ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്‌ബിഐക്ക് എന്നും ലാഭക്കണക്കേ പറയാനുള്ളൂ. എസ് ബി ടിയെ ലയിപ്പിച്ചതും ഇത് ഉയർത്തുകയെന്ന ലക്ഷ്യത്തോടെയാണ്. എന്നിട്ടും മതിയായ ബിസിനസ് കൂട്ടാൻ എസ് ബി ഐയ്ക്ക് കഴിഞ്ഞില്ല. സർവ്വീസ് ചാർജ് വിരുദ്ധ ക്യാമ്പൈനും സജീവമായി. എന്നാൽ ഇതൊക്കെ സർവ്വീസ് ചാർജ് കൊണ്ട് തന്നെ മറികടക്കുകയാണ് എസ് ബി ഐ.

വമ്പൻ ലാഭമാണ് സർവ്വീസ് ചാർജുകളിലൂടെ എസ് ബി ഐ നേടുന്നത്. നാലാം പാദം ലാഭത്തിൽ ഇരട്ടിയിലേറെ വർധന. കഴിഞ്ഞ വർഷം മാർച്ചിൽ അവസാനിച്ച പാദത്തിൽ ലഭിച്ച 1263.81 കോടി രൂപ അറ്റാദായം ഈ വർഷം മാർച്ചിൽ 2814.82 കോടി രൂപയായാണ് വർധിച്ചത്. 201617 വർഷത്തെ മൊത്തം ലാഭം 10,484 കോടി രൂപയാണ്. ഇത് കഴിഞ്ഞ വർഷത്തേതിൽ നിന്ന് (9951 കോടി) 5.36 ശതമാനം കൂടുതലാണ്.

എസ്‌ബിറ്റി ഉൾപ്പെടെയുള്ള അഞ്ച് ബാങ്കുകൾ എസ്‌ബിഐയിൽ ലയിപ്പിച്ചത് ഏപ്രിൽ ഒന്നു മുതൽ ആയതിനാൽ നാലാം പാദ ഫലത്തിൽ ഈ ബാങ്കുകളുടെ വിറ്റുവരവ് കണക്കിലെടുത്തിട്ടില്ല. ഇത് ചെയ്യാതെയാണ് ഈ ലാഭക്കണക്ക്. എസ് ബി ഐയിലേക്ക് ഒഴുകിയെത്തിയ സർവ്വീസ് ചാർജ് തന്നെയാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.

ബാങ്കിന്റെ നിഷ്‌ക്രിയ ആസ്തിയും കിട്ടാക്കടങ്ങളും നാലാം പാദത്തിൽ 3.81 ശതമാനത്തിൽനിന്ന് 3.71 ആയി കുറഞ്ഞു. കിട്ടാക്കടങ്ങൾ 12,139 കോടിയിൽനിന്ന് 10,993 കോടിയായാണു കുറഞ്ഞത്. എന്നാൽ എസ്‌ബിഐ ഗ്രൂപ്പിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി 6.4ൽ നിന്ന് 9.04 ശതമാനമായി ഉയർന്നു.

നാലാം പാദത്തിൽ ബാങ്കിന്റെ പ്രവർത്തന ലാഭം 12.93 ശതമാനം വർധിച്ച് 16,026 കോടിയായി. മൊത്തം പലിശ വരുമാനം 17.33 ശതമാനം വർധിച്ച് 18,071 കോടി രൂപയായി.