കൊച്ചി: ഓൺലൈൻ എസ്.ബി.ഐ. വഴി ഇനി അതിവേഗ പണമിടപാട് നടത്താനാവില്ല. ഇതിനായി ഉപയോഗിക്കുന്ന ക്വിക്ക് ട്രാൻസ്ഫർ സംവിധാനം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓൺലൈൻ ബാങ്കിങ് വെബ്സൈറ്റിൽ നിന്നും എടുത്തു മാറ്റി.

പേരും അക്കൗണ്ട് നമ്പറും ഐ.എഫ്.എസ്. കോഡും ഉപയോഗിച്ച് ഏതു ബാങ്ക് അക്കൗണ്ടിലേക്കും പണമിടപാട് നടത്താനുള്ള സംവിധാനമായിരുന്നു ക്വിക്ക് ട്രാൻസ്ഫർ. ഇതിനുപകരമായി മറ്റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയക്കുന്നതിന് ഇമ്മീഡിയറ്റ് പെയ്മെന്റ് സർവീസ് (ഐ.എംപി.എസ്.) എന്ന സൗകര്യം ഇനി ഉപയോഗപ്പെടുത്തണം.

മുൻപ് രേഖപ്പെടുത്തിയ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലേക്ക് മാത്രമാണ് വേഗത്തിൽ പണമിടപാട് നടത്താനാവുക. പുതിയ അക്കൗണ്ടിലേക്ക് പണം അയക്കണമെങ്കിൽ ആദ്യം ഗുണഭോക്താവിന്റെ വിവരങ്ങൾ ചേർക്കണം. ഇതിനുശേഷം മാത്രമേ പണമിടപാട് നടത്താനാകൂ.

എസ്.ബി.ഐ.യുടെ മൊബൈൽ ആപ്പായ എസ്.ബി.ഐ. എനിവേറിൽ ക്വിക്ക് ട്രാൻസ്ഫർ സംവിധാനം ഉണ്ടെങ്കിലും പണമിടപാട് നടത്തുന്നതിനുവേണ്ട ഒറ്റത്തവണ പാസ്വേഡ് (ഒ.ടി.പി.) ലഭിക്കാത്തതുകൊണ്ട് മിക്കപ്പേഴും നടക്കില്ല. ഈ സാഹചര്യത്തിലാണ് പണമിടപാടുകൾക്ക് ഓൺലൈൻ എസ്.ബി.ഐ.യിലെ ക്വിക്ക് ട്രാൻസ്ഫർ ഉപഭോക്താക്കൾ ഉപയോഗപ്പെടുത്തിയിരുന്നത്. ഈ സൗകര്യമാണ് ഇപ്പോൾ ലഭിക്കാതായത്.

എന്നാൽ ഓൺലൈൻ എസ്.ബി.ഐ. വെബ്സൈറ്റിൽ ഉണ്ടായിരുന്ന ക്വിക്ക് ട്രാൻസ്ഫർ സംവിധാനം നിർത്തിയത് ബാങ്കിന്റെ പുതിയ മൊബൈൽ ആപ്പായ ഭീം എസ്.ബി.ഐ. പേ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കാനാണെന്ന് എസ് ബിഐ പറയുന്നു. ഈ ആപ്പ് ഉപയോഗിച്ച് 24 മണിക്കൂറും പണമിടപാട് നടത്താൻ സാധിക്കുമെന്നാണ് വിശദീകരിക്കുന്നത്.