തിരുവനന്തപുരം : എല്ലാതരം തട്ടിപ്പുകളുടെയും കൂടാരമായി മാറിയിരിക്കുകയാണ് തിരുവനന്തപുരം കോർപറേഷൻ. കെട്ടിട നമ്പർ തട്ടിപ്പിന് പിന്നാലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പും തലവേദനയാകുകയാണ് പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് തദ്ദേശസ്ഥാപനങ്ങൾ വഴി സ്വയം തൊഴിൽ കണ്ടെത്താൻ അനുവദിച്ച ഫണ്ട് വ്യാജ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കി തട്ടിയെടുത്തെന്ന് ഇതിനോടകം വ്യക്തമായി. കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ നടത്തിയ പ്രാഥമിക അന്വേഷണത്തിൽ 31 പേർ ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന് കണ്ടെത്തിയതായാണ് വിവരം. 2021ലെ മാത്രം കണക്കാണിത്. കൂടുതൽ അന്വേഷണം നടത്തിയാൽ എണ്ണം വർദ്ധിക്കും. അതിനിടെ തട്ടിപ്പുമായി ബന്ധപ്പെട്ട് മേയർ ആര്യാ രാജേന്ദ്രൻ മ്യൂസിയം പൊലീസിന് നൽകിയ പരാതിയിൽ 17 സ്ത്രീകളെ പ്രതിയാക്കി എഫ്ഐആർ രജിസ്റ്റർ ചെയ്തു. തിരുവല്ലം,മുട്ടത്തറ,അമ്പലത്തറ,ആറ്റിപ്ര,മണക്കാട് വാർഡുകളിലുള്ളവരാണ് നിലവിൽ പ്രതി പട്ടികയിലുള്ളത്. ഇതിൽ ഭൂരിഭാഗം പേരും തിരുവല്ലം വാർഡിലുള്ളവരാണ്.

കോർപറേഷൻ ഓഫീസിലെ പട്ടിക ജാതി സെക്ഷനിൽ നിന്നും പട്ടം സർവീസ് സഹകരണ ബാങ്കിലെ ഒരു അക്കൗണ്ടിലേക്കാണ് 31 പേരുടെയും പണം അയച്ചത്. ഒരാൾക്ക് മൂന്നു ലക്ഷം രൂപ വീതമാണ് അനുവദിച്ചത്. ഒരേ അക്കൗണ്ടിലേക്ക് പണം എങ്ങനെ അയച്ചു എന്നത് സംബന്ധിച്ച് ബന്ധപ്പെട്ട സെക്ഷനിലുള്ളവർക്കാണ് ഉത്തരവാദിത്വം. അതേസമയം ബാങ്കിലെ ജീവനക്കാർക്ക് തട്ടിപ്പിൽ പങ്കുണ്ടോയെന്നും സംശയമുണ്ട്. പട്ടികജാതി ഫണ്ട് തട്ടിപ്പിനു പിന്നിൽ പ്രവർത്തിക്കുന്നത് ഇടനിലക്കാരുടെ വൻ സംഘമാണെന്ന് വ്യക്തമായിട്ടുണ്ട്. പാവപ്പെട്ട പട്ടികജാതിക്കാരിൽനിന്ന് അപേക്ഷകൾ വാങ്ങുന്നതു മുതൽ ബാങ്കുകളിൽനിന്ന് ചെക്കുകൾ സ്വന്തം പേരിൽ മാറിയെടുക്കുന്നതു വരെ ഇവരാണ്. കഴിഞ്ഞ കുറേ വർഷങ്ങളായി ഇതു തുടരുകയാണ്.

കഴിഞ്ഞ വർഷങ്ങളിൽ ബാങ്കുകളിൽനിന്ന് സബ്‌സിഡി തുക നൽകിയ സ്ഥാപനങ്ങൾ പരിശോധിച്ചാൽ തട്ടിപ്പു ബോധ്യമാവും. പേരിനുമാത്രമുണ്ടാക്കിയ ചില സ്ഥാപനങ്ങളിലേക്കാണ് സബ്‌സിഡി തുക മുഴുവൻ മാറിയെടുത്തിരിക്കുന്നത്. പല സ്ഥലങ്ങളിൽനിന്നു ശേഖരിക്കുന്ന പട്ടികജാതിക്കാരുടെ വിലാസവും സർട്ടിഫിക്കറ്റുകളും ഉപയോഗിച്ചാണ് തട്ടിപ്പു നടത്തുന്നത്. ആനുകൂല്യം വാങ്ങിനൽകാമെന്ന പേരിൽ അപേക്ഷ വാങ്ങി സബ്‌സിഡി തട്ടിയെടുത്ത് തുച്ഛമായ തുകകൾ നൽകി ഒതുക്കുന്നതും പതിവാണ്. 1.26 കോടി രൂപയുടെ സബ്‌സിഡി തട്ടിപ്പ് കണ്ടെത്തിയതിൽ കൂടുതൽ തുകകളും പോയിരിക്കുന്നത് തിരുവല്ലം കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ഒരു ഇടനിലസംഘത്തിനാണ്. ഭൂരിഭാഗം സംഘങ്ങൾക്കും ലഭിച്ച തുക ഒരേ സ്ഥാപനത്തിലെ ബില്ലുപയോഗിച്ചാണ് മാറിയെടുത്തിരിക്കുന്നത്. വ്യക്തിഗത ആനുകൂല്യത്തിന് അപേക്ഷ നൽകിയപ്പോൾ 4500 രൂപയോളം കൈക്കൂലി വാങ്ങിയെന്ന് മേയർക്കു പരാതി ലഭിച്ചതും ഈ സ്ഥാപനവുമായി ബന്ധപ്പെട്ട പൂന്തുറ സ്വദേശിനിക്കെതിരേയാണ്.

കോർപ്പറേഷനിൽ പട്ടികജാതി ആനുകൂല്യങ്ങൾക്ക് അപേക്ഷ നൽകിയവരല്ല തുടരന്വേഷണങ്ങൾക്കെത്തുന്നത്. സ്ഥിരം ചില ഇടനിലക്കാരാണ് കുറവുള്ള രേഖകൾ എത്തിക്കുന്നതും ഉദ്യോഗസ്ഥരുമായി ചങ്ങാത്തം കൂടുന്നതും. സ്വയംതൊഴിൽ സംഘങ്ങൾക്ക് വായ്പയും അക്കൗണ്ടും തേടി സഹകരണ ബാങ്കുകളിലെത്തുന്നതും ഇടനിലക്കാർതന്നെ. പക്ഷേ, ഇവിടെ നൽകുന്ന ഗുണഭോക്താക്കളുടെ പേരുകൾ വ്യത്യസ്തമായിരിക്കും. ആരെങ്കിലും അന്വേഷിച്ചുവന്നാൽ ഒഴിവാക്കിവിടാനാണ് ഈ തന്ത്രം. ഒരു സ്വയംതൊഴിൽ സംഘത്തിലെ രണ്ടുപേരുടെ പേരിൽ അക്കൗെണ്ടടുത്ത് പണം ഇടനിലക്കാർ നടത്തുന്ന സ്വകാര്യസ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കു മാറിയെടുക്കും.

എന്നാൽ കോവിഡ് കാലത്തെ നിയന്ത്രണങ്ങൾ മുതലെടുത്ത് വ്യജരേഖകൾ വ്യാപകമായുണ്ടാക്കി വൻ തട്ടിപ്പു നടത്തുകയായിരുന്നു. പലയിടത്തുനിന്നു കിട്ടുന്ന രേഖകളിലും വിലാസത്തിലുമെല്ലാം സബ്‌സിഡി തട്ടിക്കുകയായിരുന്നു. മുൻ വർഷങ്ങളിലെപ്പോലെ ഇപ്പോഴും ഇതു തുടരാൻ ശ്രമിക്കുന്നുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നത്. പട്ടികജാതി വനിതകൾക്കുള്ള സ്വയംതൊഴിൽ വായ്പ സബ്‌സിഡി പദ്ധതിയിൽ പണം തട്ടാനുള്ള ശ്രമത്തിന് വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്കിൽ പിടിവീണു. 2021-2022 വർഷത്തെ പദ്ധതിയിലുൾപ്പെടുത്തി 12 സന്നദ്ധസംഘങ്ങൾക്ക് വട്ടിയൂർക്കാവ് ബാങ്കിലേക്ക് 36 ലക്ഷം രൂപ സബ്‌സിഡിയായി നൽകി.

ഇതിൽ രണ്ടു സംഘങ്ങൾക്കു മാത്രമാണ് ബാങ്ക് വായ്പ അനുവദിച്ചിരുന്നത്. ബാങ്ക് സെക്രട്ടറി കോർപ്പറേഷൻ അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് 12 സംഘങ്ങളും ബാങ്കിൽനിന്നുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കിയെന്നറിഞ്ഞത്. തുടർന്നു നടത്തിയ പരിശോധനയിൽ കോർപ്പറേഷനിൽ നൽകിയ ബാങ്കിന്റെ 10 സർട്ടിഫിക്കറ്റുകൾ വ്യാജമാണെന്നു കണ്ടെത്തിയതായി സെക്രട്ടറി പറഞ്ഞു. വ്യാജ സർട്ടിഫിക്കറ്റുകളെക്കുറിച്ചു പരിശോധിക്കണമെന്നാവശ്യപ്പെട്ട് വ്യവസായവകുപ്പിനു പരാതി നൽകിയിട്ടുണ്ട്. വ്യവസായ എക്സ്റ്റൻഷൻ ഓഫീസർ നടത്തിയ പരിശോധനയിൽ 10 സ്വയംതൊഴിൽ സംഘങ്ങൾ പ്രവർത്തനം തുടങ്ങിയിട്ടില്ലെന്നു മനസ്സിലാക്കി. തുടർന്ന് ഈ പണം തിരിച്ച് കോർപ്പറേഷനിലേക്ക് അടയ്ക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.