കൊച്ചി: ഹർത്താലിനോട് നോ പറയാൻ വ്യവസായ, വാണിജ്യ, സന്നദ്ധ സംഘടനകൾ. ഹർത്താൽ നടത്തുന്ന രാഷ്ട്രീയ പാർട്ടികൾക്കു സംഭാവനയും വോട്ടും നൽകില്ലെന്നു വിവിധ വ്യവസായ, വാണിജ്യ, സന്നദ്ധ സംഘടനകളുടെ കൂട്ടായ്മയായ ജോയിന്റ് ആക്ഷൻ കൗൺസിൽ എഗെൻസ്റ്റ് ഹർത്താൽ പ്രഖ്യാപിച്ചു. മാധ്യമങ്ങൾ ഹർത്താലിനും അനുബന്ധ വാർത്തകളും അമിത ഗൗരവവും പ്രാധാന്യവും നൽകരുത്. ഹർത്താൽ ദിനത്തിൽ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിച്ചതിനെക്കുറിച്ചാണു വാർത്ത നൽകേണ്ടതെന്ന നിർദ്ദേശമാണ് ഇവർ മുന്നോട്ട് വച്ചത്.

ഹർത്താൽ ദിനത്തിൽ സ്ഥാപനങ്ങൾ പതിവുപോലെ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഫിക്കി, സിഐഐ, ടൈ കേരള, ബെറ്റർ കൊച്ചി റെസ്‌പോൺസ് ഗ്രൂപ്പ് തുടങ്ങിയവ ഉൾപ്പെടെ 42 സംഘടനകൾ പങ്കെടുത്ത യോഗത്തിലാണു തീരുമാനം. കേരളത്തിലെ പ്രമുഖ സംഘടനകളാണ് ഈ തീരുമാനത്തിന് പിന്നിൽ. യോഗത്തിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് എസ്.ഗോപകുമാർ, ജോസ് ഡൊമിനിക്, ഷീല കൊച്ചൗസേപ്പ്, ജോർജ് മുത്തൂറ്റ്, ശിവദാസ് മേനോൻ, എം.എസ്.എ.കുമാർ, ബാലചന്ദ്രൻ, രാജു പി.നായർ, ഷെറിൻ ചാക്കോ തുടങ്ങിയവർ പ്രസംഗിച്ചു. കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിയും മറ്റും നേരത്തെ തന്നെ ഹർത്താൽ വിരുദ്ധ വികാരം ആളികത്തിച്ചിരുന്നു.

ജനുവരി 8, 9 തീയതികളിലെ പൊതുപണിമുടക്ക് ഹർത്താലായി മാറാൻ അനുവദിക്കരുതെന്നും ഈ കൂട്ടായ്മ ആവശ്യപ്പെടുന്നു. ശക്തമായി ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കണം. ഹർത്താലിനോടുള്ള ജനങ്ങളുടെ മനോഭാവത്തിൽ മാറ്റം വന്നിട്ടുണ്ട്. ആരും ഹർത്താലിനെ സ്വാഗതം ചെയ്യുന്നില്ല. ങർത്താലിനെതിരെ നിലപാടെടുക്കാൻ പ്രധാന രാഷ്ട്രീയ കക്ഷികളുടെ യോഗം വിളിക്കാൻ ഗവർണറോട് അഭ്യർത്ഥിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. ഇതിൽ ജനുവരി 8നും 9നും ഇടതുപക്ഷമാണ് പൊതു പണിമുടക്കിന്റെ കേരളത്തിലെ പ്രധാന സംഘാടകർ. അതുകൊണ്ട് തന്നെ സംഘടനയുടെ ആവശ്യങ്ങളോട് എങ്ങനെ സർക്കാർ പ്രതികരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം.

35,000 കോടി രൂപയുടെ വാർഷിക വരുമാനം കേരളത്തിനു നേടിത്തരുന്ന ടൂറിസം മേഖല പ്രളയാനന്തരം തിരിച്ചടി നേരിടുന്ന ഘട്ടത്തിൽ നിത്യേനയുള്ള ഹർത്താലുകൾ താങ്ങാനാകില്ലെന്നാണ് ഇവരുടെ നിലപാട്. കേരളത്തിന്റെ പുനർനിർമ്മാണം നടക്കുന്ന വേളയിൽ ഹർത്താലുകൾക്കു മൊറട്ടോറിയം ഏർപ്പെടുത്താൻ സർക്കാർ തയാറാകണം. സംസ്ഥാനത്തെ ബിസിനസ് സൗഹൃദമാക്കുമെന്നു പറയുന്ന സംസ്ഥാന സർക്കാർ 2019നെ ഹർത്താൽരഹിത വർഷമായി പ്രഖ്യാപിക്കണം. ഹർത്താൽ നടത്താൻ സംഘടനകൾക്ക് അവകാശമുണ്ടെങ്കിലും അതു മറ്റുള്ളവരുടെ തൊഴിലിനും ജീവിതത്തിനും തടസമാകാൻ അനുവദിക്കരുത്. അതിനെതിരെ നിയമനിർമ്മാണം നടത്തണമെന്നും ആവശ്യമുണ്ട്.

സംസ്ഥാനത്ത് 2017-ൽ 121 ഹർത്താലുകളും 2018-ൽ ഇതുവരെ 97 ഹർത്താലുകളും നേരിടേണ്ടിവന്നു. ശരാശരി 100 ഹർത്താലുകൾ ഒരു വർഷം ഉണ്ടാകുമ്പോൾ വ്യാപാര-വ്യവസായ-ടൂറിസം മേഖലകളിലായി കോടിക്കണക്കിന് രൂപയുടെ നഷ്ടം സംഭവിക്കുന്നു. ഇനി അത് കഴിയില്ലെന്നാണ് വ്യാപാര സമൂഹത്തിന്റെ നിലപാട്. അതുകൊണ്ട് തന്നെ ഇനി ഹർത്താലുകളോട് സഹകരിക്കില്ലെന്നാണ് ഇവർ പറയുന്നത്. ഇതോടെ ജനുവരി എട്ട്, ഒൻപത് തീയതികളിലെ ദേശീയ പണിമുടക്ക് അതിനിർണ്ണായകമാകും. ഇടത് സംഘടനകളുടെ പിന്തുണയുള്ള പണിമുടക്ക് രണ്ട് ദിവസം കേരളത്തെ നിശ്ചലമാക്കുന്നതാണ് മുൻ രീതി. ഇതിന് മാറ്റം വരുത്താൻ വ്യാപാരി വ്യവസായികളുടെ കരുത്തിന് കഴിയുമോ എന്നതാണ് ഉയരുന്ന ചോദ്യം.

തുടർച്ചയായ ഹർത്താലുകൾ ജന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. പ്രതിഷേധം അതിശക്തമാണ്. സോഷ്യൽ മീഡിയയിലും മറ്റും വലിയ രീതിയിലുള്ള പ്രചരങ്ങൾ സജീവമാണ്. ഈ സാഹചര്യത്തിൽ പൊതു സമൂഹവും ഹർത്താൽ വിരുദ്ധ വികാരത്തിനൊപ്പമാണ്. അതിനാൽ സേ നോ ടു ഹർത്താലും മറ്റും വലിയ വിജയമാക്കാൻ രംഗത്തിറങ്ങുമ്പോൾ പൊതുജനങ്ങളും ഈ വികാരത്തിനൊപ്പം നിൽക്കും. രാഷ്ട്രീയ പാർട്ടികൾ ഈ കൂട്ടായ്മയെ എങ്ങനെ നേരിടുമെന്നതാണ് ഉയരുന്ന ചോദ്യം. വ്യാപാരി സമൂഹത്തിന്റെ നീക്കങ്ങൾ ഫലം കണ്ടാൽ ഹർത്താലുകൾ നിശ്ചലമാക്കാത്ത ദൈവത്തിന്റെ സ്വന്തം നാടായി കേരളം മാറും.

2019 നെ ഹർത്താൽ വിരുദ്ധ വർഷമാക്കുമെന്നു കോഴിക്കോട്ട് 36 വ്യാപാരി, വ്യവസായി സംഘടനകളുടെ പ്രഖ്യാപനം. ജനുവരി 8, 9 തീയതികളിലെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് ഹർത്താലായി മാറിയാൽ സഹകരിക്കില്ലെന്ന് കേരള ട്രാവൽ മാർട്ട് സൊസൈറ്റിയുടെ (കെടിഎം) നേതൃത്വത്തിൽ 28 ടൂറിസം സംഘടനകളുടെ പ്രതിനിധികൾ പങ്കെടുത്ത കേരള വിനോദസഞ്ചാര കർമസേനാ യോഗം കൊച്ചിയിൽ വ്യക്തമാക്കി. അതിനിടെ ഹർത്താൽ എന്ന സാമൂഹിക വിപത്തിനെതിരെ പുതിയ പ്രതിഷേധ മാർഗ്ഗം മുന്നോട്ട് വയ്ക്കുകയാണ് സെ നോ ടു ഹർത്താൽ എന്ന സംഘടന. നേതാക്കളുടെ തലച്ചോറിന് വെളിച്ചമുണ്ടാക്കാൻ ഡിസംബർ 24ന് പകൽ സമയത്തിലും ഹെഡ് ലൈറ്റിട്ട് വാഹനങ്ങൾ ഓടിക്കാനാണ് ആഹ്വാനം. ഇതിലൂടെ ഹർത്താൽ വിരുദ്ധ വികാരം സജീവമാക്കാനാണ് നീക്കം.