ന്യൂഡൽഹി: എസ്‌ബിഐ അടിസ്ഥാന വായ്പാ പലിശനിരക്ക് 0.9 ശതമാനം കുറച്ചു. നിലവിലുള്ള 8.9 ശതമാനം ഇതോടെ 8 ശതമാനമായി. ഇതോടെ ഭവന, വാഹന വായ്പകളുടെ പലിശ നിരക്കുകൾ കുറയും. നിക്ഷേപങ്ങൾക്കുള്ള പലിശയും ഇതനുസരിച്ച് കുറയും. ഇന്ന് മുതൽ ഈ നിരക്കുകൾ നിലവിൽ വന്നു.

മറ്റു ബാങ്കുകളും ഇതേ പാത പിന്തുടരുമെന്ന പ്രതീക്ഷയിലാണു പൊതുജനം. വായ്പകളുടെ അടിസ്ഥാന പലിശ നിരക്കിലാണ് 0.9ശതമാനം എസ്‌ബിഐ കുറച്ചത്. അതേസമയം യൂണിയൻ ബാങ്കാകട്ടെ 0.65 ശതമാനം മുതൽ 0.90 ശതമാനം വരെയാണ് ഇളവ് നൽകിയിരിക്കുന്നത്. ഇതിന് ആനുപാതികമായാകും ഭവന-മോട്ടോർ വാഹന പലിശനിരക്കുകളും കുറയുക.

എസ്‌ബിഐ ഭവനവായ്പയുടെ പലിശ നിരക്ക് ഇതോടെ 8.9 ശതമാനത്തിൽ നിന്നും എട്ടുശതമാനമായി കുറഞ്ഞു. നോട്ട് നിരോധനത്തിന്റെ അമ്പതാംദിവസമായ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഭവനവായ്പയുടെ പലിശ നിരക്കുകൾ കുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് എസ്‌ബിഐയുടെയും യൂണിയൻ ബാങ്കിന്റെയും പ്രഖ്യാപനം എത്തിയത്.

ഐസിഐസിഐ ഉൾപ്പെടെയുള്ള കൂടുതൽ ബാങ്കുകൾ പലിശ നിരക്ക് വൈകാതെ കുറക്കുമെന്നാണ് സൂചന. ഐഡിബിഐ, എസ്‌ബിറ്റി എന്നീ ബാങ്കുകൾ വെള്ളിയാഴ്ച പലിശ നിരക്കുകൾ വെട്ടിക്കുറച്ചിരുന്നു. നോട്ടു നിരോധനത്തിന് ശേഷം നിക്ഷേപം ഉയർന്നതിനെ തുടർന്നാണ് പലിശനിരക്കുകളിൽ മാറ്റം വരുത്താൻ ബാങ്കുകൾ തയ്യാറായത്.