ന്യൂഡൽഹി: ലൈംഗിക തൊഴിലിന് നിയമപരിരക്ഷ നൽകി സുപ്രീം കോടതി. പ്രായപൂർത്തിയായവർ സ്വമേധയാ ലൈംഗിക തൊഴിലിൽ ഏർപ്പെട്ടാൽ കേസെടുക്കരുതെന്നും ഭരണഘടന പ്രകാരം ലൈംഗിക തൊഴിലാളികൾക്ക് അന്തസോടെ ജീവിക്കാൻ അവകാശമുണ്ടെന്നും സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെതാണ് സുപ്രധാനവിധി.

പൊലീസ് ഇവരോടു മാന്യമായി പെരുമാറണം, വാക്കു കൊണ്ടുപോലും അധിക്ഷേപിക്കരുത്. ഇവരുടെ കുട്ടികൾക്കും ഈ അവകാശം ഉറപ്പാക്കണം. ലൈംഗികത്തൊഴിലാളികളുടെ റെയ്ഡും മോചനവാർത്തയും സംബന്ധിച്ചുള്ള വാർത്തകളിൽ ചിത്രങ്ങളോ ഇവരെ തിരിച്ചറിയുന്ന വിവരങ്ങളോ നൽകരുത്. ഇതുസംബന്ധിച്ചു പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ മാർഗരേഖ പുറപ്പെടുവിക്കണം സുപ്രീംകോടതി വ്യക്തമാക്കി.

ലൈംഗിക തൊഴിലാളികൾക്ക് നിയമത്തിൽ തുല്യസംരക്ഷണത്തിന് അർഹതയുണ്ട്. പ്രായവും സമ്മതവും കണക്കിലെടുത്താവണം കേസ് എടുക്കേണ്ടത്. ലൈംഗിക തൊഴിലാളികളെ അറസറ്റ് ചെയ്യുകയോ പിഴ ഈടാക്കുകയോ ചെയ്യരുതെന്നും സുപ്രീം കോടതി വ്യക്താക്കി. പ്രായപൂർത്തിയാവാത്ത വ്യക്തിയാണു ലൈംഗിക തൊഴിലാളിയെങ്കിൽ, അവരുടെ സമ്മതത്തോടെയാണു തൊഴിൽ ചെയ്യുന്നതെങ്കിൽ അതിൽ പൊലീസ് ഇടപെടാനും കേസെടുക്കാനും പാടില്ലെന്ന് ജസ്റ്റിസ് നാഗേശ്വര റാവുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

വേശ്യാലയം നടത്തുന്നത് നിയമവിരുദ്ധമാണ്. എന്നാൽ ഒരു വേശ്യാലയത്തിൽ റെയ്ഡ് നടക്കുമ്പോൾ ഉഭയസമ്മത പ്രകാരമാണ് ലൈംഗിക ബന്ധമെങ്കിൽ അതിനെ നിയമവിരുദ്ധമായി കാണാനാവില്ല. ഒരമ്മ ലൈംഗിക തൊഴിലിൽ ഏർപ്പെടുന്നതുകൊണ്ട് ഒരു കുട്ടിയെ അവരിൽ നിന്ന് വേർപ്പെടുത്താനാവില്ല.

മാത്രമല്ല ലൈംഗികത്തൊഴിലാളികൾക്ക് ആധാർ കാർഡ് അനുവദിക്കാനും യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയോടു സുപ്രീംകോടതി നിർദ്ദേശിച്ചു. ദേശീയ എയ്ഡ്‌സ് കൺട്രോൾ ഓർഗനൈസേഷനിലെ ഗസറ്റഡ് ഓഫിസറുടെയോ സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രോജക്ട് ഡയറക്ടറുടെയോ സാക്ഷ്യപത്രത്തോടെ ഇത് അനുവദിക്കാനാണു കോടതി നിർദ്ദേശിച്ചത്.