തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ എസ്‌ബിറ്റി ഉൾപ്പെടെയുള്ള അസോഷ്യേറ്റ് ബാങ്കുകൾ ലയിച്ചത് എൻആർഐ നിക്ഷേപകർക്കു ഗുണകരമാണെന്ന് എസ്‌ബിഐ കേരള ചീഫ് ജനറൽ മാനേജർ എസ്.വെങ്കിട്ടരാമൻ വ്യക്തമാക്കി. ലയനം സംബന്ധിച്ചു പ്രവാസികൾക്ക് ആശങ്ക വേണ്ട. നിക്ഷേപകർക്കു ബുദ്ധിമുട്ടില്ലാത്ത വിധത്തിലാണു ലയന നടപടികൾ. കൂടുതൽ മികച്ച സേവനമാകും അക്കൗണ്ട് ഉടമകൾക്കു ലഭ്യമാകുകയെന്നും എസ്‌ബിഐ ചീഫ് ജനറൽ മാനേജർ പറഞ്ഞു. പ്രവാസികളെ സംബന്ധിച്ചിടത്തോളം ഒരു പ്രശ്‌നവും ഉണ്ടാകാത്ത രീതിയിലാണ് ലയനത്തിനുശേഷം നടപടികൾ കൈക്കൊള്ളുക

എസ്‌ബിറ്റി അടക്കമുള്ള അസോഷ്യേറ്റ് ബാങ്കുകളിൽ എൻആർഇ അക്കൗണ്ടുണ്ടായിരുന്ന ഉപഭോക്താക്കൾക്ക് അതേ നമ്പരുകൾ ഉപയോഗിച്ചു തന്നെ ഇടപാടുകൾ നടത്താം. ഈ ബാങ്കുകളിൽ ഇന്റർനെറ്റ് ബാങ്കിങ്ങിന് ഉപയോഗിച്ചിരുന്ന യൂസർ നെയിമും പാസ്വേഡും ഉപയോഗിച്ച് എസ്‌ബിഐയുടെ വെബ്‌സൈറ്റ് മുഖേനയും ഓൺലൈൻ ബാങ്കിടപാടുകൾ നടത്താനാകും. ഇതിനു പുറമേ എസ്‌ബിഐയുടെ മറ്റ് ഓൺലൈൻ സേവനങ്ങളും ഉപഭോക്താക്കൾക്കു ലഭ്യമാക്കും. അസോഷ്യേറ്റ് ബാങ്കുകളിലുണ്ടായിരുന്ന എൻആർഇ അക്കൗണ്ടുകളുടെ ബ്രാഞ്ചോ ഐഎഫ്എസ്സി കോഡുകളോ മാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ അസോഷ്യേറ്റ് ബാങ്കുകൾ ഉപഭോക്താക്കൾക്കു നൽകിയിട്ടുള്ള ചെക്ക് ബുക്കുകൾക്കു പകരം എസ്‌ബിഐയുടെ ചെക്ക് ബുക്കുകൾ നൽകും. ഈ വർഷം സെപ്റ്റംബറോടെ ചെക്ക് ബുക്കുകൾ മാറ്റിനൽകുന്ന നടപടികൾ പൂർത്തിയാകും. എൻആർഇ അക്കൗണ്ട് എടുക്കുമ്പോൾ നൽകിയിട്ടുള്ള വിലാസത്തിൽ പുതിയ ചെക്ക് ബുക്കുകൾ അയച്ചുനൽകും. ഇതിനു പുറമേ ഉപഭോക്താക്കൾക്കു നാട്ടിലുള്ള സമയത്തു നേരിട്ടു ബാങ്കിൽ ചെന്നോ, അടുത്ത ബന്ധുക്കളെ ചുമതലപ്പെടുത്തിയോ പുതിയ ചെക്ക് ബുക്കുകൾ കൈപ്പറ്റാം. അസോഷ്യേറ്റ് ബാങ്കുകൾ നൽകിയിട്ടുള്ള ചെക്ക് ബുക്കുകൾ ഉപയോഗിച്ച് ഒരു നിശ്ചിത കാലത്തേക്ക് ഇടപാടുകൾക്ക് അനുമതി നൽകും.

യുഎഇയിൽ എസ്‌ബിറ്റിക്കും സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദിനുമാണു പ്രതിനിധി ഓഫിസുകളുള്ളത്. ഇവ ഇനി മുതൽ എസ്‌ബിഐയുടെ പ്രതിനിധി ഓഫിസുകളായിട്ടായിരിക്കും പ്രവർത്തിക്കുക. ഓഫിസുകളുടെ പേരു മാറ്റുന്നതിന് യുഎഇ സെൻട്രൽ ബാങ്കിനെ സമീപിച്ചിട്ടുണ്ട്. ഇതിൽ അനുമതി ലഭിക്കുന്നതു വരെ നിലവിലുള്ള പേരുകളിലായിരിക്കും പ്രതിനിധി ഓഫിസുകൾ പ്രവർത്തിക്കുക. ഇടപാടുകാരുടെ സൗകര്യാർഥം ഈ രണ്ട് ഓഫിസുകളിൽ ഒന്ന് അബുദാബിയിലേക്കു മാറ്റിസ്ഥാപിക്കുമെന്നും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അധികൃതർ അറിയിച്ചു.

ഇതിനു പുറമേ ദോഹയിൽ പുതിയ പ്രതിനിധി ഓഫിസ് ആരംഭിക്കാനും പദ്ധതിയുണ്ട്. 35 ലക്ഷം ലയനശേഷം ഏകദേശം 35 ലക്ഷം എൻആർഇ അക്കൗണ്ടുകളാണ് എസ്‌ബിഐയ്ക്ക് ഉള്ളത്. ഇതിൽ 18 ലക്ഷത്തോളം അക്കൗണ്ടുകൾ മലയാളികളുടെ പേരിലാണ്. ഗൾഫ് രാജ്യങ്ങളിൽ മാത്രം 12 ലക്ഷം എൻആർഇ അക്കൗണ്ടുകളുണ്ട്. 21 ലക്ഷം കോടിയാണ് എൻആർഇ അക്കൗണ്ടുകൾ വഴി നടക്കുന്ന ഇടപാടുകൾ. ഇതിൽ 25 ശതമാനം ഇടപാടുകളും നടത്തുന്നതു മലയാളികളാണ്.

സ്റ്റേറ്റ് ബാങ്കുകളുടെ ലയനവുമായി ബന്ധപ്പെട്ടുള്ള വാർത്താസമ്മേളനത്തിൽ എസ്‌ബിഐ എൽഎച്ച്ഒ കേരള ഡിജിഎം ജോയ് ചാണ്ടി ആര്യക്കര, എസ്‌ബിഐ മെവാന റീജൻ സിജിഎം ടി.വി എസ്.രമണ റാവു, കേരള സർക്കിൾ സിജിഎം വെങ്കട്ടരാമൻ സുബ്രഹ്മണ്യൻ എസ്‌ബിഐ കോർപറേറ്റ് സെന്റർ സിജിഎം രഞ്ജൻകുമാർ മിശ്ര, എസ്‌ബിഐ എൻആർഐ സർവീസസ് ജിഎം പ്രദീപ് കുമാർ മിശ്ര, എസ്‌ബിഐ കേരള സർക്കിൾ ജിഎം ഹർഗോവിന്ദ് സച്ദേവ് എന്നിവർ പങ്കെടുത്തു.