മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ രാജ്യത്തെ 1300 ശാഖകളുടെ ഐ.എഫ്.എസ്. കോഡ് മാറ്റി. അതിനിടെ ബാങ്ക് ലയനത്തിന്റെ തുടർച്ചയായി എസ്.ബി.ഐ. കേരളത്തിലെ നൂറോളം ശാഖകൾ പൂട്ടുന്നുവെന്ന റിപ്പോർട്ടും പുറത്തുവന്നു. 44 എണ്ണം ഇതിനകം പൂട്ടി. ശേഷിക്കുന്ന അറുപതിലേറെ ശാഖകൾകൂടി ഉടൻ പൂട്ടും. ലയനത്തോടെ 197 ശാഖകൾ പൂട്ടാനാണ് നേരത്തേ തീരുമാനിച്ചിരുന്നത്.

അഞ്ച് അനുബന്ധ ബാങ്കുകൾ എസ്.ബി.ഐ.യിൽ ലയിച്ചതിനെത്തുടർന്നാണ് ഐ.എഫ്.എസ്. കോഡുകളിലെ മാറ്റം. കേരളത്തിൽ വിവിധ ജില്ലകളിലായുള്ള 56 ശാഖകൾ ഇതിൽപ്പെടും. ബാങ്കുകൾ തമ്മിൽ പണമിടപാട് നടത്തുന്നതിന് ഓരോ ബാങ്ക് ശാഖയ്ക്കും റിസർവ് ബാങ്ക് അനുവദിക്കുന്ന സവിശേഷ കോഡ് ആണ് ഇന്ത്യൻ ഫിനാൻഷ്യൽ സിസ്റ്റം കോഡ് അഥവാ ഐ.എഫ്.എസ്.സി. കേരളത്തിന്റെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ ഉൾപ്പെടെയുള്ള ബാങ്കുകൾ എസ്.ബി.ഐ.യിൽ ലയിച്ചപ്പോഴാണ് പഴയ ബാങ്കുകളുടെ ഐ.എഫ്.എസ്.സി. മാറ്റേണ്ടിവന്നതെന്ന് സ്റ്റേറ്റ് ബാങ്ക് വൃത്തങ്ങൾ അറിയിച്ചു. ഈ മാറ്റം ബന്ധപ്പെട്ട ശാഖകളിലെ ഉപഭോക്താക്കളെ അറിയിച്ചിട്ടുണ്ട്. പഴയ ഐ.എഫ്.എസ്.സി. രേഖപ്പെടുത്തിയ പണമിടപാടുകൾ പുതിയതിലേക്ക് സ്വാഭാവികമായി മാറ്റുന്നതിനുള്ള സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് നിലവിലുള്ള പണമിടപാടുകളെ ഈ മാറ്റം ബാധിക്കില്ല.

ഏപ്രിലിൽ എസ്.ബി.െഎ.-എസ്.ബി.ടി. ലയനം പൂർത്തിയായെങ്കിലും പല സ്ഥലങ്ങളിലും രണ്ടു ബാങ്കുകളുടെയും ശാഖകൾ പ്രവർത്തനം തുടരുകയായിരുന്നു. എതിർപ്പ് ഭയന്നാണ് അന്ന് ശാഖകൾ പൂട്ടാതിരുന്നത്. എന്നാൽ, ഉപഭോക്താക്കൾക്ക് ബുദ്ധിമുട്ടില്ലാതെ അടുത്തടുത്തുള്ള ശാഖകളുടെ ലയനം എന്ന നിലയിലാണ് ഇപ്പോൾ പൂട്ടുന്നത്. ഒരേ പ്രദേശത്ത് രണ്ടു ശാഖകൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ ഇതിൽ ചെറിയ ശാഖ പൂട്ടും. പൂട്ടിയ ശാഖയുടെ ഉപഭോക്താക്കളുടെ ഇടപാടുകൾ നിലനിർത്തുന്ന ശാഖകളിലേക്ക് മാറ്റും. ജീവനക്കാരെയും പുനർവിന്യസിക്കും. എസ്.ബി.ടി.ക്കും എസ്.ബി.ഐ.ക്കും ഒരേ സ്ഥലത്തുതന്നെ ശാഖകൾ ഉണ്ടെങ്കിൽ ഇവയിലൊന്നാണ് നിർത്തലാക്കുന്നത്.

രണ്ടു ശാഖകൾക്കും ഒരുമിച്ച് പ്രവർത്തിക്കാൻ, നിലനിർത്തുന്ന ശാഖയിൽ സ്ഥലസൗകര്യമില്ലെങ്കിൽ മറ്റൊരു കെട്ടിടം കണ്ടെത്തി അങ്ങോട്ടു മാറ്റും. പല സ്ഥലങ്ങളിലും ഇതിനായി കെട്ടിടം കണ്ടെത്താനുള്ള ശ്രമത്തിലാണ് ബാങ്ക്. സംസ്ഥാനത്താകെ നൂറിലേറെ ശാഖകളാണ് ഇത്തരത്തിൽ നിർത്തലാക്കാൻ കണ്ടെത്തിയിരിക്കുന്നത്. ഇതിൽ 44 എണ്ണം തൊട്ടടുത്ത ശാഖകളിൽ ലയിപ്പിച്ചുകഴിഞ്ഞു.

ചെറുകിട പട്ടണങ്ങളിലും ഗ്രാമീണമേഖലയിലും രണ്ടു ശാഖകളും നിലനിർത്താൻ പ്രതിഷേധം ശക്തമാണ്. എന്നാൽ, ഒരു സ്ഥലത്ത് രണ്ടുശാഖകൾ പ്രവർത്തിപ്പിക്കുന്നത് ന്യായീകരിക്കാനാവാത്ത അധികച്ചെലവാണെന്നാണ് ബാങ്കിന്റെ നിലപാട്. ശാഖ പൂട്ടിയാൽ അവിടത്തെ പ്രവർത്തനങ്ങൾ മാറ്റുന്ന ശാഖയിൽ നിലവിലുള്ള പാസ് ബുക്കും ചെക്ക് ബുക്കുമൊക്കെ ഉപയോഗിച്ച് ഉപഭോക്താവിന് ഇടപാട് തുടരാം.