ന്യൂഡൽഹി: ഡിസംബർ 31നുശേഷം എസ്‌ബിഐ അനുബന്ധ ബാങ്കുകളുടെ ചെക്കുബുക്കുകൾ അസാധുവാകും.പകരം പുതുക്കിയ ഐഎഫ്എസ് സി കോഡുകൾ രേഖപ്പെടുത്തിയ എസ്‌ബിഐയുടെ ചെക്കുബുക്കുകളാണ് ലഭിക്കുക. ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീർ ആൻഡ് ജെയ്പുർ, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുർ, ട്രാവൻകൂർ തുടങ്ങിയ ബാങ്കുകളുടെ ചെക്കുബുക്കുകളാണ് മാറ്റിനൽകുന്നത്.

നേരത്തെ സെപ്റ്റംബർ 30 ആയിരുന്നു ചെക്കുബുക്കുകളുടെ കാലാവധി. പിന്നീട് കാലാവധി നീട്ടുകയായിരുന്നു. അക്കൗണ്ട് ഉടമകൾക്ക് പുതിയ ചെക്കുബുക്കുകൾ ബാങ്കുകൾ അയച്ചിട്ടുണ്ടെങ്കിലും ലഭിക്കാത്തവർ ബാങ്ക് ശാഖയുമായി ബന്ധപ്പെടേണ്ടതാണ്. എടിഎം, എസ്‌ബിഐയുടെ മൊബൈൽ ആപ്, നെറ്റ് ബാങ്കിങ് തുടങ്ങിയവ വഴിയും ചെക്ക് ബുക്കിന് അപേക്ഷിക്കാനാകും.

മുംബൈ, ന്യൂഡൽഹി, ബെംഗളുരു, ചെന്നൈ, ഹൈദരാബാദ്, കൊൽക്കത്ത, പട്ന, അഹമ്മദാബാദ്, ഭോപ്പാൽ, അമരാവതി, ചണ്ഡിഗഡ്, ജെയ്പുർ, തിരുവനന്തപുരം, ലക്നൗ എന്നീ പ്രധാന നഗരങ്ങളിലുള്ള എസ്‌ബിഐ ശാഖകളുടെ പേരും ഐഎഫ്എസ് സി കോഡും മാറിയിട്ടുണ്ട്.