥതയിലുള്ള ഫസ സാനിറ്ററി ഹാർഡ്വേർ സ്ഥാപനത്തിലാണ് നാടകീയമായ കവർച്ചശ്രമം സൗരവും കാമുകിയും നടത്തിയത്. പക്ഷേ ചീറ്റിപോയി. ഇതോടെ കാമുകീകാമുകന്മാർ മോഷണക്കേസിൽ അകത്താവുകയും ചെയ്തു.

കടയുടമയുടെ കണ്ണിൽ മുളകുപൊടിയെറിഞ്ഞ് കവർച്ചയ്ക്ക് ശ്രമിച്ച കമിതാക്കളെ കടയുടമയും നാട്ടുകാരും ചേർന്ന് പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. കൊച്ചി കലൂർ ആസാദ് റോഡിൽ വട്ടപ്പറമ്പിൽ സൗരവ് (18), ചേരാനെല്ലൂർ ഇടയകുന്നം നികത്തിൽ ശ്രീക്കുട്ടി (18) എന്നിവരെയാണ് ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. അന്വേഷണത്തിൽ ഇവർ മുമ്പും ഒളിച്ചോടിയ കമിതാക്കളാണെന്ന് മനസ്സിലായി. അന്ന് പ്രായപൂർത്തിയായിരുന്നില്ല. അതുകൊണ്ട് തന്നെ കോടതി വീട്ടുകാർക്കൊപ്പം വിട്ടു. പക്ഷേ പതിനെട്ട് തികഞ്ഞതും വീണ്ടും ഒളിച്ചോടി. ഇതാണ് ചാവക്കാട് അവസാനിച്ചത്.

ഞാറാഴ്ച രാവിലെ 10.45-ന് സൗരവും ശ്രീക്കുട്ടിയും എത്തുമ്പോൾ സാധനങ്ങൾ വാങ്ങാൻ ആളുകൾ കടയിലുണ്ടായിരുന്നു. അവർ പോകുന്നതുവരെ ഇരുവരും വിലയും മറ്റും ചോദിച്ച് ചുറ്റിപ്പറ്റിനിന്നു. മറ്റുള്ളവർ പോയതോടെ സൗരവ് എക്സ്റ്റൻഷൻ കോഡ് ആവശ്യപ്പെട്ടു. 500 രൂപയുടേത് മതിയെന്ന് പറഞ്ഞ ഇയാൾ, തന്റെ പക്കൽ 2000 രൂപയുടെ നോട്ടാണ് ഉള്ളതെന്നും ചില്ലറ വേണമെന്നും ആവശ്യപ്പെട്ടു. ആദ്യം നോട്ട് കാണിക്കൂ, അതിനുശേഷം ചില്ലറ തരാമെന്ന് ഹംസ പറഞ്ഞു. നോട്ടെടുത്ത് വരാം എന്നു പറഞ്ഞ് കടയ്ക്കു പുറത്തു നിർത്തിയിരുന്ന ബൈക്കിനടുത്തേക്ക് ഇരുവരും പോയി. ഇതിനിടെയാണ് തന്ത്രപരമായ മോഷണ ഇടപെടൽ നടന്നത്.

ബൈക്ക് സ്റ്റാർട്ട് ചെയ്ത് നിർത്തി തിരിച്ചുവന്ന സൗരവ് കൈവശമുണ്ടായിരുന്ന മുളകുപൊടി ഹംസയുടെ കണ്ണിലേക്ക് വിതറുകയായിരുന്നു. ഈ തക്കത്തിന് ഹംസയുടെ പോക്കറ്റിൽനിന്നും കാഷ് കൗണ്ടറിൽനിന്നും പണമെടുക്കാൻ ഇരുവരും ശ്രമം നടത്തി. എന്നാൽ, ഹംസ ഒച്ചവെയ്ക്കുകയും സൗരവിന്റെ കഴുത്തിൽ മുറുകെ പിടിക്കുകയും ചെയ്തപ്പോൾ രക്ഷപ്പെടാനായി ശ്രമം. കുതറിയോടാൻ ശ്രമിക്കുന്നതിനിടെ സൗരവിന്റെ ദേഹത്തിടിച്ച് നിലത്തുവീണ ശ്രീക്കുട്ടിയുടെ മുടിക്കെട്ടിൽ ഹംസ പിടിച്ചു. പിടിവലിക്കിടെ ഇരുവരുമായി ഹംസ കടയ്ക്ക് പുറത്തേക്കു വന്നു. ഹംസയുടെ ഒച്ചയും ബഹളവും കേട്ട് റോഡിലൂടെ വാഹനത്തിൽ പോയവരും നാട്ടുകാരും കടയിലെത്തിയതോടെ കമിതാക്കൾ പിടിക്കപ്പെട്ടു.

സൗരവും ശ്രീക്കുട്ടിയും മൂന്നുമാസംമുമ്പ് വീട്ടിൽനിന്ന് ഒളിച്ചോടിയിരുന്നു. വീട്ടുകാരുടെ പരാതിയെത്തുടർന്ന് പൊലീസ് കണ്ടെത്തി കോടതിയിൽ ഹാജരാക്കി. പ്രായപൂർത്തിയാകാത്തതിനാൽ കോടതി ഇവരെ വീട്ടുകാരോടൊപ്പം അയച്ചു. എന്നാൽ, ഒരുമാസംമുമ്പ് ഇവർ വീണ്ടും ഒളിച്ചോടി. ഏതാനും ആഴ്ചകളായി ഗുരുവായൂരിലെ ലോഡ്ജിൽ ഒന്നിച്ചാണ് താമസം. കൈയിലുണ്ടായിരുന്ന പണം തീർന്നതോടെയാണ് ഇവർ മോഷണത്തിന് ഇറങ്ങിയത്. ഇവർ സഞ്ചരിച്ചത് മോഷ്ടിച്ച ബൈക്കിലാണെന്നും വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ സൗരവിനെ ചാവക്കാട് സബ്ജയിലിലേക്കും ശ്രീക്കുട്ടിയെ തൃശ്ശൂർ വനിതാ ജയിലിലേക്കും മാറ്റി.

ഒരാഴ്ച മുമ്പ് മതിലകത്തുനിന്ന് തട്ടിയെടുത്ത ബൈക്കിലാണ് ഇരുവരും തട്ടിപ്പിനെത്തിയതെന്ന് പൊലീസ് പറഞ്ഞു. ചോദ്യംചെയ്തപ്പോൾ ബൈക്ക് തട്ടിയെടുത്തതാണെന്ന് ഇവർ സമ്മതിച്ചു. യൂസ്ഡ് ബൈക്ക് വിൽക്കാനുണ്ടെന്ന പരസ്യം കണ്ട് മതിലകത്തെ ബൈക്കുകടയിലെത്തിയ സൗരവ് ബൈക്ക് ഓടിച്ചുനോക്കി. അൽപ്പദൂരം ബൈക്ക് ഓടിച്ച സൗരവ് ഉടനെ ബൈക്കുമായി കടയിൽ തിരിച്ചെത്തി കടക്കാരന്റെ വിശ്വാസം നേടി. എന്നാൽ, ഒരുതവണകൂടി ബൈക്ക് ഓടിച്ചുനോക്കണമെന്നു പറഞ്ഞ സൗരവ് ബൈക്കുമായി കടന്നുകളയുകയായിരുന്നു. പിന്നീട്, എറണാകുളത്തെത്തി ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ മാറ്റി.

വണ്ടി പെട്ടെന്ന് തിരിച്ചറിയാനാവാത്തവിധം മാറ്റംവരുത്തുകയും ചെയ്തു. പൊലീസ് പിടിയിലായപ്പോൾ തങ്ങൾ ഭാര്യാഭർത്താക്കന്മാരാണെന്നാണ് ഇവർ അവകാശപ്പെട്ടത്. മാസങ്ങൾക്കുമുമ്പ് ഒളിച്ചോടിയപ്പോൾ തങ്ങൾ വിവാഹിതരായെന്നാണ് ഇവർ പറയുന്നത്. എന്നാൽ, ഇതിന് രേഖകൾ ഒന്നും ഉണ്ടായിരുന്നില്ല.