തിരുവനന്തപുരം: ഇന്ത്യൻ ബാങ്കിങ് രംഗത്തെ ഭീമൻ ആരെന്നു ചോദിച്ചാൽ ലഭിക്കുന്ന ഉത്തരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നാണ്. വില്ലൻ ആരെന്നു ചോദിച്ചാലും ലഭിക്കുന്ന ഉത്തരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന് തന്നെയാകും. ഇടപാടുകാരുടെ അക്കൗണ്ടിൽ നിന്ന് അവരറിയാതെ കാശ് ചോർത്തുന്നതിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത് എസ്‌ബിഐ തന്നെയാണ്. മിനിമം ബാലൻസ് ഇല്ലാത്തതിന്റെ പേരിൽ മാത്രം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാത്രം 2017-18 സാമ്പത്തിക വർഷം പിഴ ഇനത്തിൽ ഈടാക്കിയത് 2,400 കോടിയാണ്. സേവിങ്സ് ബാങ്ക് അക്കൗണ്ടിൽ നിന്നും ഇടപാടുകാർ അറിയാതെ ചോർത്തിയ തുകയുടെ കണക്കാണിത്.

നിരന്തരം ഇടപാടുകളുടെ ചാർജിൽ മാറ്റം വരുത്തുകയാണ് എസ്‌ബിഐ. ഇങ്ങിനെ വരുത്തുന്ന മാറ്റം ഉപഭോക്താക്കൾ അറിയുന്നുമില്ല. നൽകുന്ന സേവനത്തിന് ചാർജ് നിശ്ചയിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിക്കൊണ്ട് റിസർവ് ബാങ്ക് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഈ ഉത്തരവ് ആണ് എസ്‌ബിഐയുടെ ഏറ്റവും വലിയ ആയുധം. ഈ ഉത്തരവ് എസ്‌ബിഐ ദുരുപയോഗിക്കുന്നതിനാലാണ് ഉപഭോക്താക്കൾ എസ്‌ബിഐയുടെ അക്കൗണ്ട് ഒഴിവാക്കി ജീവനുംകൊണ്ടോടുന്നത്. ഉപഭോക്താക്കൾ വലിയ രീതിയിൽ എസ്‌ബിഐയെ കയ്യൊഴിയുകയാണ്. സോഷ്യൽ മീഡിയയിൽ എസ്‌ബിഐയുടെ ബാങ്കിങ് ചൂഷണം വ്യക്തമാക്കി വലിയ പ്രചാരണം നടന്നുവരുകയാണ്. ഇത്തരമൊരു വാട്ട്‌സ് ആപ്പ് സന്ദേശം പിന്തുടർന്നാണ് എസ്‌ബിഐ നടത്തുന്ന ചൂഷണം ശരിയാണോ എന്ന് മറുനാടൻ അന്വേഷണം നടത്തിയത്.

ഉപഭോക്താക്കൾക്ക് താങ്ങാൻ കഴിയാത്ത വിധത്തിലുള്ള ചുങ്കമാണ് സേവനങ്ങൾക്കു എസ്‌ബിഐ ഈടാക്കുന്നത്. ഇടപാടുകാരോട് എസ്‌ബിഐ എങ്ങിനെ ഇടപെടുന്നു എന്ന് ഈ ഒരൊറ്റ കാര്യം കൊണ്ട് വ്യക്തമാകു ന്നു. ഇപ്പോൾ മിനിമം മൂന്നു തവണ മാത്രമേ എസ്‌ബിഐ ഉപഭോക്താക്കൾക്ക് സ്വന്തം അക്കൗണ്ടിൽ സൗജന്യമായി പണം നിക്ഷേപിക്കാൻ കഴിയൂ. മൂന്നു തവണ കഴിഞ്ഞാൽ ഓരോ ഇടപാടിനും 50 രൂപയും ഒപ്പം ജിഎസ്ടിയും ഈടാക്കും. ഏപ്രിൽ ഒന്നുമുതൽ തന്നെ ഈ തുക എസ്‌ബിഐ ഈടാക്കി തുടങ്ങിയിട്ടുണ്ട്. .ഇടപാടുകാർക്ക് ഒരു മുന്നറിയിപ്പും ഈ കാര്യത്തിൽ എസ്‌ബിഐ നൽകാറുമില്ല. ഡെബിറ്റ് കാർഡിൽ നിന്നും ഒരു ദിവസം പിൻവലിക്കാൻ കഴിയുന്ന തുക 20000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ മറ്റു ബാങ്കുകൾ ഈ കാര്യത്തിൽ മാറ്റം വരുത്തിയിട്ടില്ല. മറ്റൊരു പൊതുമേഖലാ ബാങ്ക് ആയ കാനറാ ബാങ്കിൽ നിങ്ങൾക്ക് എത്ര തവണ വേണമെങ്കിലും അക്കൗണ്ടിൽ പണം നിക്ഷേപിക്കാം. ഒരു പ്രത്യേക ചാര്ജും ഈ കാര്യത്തിൽ കാനറാ ബാങ്ക് ഈടാക്കുന്നില്ല. എസ്‌ബിഐ എടിഎം കൗണ്ടർ അഞ്ചു തവണ മാത്രമേ ഒരു മാസം സൗജന്യമായി ഉപയോഗിക്കാൻ കഴിയൂ. അതിനു ശേഷം 20 രൂപ ചാർജ് ഈടാക്കും. കാനറാ ബാങ്ക് എടിഎം ഉപഭോക്താക്കൾക്ക് എത്ര വേണമെങ്കിലും ഉപയോഗിക്കാം. മറ്റു ബാങ്കുകളുടെ എടിഎം ആണെങ്കിൽ അഞ്ചു തവണ ഫ്രീയായി ഉപയോഗിക്കാം. പ്രൈവറ്റ് സെക്ടർ ബാങ്കുകൾ എടുത്താൽ ഫെഡറൽ ബാങ്കിൽ പണം അടക്കുന്നതിൽ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. എത്ര തവണ വേണമെങ്കിലും ഉപഭോക്താക്കൾക്ക് പണം അടക്കാം. എച്ച്ഡിഎഫ്‌സി ബാങ്കിൽ 200000 രൂപ വരെ ഉപഭോക്താക്കൾക്ക് ഒരു മാസം അകൗണ്ടിൽ അടയ്ക്കാം.

രണ്ടു ലക്ഷം രൂപയ്ക്ക് മുകളിൽ അടച്ചാൽ ആയിരം രൂപയ്ക്ക് രണ്ടര രൂപ വീതം ഈടാക്കും. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഒരു ലക്ഷം രൂപ വരെ ഒരു മാസം ഉപഭോക്താക്കൾക്ക് അക്കൗണ്ടിൽ നിക്ഷേപിക്കാം. അതിനു മുകളിൽ വരുന്നത് തുകയ്ക്ക് 1000 രൂപയ്ക്ക് മൂന്ന് രൂപ സർവീസ് ചാർജ് ഈടാക്കും. എല്ലാം ഓരോ ബാങ്കും സ്വകാര്യമായി നടപ്പിലാക്കുന്ന തീരുമാനങ്ങൾ ആണ്. നൽകുന്ന സേവനത്തിന് ചാർജ് നിശ്ചയിക്കാൻ ബാങ്കുകൾക്ക് അനുമതി നൽകിക്കൊണ്ടുള്ള റിസർവ് ബാങ്കിന്റെ തീരുമാന പ്രകാരമാണ് ഓരോ ബാങ്കും തീരുമാനങ്ങൾ കൈക്കൊള്ളുന്നത്/ പക്ഷെ ഇതിൽ ഏറ്റവും വലിയ വില്ലൻ റോളിൽ പ്രത്യക്ഷപ്പെടുന്നത് പൊതുമേഖലാ ബാങ്ക് ആയ എസ്‌ബിഐ ആണ് എന്നതാണ് ഏറ്റവും വലിയ വിരോധാഭാസം. പല ന്യായങ്ങൾ ആണ് എസ്‌ബിഐ അധികൃതർ നിരത്തുന്നത്. ഒന്ന് ബാങ്കിന്റെ പ്രവർത്തന നഷ്ടം. 201718ൽ ബാങ്കിന്റെ പ്രവർത്തന നഷ്ടം 6,547 കോടി രൂപയാണ്. കിട്ടാക്കടം ആണ് ബാങ്കിങ് വൃത്തങ്ങൾ കാരണമായി പറയുന്നത്. രണ്ടാമത് നോട്ടുനിരോധനം. നോട്ടുനിരോധനത്തിൽ എസ്ബിക്ക് വൻ നഷ്ടമുണ്ടായിട്ടുണ്ട്.

ബാങ്ക് ജനങ്ങൾക്ക് നോട്ട് മാറ്റി നൽകി. ഇപ്പോഴും എസ്‌ബിഐയുടെ വിവിധ ശാഖകളിൽ പഴയ നോട്ടുകൾ ചാക്കുകൾ ആയി സൂക്ഷിച്ചിട്ടുണ്ട്. കുറെയൊക്കെ റിസർവ് ബാങ്ക് മാറ്റി നൽകി. ഇനിയും എത്രയോ കോടി മാറ്റി നൽകാനുണ്ട്. നഷ്ടമാകുന്നത് ബാങ്കിന്റെ പണമാണ്. ഈ നഷ്ടം റിസർവ് ബാങ്കോ കേന്ദ്ര സർക്കാരോ ഇതുവരെ നികത്തിയിട്ടില്ല. കിട്ടാക്കടം അത് മറ്റു ബാങ്കുകളെ അപേക്ഷിച്ച് എസ്‌ബിഐയിൽ കുമിഞ്ഞു കൂടിയിട്ടുണ്ട്. വിവിധ വ്യക്തികളിൽ നിന്നു രാജ്യത്തെ ബാങ്കുകൾക്കു കിട്ടാനുള്ളത് 5.44 ലക്ഷം കോടി രൂപയാണ്. ഡിമാൻഡ് ഡ്രാഫ്റ്റ് സംവിധാനത്തിനു ഇപ്പോൾ ഏകദേശം അന്ത്യമായിട്ടുണ്ട്. ഡിഡി വഴി വൻ കമ്മീഷനാണ് ബാങ്കുകൾക്ക് ലഭിച്ചിരുന്നത്. ഇപ്പോൾ ഡിഡി സംവിധാനം അന്യം നിന്നിരുന്നു. ഇടപാടുകാർ ഓൺലൈൻ ട്രാൻസാക്ഷൻ ആണ് കൂടുതലായി നടത്തുന്നത്. അതിൽ ബാങ്കുകൾക്ക് കമ്മീഷൻ വരുന്നില്ല. ഇങ്ങിനെ കമ്മീഷൻ വരുന്ന ഒട്ടുവളരെ മാർഗങ്ങൾ ബാങ്കുകൾക്ക് മുന്നിൽ അടഞ്ഞിട്ടുണ്ട്. ലോൺ ആയി നൽകുന്ന തുക ഉപഭോക്താക്കൾ അടയ്ക്കുന്നില്ല എന്നും ബാങ്കിങ് വൃത്തങ്ങൾ പറയുന്നു.

പക്ഷെ എസ്‌ബിഐയെ അപേക്ഷിച്ച് മറ്റു ബാങ്കുകൾ ഉപഭോക്താക്കൾക്ക് സഹായകരമായ നിലപാടാണ് കൈക്കൊള്ളുന്നത്. പൊതുമേഖലാ ബാങ്ക് ആയ കാനറാ ബാങ്ക് ഉദാഹരണം. പ്രൈവറ്റ് സെക്ടർ ബാങ്ക് ആയ എച്ച്ഡിഎഫ്‌സിപോലും ഉപഭോക്താക്കളെ പിഴിയുന്നതിനു വലിയ രീതിയിൽ എതിര് നിൽക്കുകയാണ്. എസ്‌ബിഐയുടെ മുന്നിലുള്ള പ്രവർത്തന നഷ്ടം അത് ഉപഭോക്താക്കളിൽ നിന്നും ഒരു ലജ്ജയും ഇല്ലാതെ ഈടാക്കാനുള്ള തീരുമാനമാണ് ഉപഭോക്താക്കൾ ഭയപ്പെടുന്ന ബാങ്കായി എസ്‌ബിഐയെ മാറ്റുന്നത്. പക്ഷെ ബാങ്കിങ് വൃത്തങ്ങൾ ഒരു സൂചന കൂടി നൽകുന്നുണ്ട്. ആദ്യം തീരുമാനങ്ങൾ നടപ്പിലാക്കുക എസ്‌ബിഐ യാണ്. എസ്‌ബിഐ ഒരു തീരുമാനം നടപ്പിലാക്കിക്കഴിഞ്ഞാൽ അതിന്റെ മറപിടിച്ച് മറ്റു ബാങ്കുകളിലും ഇതേ തീരുമാനം നടപ്പിലാകും. എസ്‌ബിഐ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന കർശന നിയന്ത്രണങ്ങൾ ഇപ്പോൾ മറ്റു ബാങ്കുകൾ നടപ്പിലാക്കുന്നില്ല. പക്ഷെ നാളെ മറ്റു ബാങ്കുകളും ഈ തീരുമാനങ്ങൾ നടപ്പിലാക്കും-ബാങ്കിങ് വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു.