- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ശ്രീകൃഷ്ണന്റെ പേരിൽ മൂവായിരത്തോളം മരങ്ങൾ വെട്ടിമാറ്റാൻ ആവില്ല; നൂറു വർഷം പഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നത്'; മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോഡ് വികസനത്തിൽ സുപ്രീംകോടതിയുടെ അസാധാരണ നിരീക്ഷണം ഇങ്ങനെ
ന്യൂഡൽഹി: മതം ഇടപെടുന്ന എന്ത് വിഷയമായാലും ഇരിക്കാൻ പറഞ്ഞാൽ കിടക്കുന്ന രീതിയിലുള്ള വിധേയത്വത്തോടെയാണ് ഇന്ത്യൻ ജുഡീഷ്യറിവരെ പ്രവർത്തിക്കുക എന്നത് കാലങ്ങളായി മതേതര വാദികൾ ഉയർത്തുന്ന വിമർശനമാണ്. എന്നാൽ യുപിയിലെ മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള റോട് വികസനത്തിന്റെ പേരിൽ ഉണ്ടായ കേസിൽ തിരിച്ചാണ് കോടതി പരാമർശങ്ങൾ ഉണ്ടായത്. ശ്രീകൃഷ്ണന്റെ പേരിൽ മൂവായിരത്തോളം മരങ്ങൾ ഉത്തർപ്രദേശ് സർക്കാരിന് വെട്ടിമാറ്റാൻ കഴിയില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. മുറിച്ചതിനേക്കാൾ കൂടുതൽ മരങ്ങൾ നട്ടുപിടിപ്പിക്കുമെന്ന് സംസ്ഥാനം അറിയിച്ചെങ്കിലും 100 വർഷംപഴക്കമുള്ള മരങ്ങൾ വെട്ടിമാറ്റുന്നതിനു തുല്യമല്ല പുതിയ തൈ നടുന്നതെന്ന് കോടതി ചൂണ്ടിക്കാട്ടി.
മഥുര ജില്ലയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലേക്കുള്ള 25 കിലോമീറ്റർ പരിധിയിലെ റോഡുകൾ വീതികൂട്ടാൻ 2,940 മരങ്ങൾ വെട്ടിമാറ്റാൻ അനുമതി തേടിയ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ഇതിന് 138.41 കോടി രൂപ നഷ്ടപരിഹാരം നൽകുമെന്നും സർക്കാർ അറിയിച്ചിരുന്നു. ശ്രീകൃഷ്ണന്റെ പേരിൽ നിങ്ങൾക്ക് ആയിരക്കണക്കിന് മരങ്ങൾ വെട്ടിമാറ്റാൻ കഴിയില്ലെന്നാണ് യുപി സർക്കാർ പൊതുമരാമത്ത് വകുപ്പിന്റെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പറഞ്ഞത്. മരങ്ങൾ ഓക്സിജൻ നൽകുന്നുവെന്നും അവയെ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം വിലയിരുത്താനാകില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്മണ്യൽ എന്നിവരങ്ങിയ ബഞ്ച് നിരീക്ഷിച്ചു.
വാഹനങ്ങളുടെ വേഗം ഉറപ്പാക്കാൻ മരങ്ങൾ മുറിച്ചുമാറ്റേണ്ടതുണ്ടെന്ന സംസ്ഥാനത്തിന്റെ വാദവും കോടതി തള്ളി. സംസ്ഥാനത്തിന്റെ ഭാഗത്തുനിന്ന് കൃത്യമായ റിപ്പോർട്ട് വേണമെന്ന് മുന്നറിയിപ്പ് നൽകിയ കോടതി വിഷയത്തിൽ മറ്റൊരു വിലയിരുത്തൽ നടത്താൻ ഉത്തർപ്രദേശ് സർക്കാരിന് നാല് ആഴ്ചയും സമയവും നൽകി.
മറുനാടന് ഡെസ്ക്