- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏകീകരണ കുർബാനയിലെ തീരുമാനം ഏകകണ്ഠമായിരുന്നില്ല; വിശ്വാസികളെ തെറ്റിധരിപ്പിച്ചെന്ന ആക്ഷേപം ശക്തമാക്കി ആറു മെത്രാന്മാരുടെ കത്ത്; ഫാസിസമെന്ന് സത്യദീപം; വീണ്ടും സമ്മർദ്ദത്തിന് എറണാകുളം-അങ്കമാലി അതിരൂപത; സീറോ മലബാർ സഭയിൽ പ്രതിഷേധം പുകയുന്നു; ഇന്ന് സിനഡും
ആലപ്പുഴ: സിറോ മലബാർസഭയിൽ കുർബാന ഏകീകരിക്കാനുള്ള സിനഡ് തീരുമാനത്തിലെ ചർച്ച തുടരും. വിവാദമായി മാറിയ ഈ വിഷയത്തിൽ പുനരാലോചനയ്ക്കും വിമത പക്ഷം ശ്രമം തുടങ്ങിയിട്ടുണ്ട. 2021 ഓഗസ്റ്റിലെ സിനഡിന്റെ തീരുമാനം ഏകകണ്ഠമായിരുന്നില്ലെന്ന് ആറു മുൻ ബിഷപ്പുമാർ പറയുന്നു. ഇതുവ്യക്തമാക്കി വത്തിക്കാനും സിനഡിനും അവർ കത്തയച്ചു. സഭയുടെ അടുത്ത സിനഡ് വെള്ളിയാഴ്ച തുടങ്ങാനിരിക്കെയാണു കത്തു പുറത്തുവന്നത്. പ്രശ്‌ന പരിഹാരത്തിന് ഒത്തു തീർപ്പ് ഫോർമുല വരുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.
വിരമിച്ച ബിഷപ്പുമാരായ മാർ ജേക്കബ്ബ് തൂങ്കുഴി, ഗ്രേഷ്യൻ മുണ്ടാടൻ, ഗ്രിഗറി കരോട്ടെംപ്രൽ, വിജയ് ആനന്ദ് നെടുംപുറം, ഡൊമിനിക് കോക്കാട്ട്, തോമസ് ചക്യത്ത് എന്നിവരാണു കത്തയച്ചത്. 50:50 അനുപാതം ആദ്യംതീരുമാനിച്ച 1999-ലെ സിനഡിലും ഈതീരുമാനം നടപ്പാക്കാൻ കഴിഞ്ഞവർഷം തീരുമാനിച്ച സിനഡിലും പങ്കെടുത്തവരാണിവർ. കഴിഞ്ഞവർഷത്തെ സിനഡ് ഓൺലൈനായിരുന്നു. സിറോ മലബാർ മേജർ ആർക്കി എപ്പിസ്‌കോപ്പൽ സഭയുടെ മുപ്പതാമത് മെത്രാൻ സിനഡിന്റെ ഒന്നാം സമ്മേളനം വെള്ളിയാഴ്ച ആരംഭിക്കാൻ ഇരിക്കെയാണ് കത്ത് പുറത്തായത്. ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെയ്ന്റ് തോമസിൽ ആരംഭിക്കുന്ന സിനഡിന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകും. ഇന്ത്യയിലും വിദേശത്തും സേവനം ചെയ്യുന്നവരും അജപാലന ശുശ്രൂഷയിൽനിന്നു വിരമിച്ചവരുമായ 57 വൈദികമേലധ്യക്ഷന്മാർ സിനഡിൽ പങ്കെടുക്കും. 15-ന് സമ്മേളനം അവസാനിക്കും.
തീരുമാനം ഏകകണ്ഠമായിരുന്നെന്നു വരുത്താൻ ശ്രമം നടക്കുന്നുണ്ട്. ഒട്ടേറെ മെത്രാന്മാർ ശക്തമായ വിയോജിപ്പറിയിച്ചിരുന്നു. 12 ബിഷപ്പുമാർ ഓൺലൈൻ സിനഡിന്റെ പരിമിതി കണക്കിലെടുത്ത് സിനഡ് പിതാക്കന്മാർക്കു കത്തയച്ചിരുന്നു. 1999-ലെ തീരുമാനവുമായി മുന്നോട്ടുപോകരുതെന്ന് ഇതിൽ അഭ്യർത്ഥിച്ചു. കത്ത് ഏകപക്ഷീയമായി നിരസിക്കപ്പെട്ടെന്നു മാത്രമല്ല, കത്തയച്ചത് അനുചിതമായെന്ന പരാമർശവുമുണ്ടായി. സിനഡിന്റെ മിനിറ്റ്‌സിൽപ്പോലും കത്തിനെക്കുറിച്ചു പരാമർശമില്ല. ഇതാണ് വിമതർ ചർച്ചയാക്കുന്നത്.
ചില മെത്രാന്മാർക്ക് ഏകീകരണം നടപ്പാക്കാൻ പിടിവാശിയായിരുന്നു. തീയതിമാത്രമേ ഇനി നിശ്ചയിക്കാനുള്ളൂ എന്നരീതിയിലാണു പെരുമാറിയത്. ബിഷപ്പുമാർക്കും വൈദികർക്കും അയച്ച, പോപ്പിന്റെ കത്തിന്റെ തുടക്കത്തിൽത്തന്നെ തെറ്റായ പരാമർശമുണ്ടായിരുന്നു. 1999-ൽ ഏകകണ്ഠമായി തീരുമാനിച്ചതെന്ന പരാമർശം തെറ്റാണ്. ആരാണു മാർപാപ്പയെ തെറ്റിദ്ധരിപ്പിച്ചത് 1989-ൽ വത്തിക്കാനിൽനിന്നുവന്ന ഉത്തരവ് കർദിനാൾ മാർ ആന്റണി പടിയറ അവിടെപ്പോയി സത്യം വിശദീകരിച്ചപ്പോൾ റദ്ദാക്കി. 1999-ലെ സിനഡ് തീരുമാനം 11 രൂപതകളിൽ ആറിലും നടപ്പാക്കാൻ സാധിച്ചിരുന്നില്ല. ഇപ്പോഴുണ്ടായ പ്രശ്‌നങ്ങൾ പരിഹരിക്കാൻ മേജർ ആർച്ച് ബിഷപ്പോ സ്ഥിരം സിനഡ് അംഗങ്ങളോ താത്പര്യമെടുത്തില്ല. മാർ ആന്റണി കരിയിൽ മാർപാപ്പയെ കണ്ടപ്പോൾ അദ്ദേഹം ശ്രദ്ധയോടെ വിഷയംകേട്ടത് മാതൃകയാക്കേണ്ടതാണ്- കത്തിൽ പറയുന്നു.
50:50 രീതിനടപ്പാക്കാൻ പ്രയാസമുള്ള സ്ഥലങ്ങളിൽ അത് ഇഷ്ടാനുസരണമാക്കുക, ഈ ഫോർമുലയെക്കുറിച്ച് ചർച്ചനടത്തുക തുടങ്ങിയ നിർദ്ദേശങ്ങളും കത്തിലുണ്ട്. ഇത് സിനഡിന് മുമ്പിൽ വീണ്ടും ചർച്ചയാക്കും. അതിനിടെ വ്യത്യസ്തതയെ വിരുദ്ധയുക്തിയായി അവതരിപ്പിക്കുന്ന ഫാസിസ്റ്റ് രാഷ്ട്രീയ രീതി സഭയുടേതാകരുതെന്ന് വിമർശിച്ച് എറണാകുളം അങ്കമാലി അതിരൂപതാ മുഖപത്രമായ സത്യദീപത്തിന്റെ മുഖപ്രസംഗവും എത്തി കഴിഞ്ഞു. വെള്ളിയാഴ്ച ആരംഭിക്കുന്ന സിറോ മലബാർ സഭ സിനഡിനെക്കുറിച്ചുള്ള പ്രതീക്ഷയും മുൻപ് നടന്ന സിനഡിന്റെ തീരുമാനങ്ങളുടെ വിമർശനവുമാണ് മുഖപ്രസംഗം.
ഐക്യരൂപ്യം ഐക്യത്തെയല്ല, സമാനതകളില്ലാത്ത അനൈക്യവും വിഭാഗീയതയുമാണ് സഭയിൽ സൃഷ്ടിച്ചതെന്നും മുഖപ്രസംഗം ആരോപിക്കുന്നു. ഓഗസ്റ്റിൽ ചേർന്ന ഓൺലൈൻ സിനഡ് സമ്മേളനം ചർച്ചകളില്ലാതെ തീയതിമാത്രം പരസ്യപ്പടുത്തി നടപ്പാക്കാൻ ശ്രമിച്ച കുർബാനയുടെ 50:50 ഏകീകരണത്തിന്റെ അനന്തരഫലങ്ങൾ നടപ്പു സമ്മേളനം പ്രധാനവിഷയമാക്കണം. കുർബാനയിലെ 'കൂട്ടായ്മയും പങ്കാളിത്തവും പ്രേഷിത ദൗത്യവും' ഉറപ്പാക്കുന്നവിധം വിശ്വാസികൾക്കും വൈദികർക്കുമിടയിൽ ജനഹിതപരിശോധനയ്ക്ക് സഭാ നേതൃത്വം തയ്യാറാകണം. നടക്കാനിരിക്കുന്നത് അടിച്ചൊതുക്കുന്ന വെറും പാർട്ടി സമ്മേളനമല്ല, സിനഡ് തന്നെയെന്ന് ഉറപ്പാക്കണമെന്നും സത്യദീപം ആവശ്യപ്പെട്ടു.
ജനാഭിമുഖ കുർബാന നിർത്തലാക്കി പകുതി ജനാഭിമുഖം പകുതി അൾത്താരാഭിമുഖം എന്ന രീതിയിലെ കുർബാനയർപ്പണമെന്ന സിനഡ് തീരുമാനം പുനഃപരിശോധിക്കണമെന്ന് സിറിയൻ കാത്തലിക് ലിറ്റർജിക്കൽ ഫോറവും ആവശ്യ്‌പ്പെടുന്നു. മെത്രാന്മാർ പിടിവാശി ഉപേക്ഷിച്ച് വൈദികരും വിശ്വാസികളുമായി ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്ന് ഫോറം ആവശ്യപ്പെട്ടു. സിറോ മലബാർ സഭ സിനഡ് പുതിയ കുർബാനക്രമം സംബന്ധമായ തീരുമാനം ഐകകണ്‌ഠ്യേനയല്ലെന്ന് സിനഡിൽ പങ്കെടുത്ത മെത്രാന്മാർ പറഞ്ഞ സാഹചര്യത്തിൽ സിനഡ് മാർപാപ്പയോടും വിശ്വാസികളോടും പരസ്യമായി മാപ്പുപറയണമെന്ന് അൽമായ മുന്നേറ്റവും ആവശ്യപ്പെട്ടു. ആരാധനക്രമം സംബന്ധമായ തീരുമാനമെടുക്കുമ്പോൾ മുഴുവൻ മെത്രാന്മാരുടെയും അംഗീകാരത്തോടെ ആയിരിക്കണമെന്ന നിയമത്തെ മറികടന്ന് സ്വാർഥതാത്പര്യം അടിച്ചേൽപ്പിക്കാനുള്ള നീക്കമാണ് നടന്നതെന്നാണ് ആക്ഷേപം
മറുനാടന് മലയാളി ബ്യൂറോ