രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ ഇറക്കാനുദ്ദേശിച്ചിരുന്ന ഷരിയ ഇക്വിറ്റി ഫണ്ടുകൾ പിൻവലിച്ചത് രാഷ്ട്രീയ സമ്മർദത്തെത്തുടർന്നെന്ന് കോൺഗ്രസ് ആരോപിച്ചു. എന്നാൽ, ഫണ്ട് പ്രായോഗികമല്ലെന്ന് കണ്ടതിനെത്തുടർന്നാണ് പിൻവലിച്ചതെന്നും ഇക്കാര്യത്തിൽ ബാഹ്യ ഇടപെടലുകളില്ലെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

ഷരിയ ഫണ്ട് ഉപേക്ഷിക്കാനുള്ള തീരുമാനത്തെക്കുറിച്ച് കോൺഗ്രസ് അംഗം കെ.റഹ്മാൻ ഖാനാണ് രാജ്യസഭയിൽ പ്രശ്‌നമുയർത്തിയത്. ഇതേക്കുറിച്ച് ഒരു പ്രധാനപ്പെട്ട വ്യക്തി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരാതി നൽകിയെന്നും മോദിയുടെ ഇടപെടലിനെത്തുടർന്നാണ് ഈ ഫണ്ട് പിൻവലിച്ചതെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. എന്നാൽ, പ്രധാന വ്യക്തിയാരെന്ന് റഹ്മാൻ ഖാൻ വെളിപ്പെടുത്തിയില്ല.

ഫണ്ട് പുറത്തിറക്കാനുദ്ദേശിച്ച ഡിസംബർ ഒന്നിനുതന്നെയാണ് അതുപേക്ഷിക്കാൻ എസ്.ബി.ഐ തീരുമാനിച്ചതെന്ന കാര്യം ബാങ്ക് അധികൃതരും സമ്മതിക്കുന്നു. തിടുക്കപ്പെട്ടെടുത്ത ഈ തീരുമാനത്തിന്റെ കാരണം എന്താണെന്ന് ബാങ്ക് വെളിപ്പെടുത്തിയിട്ടില്ലെന്ന് മുൻ ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ റഹ്മാൻ ഖാൻ പറഞ്ഞു. 50,000 കോടി രൂപ നിക്ഷേപം ലക്ഷ്യമിട്ട് പുറത്തിറക്കിയ ഫണ്ടിന്റെ പ്രായോഗികത സംബന്ധിച്ച് റിസർവ് ബാങ്കിന് സംശയമുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു.

ശരിയത്ത് നിയമങ്ങൾക്ക് വിധേയമായ ഫണ്ടായിരുന്നു ഇത്. പലിശ നൽകുന്നതിന് പകരം ഡിവിഡന്റുകളായാണ് നിക്ഷേപകർക്ക് ഫണ്ടിന്റെ ആനുകൂല്യം നൽകാൻ ഉദ്ദേശിച്ചിരുന്നത്. എന്നാൽ, ഫണ്ട് പിൻവലിച്ചതിന് പിന്നിൽ മോദിയുടെ അജണ്ടയാണെന്ന് റഹ്മാൻ ഖാൻ പറയുന്നു.