തിരുവനന്തപുരം: സുരക്ഷാകാരണങ്ങൾ മുൻ നിർത്തി എസ്.ബി.ഐയുടെയും അനുബന്ധ ബാങ്കുകളുടെയും ആറുലക്ഷത്തിലേറ എ.ടി.എം കാർഡുകൾ ബ്ലോക്ക് ചെയ്തു. മുൻകൂട്ടി അറിയിക്കാതെ കാർഡ് ബ്ലോക്ക് ചെയ്തത് ഉപയോക്താക്കൾക്കു തിരിച്ചടിയായി.

കാർഡ് ബ്ലോക്കായവർ എത്രയുംവേഗം സമീപത്തുള്ള ബാങ്കിലെത്തി പുതിയ കാർഡിന് അപേക്ഷ നൽകണമെന്ന് അധികൃതർ അറിയിച്ചു. അടുത്തിടെ എ.ടി.എം വഴിയുള്ള തട്ടിപ്പുകൾ വ്യാപകമായതോടെയാണ് കാർഡുകൾ ബ്ലോക്ക് ചെയ്യാൻ തീരുമാനിച്ചതെന്ന് അധികൃതർ വിശദീകരിക്കുന്നു.

കാർഡ് ബ്ലോക്ക് ചെയ്യുന്ന വിവരം ഉപഭോക്താക്കളെ എസ്.എം.എസ് വഴി അറിയിച്ചിരുന്നെന്നാണ് ബാങ്കുകൾ അവകാശപ്പെടുന്നത്. എന്നാൽ, പലരും എടിഎം കൗണ്ടറിൽ എത്തി പണം പിൻവലിക്കാൻ ശ്രമിക്കുമ്പോഴാണ് വിവരം അറിയുന്നത്. എസ്എംഎസുകൾ ലഭിച്ചിരുന്നില്ലെന്നും ഉപയോക്താക്കൾ വ്യക്തമാക്കുന്നു.

സുരക്ഷാ കാരണങ്ങളാൽ അധികൃതർ ബ്‌ളോക്ക് ചെയ്ത എടിഎം കാർഡുടമകൾക്ക് പുതിയ കാർഡ് ലഭിക്കാൻ കുറഞ്ഞത് 12 ദിവസമെങ്കിലും വേണ്ടിവരും. അതുവരെ ഡെബിറ്റ് കാർഡുപയോഗിച്ചുള്ള വിനിമയങ്ങൾ നടത്താനാകില്ല. പുതിയ കാർഡുകൾക്കുള്ള അപേക്ഷ തിരിച്ചറിയൽ കാർഡ് സഹിതം അക്കൗണ്ട് എടുത്ത ശാഖകളിൽ ലഭിച്ച്, പുതിയ കാർഡ് മുംബൈയിൽനിന്ന് എത്തിക്കുന്നതിനുള്ള കുറഞ്ഞ സമയമാണ് പന്ത്രണ്ട് ദിവസം.

പുതിയ കാർഡുകൾ ചിപ് സംവിധാനത്തിലാകും പ്രവർത്തിക്കുക. പഴയ മാഗ്‌നറ്റിക് കാർഡുകൾ ഇതോടെ ഇല്ലാതാകും. മാഗ്‌നറ്റിക് കാർഡുകൾ പലയിടത്തും റീഡ് ചെയ്ത് അക്കൗണ്ടിലെ വിവരങ്ങൾ ശേഖരിക്കാനും പണം പിൻവലിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇങ്ങനെ അക്കൗണ്ടുടമകളുടെ വിവരങ്ങൾ ശേഖരിച്ച് വ്യാപകമായ തട്ടിപ്പു നടത്താൻ സാധ്യതയുണ്ടെന്നും ചിലയിടത്ത് തട്ടിപ്പ് നടന്നുവെന്നും സ്റ്റേറ്റ് ബാങ്ക് സുരക്ഷാ വിഭാഗം റിപ്പോർട്ടു നൽകിയതോടെയാണ് ശനിയാഴ്ച മുതൽ വലിയൊരുവിഭാഗം ഉപയോക്താക്കളുടെ കാർഡുകൾ അധികൃതർ ബ്‌ളോക്ക് ചെയ്തത്. പുതുതായി നൽകുന്ന ചിപ്കാർഡുകൾ ഉപയോഗിച്ച് അത്രയെളുപ്പത്തിൽ തട്ടിപ്പു നടത്താനാകില്ലെന്നും അധികൃതർ പറയുന്നു.

സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിന് രാജ്യത്ത് 54,000 എടിഎമ്മുകളുണ്ട്. ഇതിൽ ഭൂരിഭാഗം എടിഎമ്മുകളും രാജ്യത്തെമ്പാടുമുള്ള എസ്‌ബിറ്റി കാർഡുടമകൾ ഉപയോഗിക്കുന്നുമുണ്ട്. ഏത് എടിഎമ്മുകളിലാണ് തട്ടിപ്പിനുള്ള ശ്രമം നടന്നതെന്ന് സുരക്ഷാ കാരണങ്ങളാൽ അധികൃതർ പുറത്തുവിടുന്നില്ല. ആയിരക്കണക്കിന് ഉപയോക്താക്കളുടെ എടിഎമ്മുകൾ ബ്‌ളോക്ക് ചെയ്തിട്ടുണ്ട്. നേരത്തെ പിൻ നമ്പർ മാറ്റണമെന്നാവശ്യപ്പെട്ട് കാർഡുടമകൾക്ക് സുരക്ഷാമുന്നറിയിപ്പ് നൽകിയിരുന്നുവെന്നും ഇതവഗണിച്ചവരുടെ കാർഡുകൾ മാത്രമാണ് ബ്‌ളോക്ക് ചെയ്തതെന്നുമാണ് അധികൃതർ അവകാശപ്പെടുന്നത്.