- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
70 ലക്ഷം രൂപയുടെ പട്ടികജാതി ക്ഷേമ ഫണ്ട് തട്ടിപ്പ്: തിരുവനന്തപുരം നഗരസഭാ എസ്. സി. പ്രമോട്ടറുടെയും ഭാര്യയുടെയും മുൻകൂർ ജാമ്യഹർജി തള്ളി; കേസ് വിജിലൻസിന് കൈമാറിയതിനാൽ വിജിലൻസ് കോടതിയെ സമീപിക്കാൻ ജില്ലാ കോടതി ഉത്തരവ്; രാഹുൽ പണം ട്രാൻസ്ഫർ ചെയ്തത് ഒമ്പത് അക്കൗണ്ടുകളിലേക്കായി
തിരുവനന്തപുരം: തദ്ദേശ സ്വയം ഭരണ വകുപ്പിന് കീഴിലുള്ള തലസ്ഥാന നഗരസഭയിലെ പട്ടിക ജാതി, പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്കുള്ള പീന മുറി , വിവാഹ ധനസഹായം , സ്കോളർഷിപ്പുകൾ എന്നീ ആനുകൂല്യങ്ങൾ ഗുണ ഭോക്താക്കൾക്ക് നൽകാതെ എസ്. സി , എസ്. റ്റി ക്ഷേമപദ്ധതി ഫണ്ടിൽ നിന്ന് 70 ലക്ഷം രൂപയുടെ പണാപഹരണം നടത്തിയ കേസിൽ എസ്. സി. പ്രമോട്ടറുടെയും ഭാര്യയുടെയും മുൻകൂർ ജാമ്യ ഹർജി തിരുവനന്തപുരം പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി.
സിറ്റി മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള കുറ്റങ്ങൾ കൂടി ഉൾപ്പെട്ടതിനാൽ വിജിലൻസിന് കൈമാറിയ സാഹചര്യത്തിൽ വിജിലൻസ് കോടതിയെ സമീപിക്കാമെന്ന നിരീക്ഷണത്തോടെ ജില്ലാ ജഡ്ജി പി. കൃഷ്ണകുമാർ ഹർജി തള്ളുകയായിരുന്നു. എസ്.സി. പ്രൊമോട്ടറായ രാഹുൽ. ആർ , ഭാര്യ ഡി. അനു പ്രിയ കൃഷ്ണ എന്നിവരാണ് മുൻകൂർ ജാമ്യ ഹർജിയുമായി ജില്ലാ കോടതിയെ സമീപിച്ചത്. മുഖ്യ പ്രതിയായ നഗരസഭ പട്ടികജാതി ഡെവലപ്പ്മെന്റ് ഓഫീസിലെ വികസന വിഭാഗം സീനിയർ ക്ലർക്ക് കാട്ടാക്കട വീരണകാവ് പട്ടക്കുളം അനിഴം വീട്ടിൽ ആർ. യു. രാഹുലിനെ ജൂലൈ 12ന് തിരുവനന്തപുരം വിജിലൻസ് കോടതി വിജിലൻസ് കസ്റ്റഡിയിൽ ചോദ്യം ചെയ്ത് തെളിവു ശേഖരണത്തിനായി വിജിലൻസിന്റെ കസ്റ്റഡിയിൽ വിട്ടു.
ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് നമ്പർ മാറ്റി സ്വന്തം അക്കൗണ്ടിലേക്കും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യാനുപയോഗിച്ച തന്റെ ലാപ്ടോപ്പും ഐ ഫോണും ഡൽഹിയിൽ വിറ്റതായാണ് ആർ. യു. രാഹുലിന്റെ മൊഴിയായി വിജിലൻസ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ പറഞ്ഞിട്ടുള്ളത്. രാഹുലിന്റെ ബന്ധുക്കളും സുഹൃത്തുക്കളുമാണ് 2 മുതൽ 11 വരെയുള്ള പ്രതികൾ.
പട്ടിക ജാതി , പട്ടിക വർഗ്ഗ വിഭാഗത്തിന് ലഭിക്കുന്ന ആനുകൂല്യങ്ങളാണ് രാഹുലും സംഘവും തട്ടിയെടുത്തത്. പീന മുറിക്കായി അനുവദിച്ച തുക ലഭിക്കാത്തതിനെ തുടർന്ന് ഗുണഭോക്താവ് തിരുവനനന്തപുരം കോർപ്പറേഷൻ ഓഫീസിൽ പരാതിയുമായെത്തിയപ്പോഴാണ് മാസങ്ങളായി നടത്തി വന്ന വൻ തട്ടിപ്പ് പുറം ലോകമറിഞ്ഞത്. മറ്റൊരു ഗുണഭോക്താവിന് വിവാഹ ധനസഹായമായി അനുവദിച്ച 75,000 രൂപ സ്വന്തം അക്കൗണ്ട് നമ്പർ നൽകി ഓഗസ്റ്റ്റ്റ് 21 ന് എസ്.സി പ്രൊമോട്ടർ സംഗീത തട്ടിയെടുത്തതായി സ്ഥിരീകരിച്ചു. മറ്റൊരു ഗുണഭോക്താവിന് അനുവദിച്ച 2 ലക്ഷം രൂപയും ഒക്ടോബർ 12 , നവംബർ 3 , മാർച്ച് 10 എന്നീ തീയതികളിലായി സംഗീത തട്ടിയെടുത്തു.
സുഹൃത്തുക്കളുടെയും ബന്ധുക്കളുടേയുമായി 9 അക്കൗണ്ടുകളിലേക്കാണ് രാഹുൽ പണം ട്രാൻസ്ഫർ ചെയ്തത്. തുടർന്ന് കോർപ്പറേഷൻ സെക്രട്ടറി മ്യൂസിയം പൊലീസിലും പട്ടിക ജാതി വകുപ്പിനും പരാതി നൽകുകയായിരുന്നു. ഇതിന് തൊട്ടുമുമ്പ് ആർ.യു. രാഹുൽ വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് ട്രാൻസ്ഫർ ആയി പോയി.
തട്ടിപ്പ് കണ്ടെത്തിയതോടെ രാഹുലിനെയും കൊല്ലത്തേക്ക് മാറിപ്പോയ സീനിയർ ക്ലാർക്ക് പൂർണിമ കാണിയെയും സസ്പെന്റ് ചെയ്തു. കോർപ്പറേഷനിലെ എസ്. സി. ഫീൽഡ് പ്രൊമോട്ടർമാരായ വട്ടിയൂർക്കാവ് മഞ്ചാടിമൂട് സ്വദേശി എസ്. ബി. വിശാഖ് സുധാകരൻ , ഈഞ്ചക്കൽ നിവാസി സംഗീത എന്നിവരെ. പിരിച്ചുവിട്ടു. ലക്ഷങ്ങളുടെ തട്ടിപ്പിൽ രാഹുലിന്റെ ഒരു ബന്ധുവിനെ മാത്രമാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.