- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ദേ പോയി. . .ദാ വന്നു: ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി വീണ്ടും ബിജെപിയിൽ; രണ്ടുവർഷം മുമ്പ് പാർട്ടിയിൽ എത്തിയിട്ട് പിണങ്ങിപ്പോയത് പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലി; രണ്ടാം വരവിലും തങ്ങളെ ഷാളണിയിച്ച് വരവേറ്റ് കെ സുരേന്ദ്രൻ
കോഴിക്കോട്: ബിജെപി നേതാവുകൂടിയായ നടൻ സുരേഷ് ഗോപി പറഞ്ഞതുപോലെയാണ് സെയ്ദ് താഹ ബാഫഖിയുടെ കാര്യം. . . ദേ പോയി. . ദാ വന്നു. . .എന്നു പറയും പോലെ ബിജെപിയിൽ വന്ന് അഞ്ച് മാസം കഴിഞ്ഞപ്പോൾ രാജിവെച്ചു. വീണ്ടുമിതാ ബാഫഖി ബിജെപിയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുന്നു. 2019 ആഗസ്റ്റിലായിരുന്നു മുസ്ലിംലീഗ് സ്ഥാപക നേതാക്കളിൽ ഒരാളായ ബാഫഖി തങ്ങളുടെ കൊച്ചുമകൻ സെയ്ദ് താഹ ബാഫഖി തങ്ങൾ ബിജെപിയിലെത്തിയത്. ഈ വാർത്ത മാധ്യമങ്ങൾ ഏറെ ആഘോഷിക്കുകയും ചെയ്തു. ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയിലേക്ക് ആകർഷിക്കുകയെന്ന ദേശീയ നേതൃത്വത്തിന്റെ നിർദ്ദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് വിവിധ മേഖലകളിൽ ശ്രദ്ധേയാര 23 പേർക്ക് ബിജെപി അന്ന് കോഴിക്കോട്ട് സ്വീകരണമൊരുക്കിയത്. മുസ്ലിം ലീഗ് സ്ഥാപന നേതാക്കളിലൊരാളായ സെയ്ദ് ബാഫഖി തങ്ങളുടെ മകന്റെ മകനും ബാഫഖിതങ്ങൾ ട്രസ്റ്റ് ചെയർമാനുമായിരുന്ന സെയ്ദ് താഹ ബാഫഖി തങ്ങൾക്ക് ഗംഭീര സ്വീകരണം തന്നെയായിരുന്നു ബിജെപി അന്ന് ഒരുക്കിയത്.
താൻ മുസൽമാനാണെന്ന് കരുതി എന്തുകൊണ്ട് തനിക്ക് ബിജെപിയിൽ പോയിക്കൂടാ എന്നായിരുന്നു അന്ന് ബാഫഖിയുടെ പ്രതികരണം. ബിജെപി ഒരിക്കലും പള്ളിയിൽ പോവേണ്ടെന്ന് പറയുന്നില്ല. ന്യൂനപക്ഷങ്ങൾക്ക് എന്തെല്ലാം ബിജെപിയിലൂടെ ചെയ്യാൻ കഴിയും എന്ന് പരിശോധിക്കും. അതെല്ലാം ചെയ്തുകൊടുക്കുമെന്നും അദ്ദേഹമന്ന് പ്രതികരിച്ചിരുന്നു. പാർട്ടിയിലെത്തിയ ബാഫഖി ന്യൂനപക്ഷ മോർച്ച സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗവുമായി. എന്നാൽ അഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും കാര്യങ്ങൾ മാറി മറഞ്ഞു. പൗരത്വ നിയമഭേദഗതി വന്നതോടെ ബാഫഖിക്ക് ബിജെപിയുടെ ഫാസിസ്റ്റ് സ്വഭാവം മനസ്സിലായി. അതോടെ ബാഫഖി പാർട്ടിയിൽ നിന്ന് രാജിവെക്കുകയും ചെയ്തു. താനൊരു പൂർണ്ണ ഇസ്ലാം മത വിശ്വാസിയാണ്. മുസ്ലിം സമുദായം ഇന്ന് ഏറെ പരിഭ്രാന്തിയിലാണ്. എന്നിട്ടും കേന്ദ്ര സർക്കാർ ഒരു സർവ്വ കക്ഷി യോഗം പോലും വിളിക്കുന്നില്ല. ഈ പരിഭ്രാന്തിക്ക് മറുപടി നൽകുന്നില്ല. അതുകൊണ്ട് തന്റെ സമുദായത്തെ ദുഃഖത്തിലാക്കി ഈ പാർട്ടിയിൽ നിൽക്കാൻ താത്പര്യമില്ലെന്നും പറഞ്ഞാണ് ബാഫഖി ബിജെപി വിട്ടത്.
കേന്ദ്ര സർക്കാർ നടപടിയെടുക്കുമോ സർവ്വകക്ഷി യോഗം വിളിക്കുമോ എന്നെല്ലാം കാത്തിരുന്നു. എന്നാൽ ഒരു നടപടിയുമുണ്ടായില്ല. നമ്മുടെ രാജ്യത്ത് പല അക്രമങ്ങളും പൗരത്വ നിയമത്തിന്റെ പേരിൽ നടക്കുകയാണ്. രാജ്യസഭയിലും ലോക്സഭയിലും ബില്ല് പാസായി എന്നു കരുതി, ജനങ്ങളുടെ വികാരം കണക്കിലെടുക്കാതിരിക്കുന്നത് എന്ത് നീതിയാണ്. അതും ഒരു പ്രത്യേക മതവിഭാഗത്തിന്റെ വികാരം തീരെ കണക്കിലെടുക്കുന്നില്ല. അതുകൊണ്ട് ബിജെപിയിൽ നിന്ന് രാജിവെക്കുകയാണ് എന്നും പറഞ്ഞാണ് താഹ ബാഫഖി ബിജെപിയോട് വിടപറഞ്ഞത്.
പൗരത്വ വിഷയത്തിൽ ബിജെപിക്ക് മനംമാറ്റം ഒന്നും ഉണ്ടായില്ല. തങ്ങളുടെ ആശങ്കകൾ മാറിയെന്ന് മുസ്ലിം സംഘടനകളും വ്യക്തമാക്കുന്നില്ല. പക്ഷെ താഹ ബാഫഖിയുടെ ആശങ്കകൾ കഴിഞ്ഞു. പൗരത്വ വിഷയത്തിൽ താൻ തെറ്റിദ്ധരിപ്പിക്കപ്പെട്ടതായിരുന്നെന്നും പറഞ്ഞാണ് സെയ്ദ് താഹയുടെ ബിജെപിയിലേക്കുള്ള മടങ്ങിവരവ്. രാഷ്ട്രീയ പാർട്ടികളുടെ വ്യാജ പ്രചരണങ്ങൾ വിശ്വസിച്ചുപോയതാണ് തനിക്ക് പറ്റിയ തെറ്റെന്നും താഹ വ്യക്തമാക്കുന്നു. താഹയ്ക്ക് പുറമെ വിവിധ പാർട്ടികളിൽ നിന്നടക്കം ബിജെപിയിലേക്ക് വന്നവരെ വിജയയാത്ര സ്വീകരണപൊതുയോഗങ്ങളിൽ വെച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ബിൽഡിങ് ഓണർ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗം സണ്ണി കെ സി കുരിയക്കാട്ടിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി അംഗം ഫ്രാൻസിസ് മാത്യു കുന്നുപുറത്ത്, റിട്ട. കേണൽ എം ഗോപി വേങ്ങേരി, റിട്ട. കമാന്റരർ കെ നരേന്ദ്രനാഥ് കരുവിശ്ശേരി, റിട്ട. കേണൽ രമണൻ ചെലവൂർ, റിട്ട. കേണൽ ശ്രീകുമാർ കോട്ടൂളി, റിട്ട. കേണൽ നാരായണൻ കടലുണ്ടി, ജനാധിപത്യ രാഷ്ട്രീയ പാർട്ടി മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സതീഷ് പാറന്നൂർ, കോർപ്പറേറ്റീവ് ഡിപ്പാർട്ട്‌മെന്റ് റിട്ട. ജോയിന്റ് ഡയരക്ടർ എം കെ കൃഷ്ണദാസ് എന്നിവരാണ് കോഴിക്കോട്ട് നടന്ന പരിപാടികളിൽ വെച്ച് ബിജെപിയിൽ ചേർന്നത്.
കെ വി നിരഞ്ജന് മറുനാടന് മലയാളി ന്യൂസ് കോണ്ട്രിബ്യൂട്ടര്.