തിരുവനന്തപുരം: കേരള സർവകലാശാലയിൽ അക്കാദമിക കാര്യങ്ങളുടെ പരമാധികാരബോഡി അക്കാഡമിക് കൗൺസിൽ ആയിരിക്കെ അക്കാദമിക് കൗൺസിൽ എടുക്കുന്ന പല തീരുമാനങ്ങളും സിൻഡിക്കേറ്റ് സ്വന്തം താല്പര്യങ്ങൾക്ക് വേണ്ടി മാറ്റുന്നതായി പരാതി. സർവകലാശാലയിലെ 44 പഠന വകുപ്പുകളിലേക്ക് പി.ജി. പ്രവേശനത്തിന് എൻട്രൻസ് വേണ്ട എന്ന അക്കാദമിക് കൗൺസിൽ തീരുമാനം സിൻഡിക്കേറ്റ് തിരുത്തിയത് ചട്ടലംഘനമാണ്. ഒരു അക്കാഡമിക് കൗൺസിൽ എടുത്ത തീരുമാനം മാറ്റാൻ അടുത്ത അക്കാഡമിക് കോൺസിലിന് മാത്രമേ അവകാശമുള്ളൂ. എന്നാൽ ഇടതുമുൻതൂക്ക സിൻഡിക്കേറ്റ് അത്തരം ചട്ടങ്ങളെ പലപ്പോഴും അവഗണിക്കുകയാണ് ചെയ്യുന്നത്. സിൻഡിക്കേറ്റ് അംഗങ്ങൾ ഉൾപ്പെടുന്ന അക്കാഡമിക് കൗൺസിലിൽ ഇടതിന് മുൻതൂക്കം ഇല്ല എന്നതാണ് പ്രധാന കാരണം. കോവിഡ് രോഗത്തിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ വർഷം പി.ജി. പ്രവേശനത്തിന് എൻട്രൻസ് വേണ്ട എന്നാണ് ഇക്കഴിഞ്ഞ ഓഗസ്റ്റ് 27 ന് ചേർന്ന അക്കാദമിക് കൗൺസിൽ തീരുമാനിച്ചത്. പകരം ഡിഗ്രിയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പി.ജി. പ്രവേശനം നടത്തിയാൽ മതിയെന്നും തീരുമാനിച്ചു. എന്നാൽ അതിന് വിരുദ്ധമായി ഇന്നലെ ചേർന്ന (സെപ്റ്റംബർ 16 ന്) ചേർന്ന അടിയന്തിര സിൻഡിക്കേറ്റ് യോഗത്തിൽ എൻട്രൻസ് നടത്താൻ തീരുമാനിച്ചത്. അപ്രകാരം ഡിഗ്രിയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പി.ജി. പ്രവേശനം നടത്താൻ സി.എസ്.എസ്. നടപടികൾ ആരംഭിപ്പുക്കയും ചെയ്തിരുന്നു. എന്നാൽ ഡിഗ്രിയുടെ മാർക്കിന്റെ അടിസ്ഥാനത്തിൽ പി.ജി. പ്രവേശനം നടത്തിയാൽ എസ്. എഫ്. ഐ നേതാക്കൾ അഡ്‌മിഷൻ ലഭിക്കാതെ പുറത്താകും എന്നതുകൊണ്ടാണ് വീണ്ടും എൻട്രൻസ് നടത്തി അഡ്‌മിഷൻ നടത്താൻ തീരുമാനിച്ചത് എന്നാണ് ആക്ഷേപം.