ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ നിത്യേനയെന്നോണമുള്ള വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ചും ബിജെപി സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നെന്നും ആരോപിച്ച് വനിതാ എം പി പാർട്ടി വിട്ടു. ഉത്തർപ്രദേശിലെ ബറൈച്ചിൽനിന്നുള്ള ബിജെപി എം പി സാവിത്രിബായ് ഫൂലെയാണ് പാർട്ടി വിട്ടത്. ബിജെപി സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇവർ പാർട്ടി വിട്ടത്. ദളിതർക്കും അവരുടെ അവകാശങ്ങൾക്കുമെതിരെയാണ് ബിജെപിയെന്ന് വ്യക്തമാക്കിയ സാവിത്രി ജനുവരി 23 ന് ലക്നൗവിൽ മഹാറാലി സംഘടിപ്പിക്കുമെന്നും അറിയിച്ചു.

 യുപി മുഖ്യമന്ത്രി യോഗിആദിത്യനാഥിന്റെ നിത്യേനയെന്നോണമുള്ള വിവാദ പരാമർശങ്ങളിൽ പ്രതിഷേധിച്ചും ബിജെപി സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നെന്നും ആരോപിച്ച് വനിതാ എം പി പാർട്ടി വിട്ടു. ഉത്തർപ്രദേശിലെ ബറൈച്ചിൽനിന്നുള്ള ബിജെപി എം പി സാവിത്രിബായ് ഫൂലെയാണ് പാർട്ടി വിട്ടത്. ബിജെപി സമൂഹത്തിൽ ഭിന്നതയുണ്ടാക്കുന്നുവെന്ന് ആരോപിച്ചാണ് ഇവർ പാർട്ടി വിട്ടത്. ദളിതർക്കും അവരുടെ അവകാശങ്ങൾക്കുമെതിരെയാണ് ബിജെപിയെന്ന് വ്യക്തമാക്കിയ സാവിത്രി ജനുവരി 23 ന് ലക്നൗവിൽ മഹാറാലി സംഘടിപ്പിക്കുമെന്നും അറിയിച്ചു.

ഹനുമാൻ ദളിതനായിരുന്നുവെന്ന യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പ്രസ്താവനയോട് പ്രതികരിച്ച് സാവിത്രി കഴിഞ്ഞ ദിവസം രംഗത്തെത്തിയതാണ് പ്രശ്നം വഷളാക്കിയത്. 'ഭഗവാൻ ഹനുമാൻ ദളിതനായിരുന്നു. എന്നാൽ അദ്ദേഹം ഭൂപ്രഭുക്കളുടെ(മനുവാദികളുടെ) അടിമയായിരുന്നു. അദ്ദേഹം ദളിതനും മനുഷ്യനുമായിരുന്നു. രാമന് വേണ്ടി അദ്ദേഹം എല്ലാം ചെയ്തുകൊടുത്തു. എന്നിട്ട് എന്തിനാണ് അദ്ദേഹത്തിന് വാലും കരിപുരണ്ട മുഖവും നൽകിയത് ? എന്തിനാണ് അദ്ദേഹത്തെ കുരങ്ങനാക്കിയത് ?' -സാവിത്രി ചോദിച്ചിരുന്നു.

തർക്കഭൂമിയായ അയോധ്യയിൽ രാമക്ഷേത്രം നിർമ്മിക്കാനും രാമന്റെ പ്രതിമ സ്ഥാപിക്കാനും ഉത്തർപ്രദേശിൽ ബിജെപി സർക്കാർ നീക്കങ്ങൾ തുടരുന്നതിനിടെ വിമതസ്വരവുമായി രംഗത്തെത്തിയിരുന്നു സാവിത്രി. തെരഞ്ഞെടുപ്പ് കാലത്ത് മറ്റ് വിഷയങ്ങൾ ഇല്ലാത്തതിനാലാണ് ബിജെപി ഈ വിഷയം ഉയർത്തിക്കൊണ്ടുവരുന്നതെന്ന് ഫൂലെ പറഞ്ഞു. രാജ്യത്തിന് ഒരു ക്ഷേത്രത്തിന്റെ അത്യവശ്യമില്ല. രാമ ക്ഷേത്രം ദളിതരുടെ തൊഴിലില്ലായ്മയും മറ്റ് പ്രശ്നങ്ങളും പരിഹരിക്കുമോ എന്നും അവർ ചോദിച്ചു.

തർക്കഭൂമിയായ അയോധ്യയിൽ ഹൈക്കോടതി വിധിപ്രകാരം നടത്തിയ ഖനനത്തിൽ കണ്ടെടുത്തത് ബുദ്ധദേവനുമായി ബന്ധപ്പെട്ട സാധനങ്ങളാണ്. ഭാരതം ബുദ്ധന്റെതായിരുന്നു. അതുകൊണ്ടുതന്നെ ബുദ്ധന്റെ പ്രതിമയാണ് അയോധ്യയിൽ സ്ഥാപിക്കേണ്ടത്.'- സാവിത്രി പറഞ്ഞിരുന്നു. മുമ്പും പാർട്ടി നേതൃത്വത്തിനെതിരെ വിമതശബ്ദവുമായി പരസ്യമായി രംഗത്തെത്തിയ ആളാണ് സാവിത്രിബായ് ഫൂലെ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും ദളിത് വിരുദ്ധരാണെന്നായിരുന്നു ഇവരുടെ വിവാദ പരാമർശം. ബിജെപി എംപിയാകും മുമ്പ് തന്നെ ദളിത് ആക്റ്റിവിസ്റ്റും സ്ത്രീവിമോചകയുമായിരുന്നു സാവിത്രി.

ഇന്ത്യ ഒരു മതേതര രാജ്യമാണെന്നും ഭരണഘടന അനുശാസിക്കുന്നത് പ്രകാരം എല്ലാ മതങ്ങൾക്കും തുല്യ അവകാശമാണുള്ളതെന്നും ഭരണഘടന അനുസരിച്ച് മാത്രമേ ജീവിക്കാവൂയെന്നും ഇവർ പ്രതികരിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുസ്ലിം വിരുദ്ധ പ്രസ്താവനയിൽ പ്രതിഷേധിച്ച് മധ്യപേദേശിലെ മുതിർന്ന നേതാക്കൾ ബിജെപി വിട്ടിരുന്നു. യോഗി നിരന്തരം ന്യൂനപക്ഷങ്ങളെ വേട്ടയാടുന്നതിൽ പ്രതിഷേധിച്ചാണ് ഇങ്ങിനെ ഒരു നടപടി. ബിജെപിയുടെ റാവു നഗർ വൈസ് പ്രസിഡന്റ് സോനു അൻസാരി, മഹാറാണ പ്രതാപ് മണ്ഡൽ വൈസ് പ്രസിഡന്റ് ഡാനിഷ് അൻസാരി, മണ്ഡൽ വൈസ് പ്രസിഡന്റ് അമൻ മേമൻ, ഇൻഡോറിലെ മൈനോറിറ്റി സെൽ അംഗങ്ങളായ അനിസ് ഖാൻ, റിയാസ് അൻസാരി തുടങ്ങിയവരാണ് പാർട്ടിയിൽ നിന്ന് പുറത്തുപോയത്.

ഉത്തർപ്രദേശിലെ ബുലന്ദ്ഷഹഹറിൽ ഈയിടെ ഉണ്ടായ ഗോവധ കലാപത്തിലും യോഗിയുടെ പ്രതികരണം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഒരു പൊലീസ് ഓഫീസർ വെടിയേറ്റ് മരിച്ചതിനെ കുറിച്ച് ഒരക്ഷരംപോലും പറയാതെ പശുവിനെ അറുത്തവരെ ഉടൻ അറസ്റ്റു ചെയ്യണമെന്നായിരുന്നു യോഗിയുടെ നിർദ്ദേശം. അനധികൃത അറവുശാലകൾക്കെതിരെ ശക്തമായ നടപടി വേണമെന്നും യോഗി നിർദ്ദേശിച്ചു. ഇതും വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.