ന്യൂഡൽഹി: ബലാത്സംഗത്തിനിരയായി ഗർഭിണിയായ എച്ച്ഐവി ബാധിത ഗർഭച്ഛിദ്രത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് സുപ്രീം കോടതി 26 മാസം ഗർഭിണിയായ 35 വയസ്സുള്ള യുവതിയുടെ അപേക്ഷയ്ക്ക് അനുമതി നിഷേധിച്ചത്. ആറാം മാസം ഗർഭച്ഛിദ്രം നടത്തുകയാണെങ്കിൽ യുവതിയുടെ ജീവന് തന്നെ ഭീഷണിയാകുമെന്ന് യുവതിയെ പരിശോധിച്ച ഏയിംസ് സംഘം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെത്തുടർന്നാണ് സുപ്രീം കോടതി തീരുമാനം.

ഗർഭച്ഛിദ്രം നടത്തണെങ്കിൽ ഗർഭസ്ഥ ശിശുവിന്റെ പിതാവിന്റെ കൂടി അനുമതി വേണമെന്ന ആശുപത്രി അധികൃതരുടെ വാശിയായിരുന്നു കാലത്താമസത്തിന് കാരണം. ഗർഭിണിക്കോ ഗർഭസ്ഥ ശിശുവിനോ ഗുരുതര ആരോഗ്യ പ്രശ്നങ്ങളുണ്ടെങ്കിൽ ഗർഭച്ഛിദ്രം നടത്താനുള്ള അവകാശം നിഷേധിക്കാനുണ്ടായ സാഹചര്യം കണക്കിലെടുത്ത് സംസ്ഥാന സർക്കാരും ആശുപത്രി അധികൃതരും യുവതിക്ക് നഷ്ടപരിഹാരം നൽകണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്.

ബലാത്സംഗത്തിനിരയായ യുവതിക്ക് ഗർഭച്ഛിദ്രം നടത്തണമെങ്കിൽ ശിശുവിന്റെ പിതാവിന്റെ അനുമതി കൂടി വേണമെന്ന പാറ്റ്‌ന മെഡിക്കൽ കോളജ് അധികൃതർ നിർബന്ധം പിടിച്ചിരുന്നു. ഇതിനെ തുടർന്നാണ് യുവതി കോടതിയെ സമീപിച്ചത്. ജസ്റ്റിസുമാരായ ദീപക് മിശ്ര, എഎം ഖാൻവിൽകാർ എംഎം ശാന്തൻഗൗഡാർ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.

യുവതിക്ക് എല്ലാ ചികിത്സാ സൗകര്യങ്ങളുമൊരുക്കാൻ ബീഹാർ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. മൂന്ന് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും ഉത്തരവിൽ പറയുന്നു. യുവതിക്കുള്ള എല്ലാ ചികിത്സയും പാറ്റനയിലെ ഇന്ദിരാ ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ലഭ്യമാക്കാനും ഉത്തരവിട്ടിട്ടുണ്ട്.

ഗർഭച്ഛിദ്രം നടത്തുന്നതിന് സ്ത്രീയ്ക്കുള്ള അവകാശം നിഷേധിക്കുന്ന തരത്തിൽ ബീഹാർ സർക്കാരും പാറ്റ്ന മെഡിക്കൽ കോളജ് അധികൃതരും വീഴ്‌ച്ച വരുത്തിയതായി ബെഞ്ച് നിരീക്ഷിച്ചു. യുവതിയുടെ ആവശ്യത്തെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ ശക്തമായി എതിർത്തിരുന്നു. ഇതിനെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.

നിയമ പോരാട്ടം നടത്തേണ്ടി വന്ന കാലത്താമസം മൂലം ഗർഭച്ഛിദ്രത്തിനുള്ള സമയം അതിക്രമിച്ചതിനാൽ, ഗർഭച്ഛിദ്രത്തിനുള്ള മാർഗനിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്നും സർക്കാരിനോട് ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള എല്ലാ ഹർജികളിലും കോടതികൾ സമയബന്ധിതമായി വിധി പുറപ്പെടുവിക്കണമെന്നും വിധിയിൽ പറയുന്നു.