ഉപഭോക്താക്കൾക്കുള്ള എടിഎം ഉപയോഗത്തിന്റെ എണ്ണം വർദ്ധിപ്പിച്ച് എസ്‌ബിഐയുടെ പുതിയ സർക്കുലർ. എടിഎം ഇടപാടുകളുടെ എണ്ണം പത്തെണ്ണമായാണ് എസ്‌ബിഐ ഉയർത്തിയിരിക്കുന്നത്. അഞ്ച് എസ്‌ബിഐ ഇടപാടുകളും അഞ്ച് ഇതര ബാങ്കുകളിലെ എടിഎമ്മും ഉപയോഗിക്കാമെന്നാണ് പുതിയ നിർദ്ദേശം.

മെട്രോ നഗരങ്ങളിലെ സൗജന്യ എടിഎം ഉപയോഗം എട്ടെണ്ണമാണ്. അഞ്ച് എസ്‌ബിഐ ഇടപാടുകളും മൂന്ന് ഇതര ബാങ്കുകളിലെ എടിഎമ്മും ഉപയോഗിക്കാം. സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ഉപയോഗിക്കുന്നവർക്കാണ് ഈ ഇളവ് ലഭിക്കുക.

ഇന്ന് മൂന്ന് തവണയാണ് എടിഎം ഉപോയഗിക്കുന്നത് സംബന്ധിച്ച് എസ്‌ബിഐ സർക്കുലർ ഇറക്കുന്നത്. ആദ്യം എടിഎം ഉപയോഗിക്കുന്നതിന് ചാർജ്ജ് പ്രഖ്യാപിച്ചാണ് എസ്‌ബിഐ ഉത്തരവിറക്കിയത്. പ്രതിഷേധം ശക്തമായതോടെയാണ് ഉത്തരവിൽ മാറ്റം വരുത്തി. മാസത്തിൽ ആദ്യത്തെ നാല് എടിഎം ഇടപാടുകൾ സൗജന്യമായി നടത്താം. എന്നാൽ തുടർന്നുള്ള ഓരോ ഇടപാടിനും ഇരുപത്തിയഞ്ചു രൂപവീതം ചാർജ്ജ് നൽകേണ്ടി വരുമെന്നായിരുന്നു രണ്ടാമത്തെ സർക്കുലർ.

എല്ലാ എടിഎം ഇടപാടുകൾക്കും 25 രൂപയാണ് ഫീസായി ഈടാക്കുമെന്ന എസ്ബിയെയുടെ നിലപാടിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. സോഷ്യൽ മീഡിയാകളിലും ഇക്കാര്യം വ്യാപക ചർച്ചയായി. സ്റ്റേറ്റ് ബാങ്കിനെ ബഹിഷ്‌കരിക്കാനും ക്യാംപയിൻ തുടങ്ങി. യുവജന സംഘടനകളും പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്തെത്തി. ഇതോടെയാണ് വിവാദ ഉത്തരവ് പിൻവലിക്കാൻ ബാങ്ക് അധികൃതർ തീരുമാനിച്ചത്.

നേരത്തേ വന്ന ഉത്തരവ് തെറ്റായി പുറത്തിറക്കിയതാണെന്നാണ് എസ്‌ബിഐ വൃത്തങ്ങൾ അവകാശപ്പെടുന്നത്.എസ്‌ബിഐ ബഡ്ഡി ഉപഭോക്താക്കൾക്ക് മാത്രം ഉദ്ദേശിച്ച് ഇറക്കിയ ഉത്തരവായിരുന്നു ഇതെന്നും ബാങ്ക് വിശദീകരിക്കുന്നു.എസ്‌ബിഐയുടെ മൊബൈൽ വാലറ്റ് ആണ് സ്റ്റേറ്റ് ബാങ്ക് ബഡി. ബഡിയിൽ ഉള്ള പണം ഫോൺബുക്കിലെയോ ഫേസ്‌ബുക്കിലെയോ കോൺടാക്റ്റിലുള്ള ആർക്കു വേണമെങ്കിലും ട്രാൻസ്ഫർ ചെയ്യാനാകും. നെറ്റ് ബാങ്കിങ് സാങ്കേതികത്വം ഇതിൽ പ്രശ്‌നമാകില്ല. മൊബൈൽ, ഡിടിഎച്ച് ബില്ലുകൾ അടയ്ക്കാനും ബാങ്ക് അക്കൗണ്ടിലേക്കു പണം കൈമാറാനും ഓൺലൈനായി ഷോപ്പ് ചെയ്യാനും ബഡി ഉപയോഗിക്കുന്നുണ്ട്.

അതേസമയം സർക്കുലറിലെ മറ്റ് ഉത്തരവുകൾക്ക് മാറ്റമുണ്ടാകില്ലെന്നും എസ്‌ബിഐ വ്യക്തമാക്കുന്നുണ്ട്. പഴയ നോട്ടുകൾ മാറുന്നതിന് സർവീസ് ചാർജ് ഈടാക്കുമെന്നതാണ് നേരത്തെ പുറത്തിറക്കിയ ഉത്തരവിലെ മറ്റൊരു പ്രധാന നിർദ്ദേശം. ഇരുപത് മുഷിഞ്ഞ നോട്ടുകൾ അല്ലെങ്കിൽ അയ്യായിരം രൂപവരെ മാത്രമേ ഇനി സൗജന്യമായി മാറാൻ സാധിക്കൂവെന്നായിരുന്നു നിർദ്ദേശം. ഇതിനു മുകളിൽ നോട്ടുകൾ മാറുകയാണെങ്കിൽ ഒരു നോട്ടിന് രണ്ടുരൂപ വച്ച് അല്ലെങ്കിൽ ആയിരം രൂപയ്ക്ക് അഞ്ചുരൂപ വച്ച് ഈടാക്കാനാണ് നിർദ്ദേശം.

ബേയ്‌സിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ടുകൾ ഉള്ളവരുടെ ചെക്ക് ബുക്കിനും പണം ഈടാക്കാനും നിർദേശമുണ്ട്. 10 ലീഫുള്ള ചെക്ക് ബുക്കിന് 30 രൂപ, 25 ലീഫുള്ള ചെക്ക് ബുക്കിന് 75 രൂപ, 50 ലീഫുള്ള ചെക്ക് ബുക്കിന് 150 രൂപ എന്നിങ്ങനെ പണം ഈടാക്കാനാണ് നിർദ്ദേശം. റുപെയുടെ ക്ലാസിക് എടിഎം കാർഡ് മാത്രമേ സൗജന്യമായി ലഭിക്കൂവെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.