- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡൽഹി കലാപക്കേസിൽ അറസ്റ്റ് ചെയ്തയാളുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി തള്ളി സുപ്രീം കോടതി; ഫൈസാൻ ഖാന്റെ ജാമ്യാപേക്ഷയിൽ പൊലീസ് വാദം തള്ളിയത് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച്
ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ അറസ്റ്റ് ചെയ്തയാളുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന പൊലീസിന്റെ ഹർജി സുപ്രീം കോടതി തള്ളി. ഫെബ്രുവരിയിൽ ഡൽഹിയിൽ നടന്ന കലാപത്തിൽ യു.എ.പി.എ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്ത ഫൈസാൻ ഖാൻ എന്നയാളുടെ ജാമ്യാപേക്ഷ റദ്ദാക്കണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചത്. അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ചാണ് ഹരജി തള്ളിയത്.
മൊബൈൽ സിം വിൽപനക്കാരനായ ഫൈസാൻ ഖാൻ അവശ്യ തിരിച്ചറിയൽ രേഖകൾ പരിശോധിക്കാതെ പല വിദ്യാർത്ഥികൾക്കും സിം കാർഡ് വിതരണം നടത്തിയെന്നാരോപിച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തിരുന്നത്. ഈ സിം കാർഡുകൾ ആരും തിരിച്ചറിയാതെ കലാപം ആസൂത്രണം ചെയ്യാൻ ഇവരെ സഹായിച്ചെന്നും പൊലീസ് ആരോപിച്ചു.
ഒക്ടോബർ 23നായിരുന്നു ഹൈക്കോടതി ഫൈസാൻ ഖാന് ജാമ്യം അനുവദിച്ചത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന പ്രതിഷേധങ്ങളിൽ ഇയാൾക്ക് നേരിട്ട് പങ്കുണ്ടെന്ന് തെളിയിക്കാൻ മതിയായ തെളിവുകളെന്നും പൊലീസിന് ഹാജരാക്കാനിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ഇയാൾക്ക് ജാമ്യം അനുവദിച്ചത്.
തീവ്രവാദ സംഘനടകൾക്കായി ഫണ്ട് സമാഹരിക്കുന്നതിലോ അനുബന്ധ പ്രവർത്തനങ്ങളിലോ ഇയാൾ ഏർപ്പെട്ടിട്ടില്ലെന്നും അന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. വിറ്റ സിം കാർഡുകൾ പ്രതിഷേധം സംഘടിപ്പിക്കാനായാണ് ഉപയോഗിക്കപ്പെടുക എന്ന് കൃത്യമായി അറിയാമായിരുന്നെന്ന് അന്വേഷണ സംഘത്തിന് തെളിയിക്കാൻ സാധിച്ചാൽ മാത്രമേ ഫൈസാൻ ഖാനെതിരെ യു.എ.പി.എ ചുമത്താനാകൂവെന്നും കോടതി പറഞ്ഞു.
ജാമിഅ മില്ലിയയിലെ വിദ്യാർത്ഥി ആസിഫ് ഇക്ബാലുമായി ചേർന്ന് ഫൈസാൻ ഖാൻ നിയമവിരുദ്ധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിയെന്നായിരുന്നു പൊലീസ് കുറ്റപ്പത്രത്തിൽ പറഞ്ഞിരുന്നത്. ഫൈസാൻ ഖാൻ വിറ്റ സിം കാർഡുകൾ ജാമിഅ കോഡിനേഷൻ കമ്മിറ്റി ഭാരവാഹിയായിരുന്ന സഫൂറ സർഗാർ ഉപയോഗിച്ചുവെന്നും പൊലീസ് പറഞ്ഞിരുന്നു. ഈ നമ്പർ ഉപയോഗിച്ചുകൊണ്ടാണ് സഫൂറ സർഗാർ മുസ്ലിങ്ങളെ സംഘടിപ്പിച്ച് കലാപം നടത്തിയതെന്നും കുറ്റപ്പത്രത്തിൽ ആരോപിച്ചിരുന്നു.
ഫെബ്രുവരിയിൽ മുസ്ലിങ്ങൾക്കെതിരെ നടന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. സംഭവത്തിലും തുടർന്നു നടന്ന അന്വേഷണത്തിലും ഡൽഹി പൊലീസിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മനുഷ്യാവകാശ പ്രവർത്തകരെയും വിദ്യാർത്ഥികളെയും കലാപസൂത്രകരായി ചിത്രീകരിക്കാനുള്ള ശ്രമമാണ് പൊലീസ് നടത്തുന്നതെന്ന് നിരവധി പേർ ചൂണ്ടിക്കാണിച്ചിരുന്നു.
മറുനാടന് ഡെസ്ക്