- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരേ വാക്സിന് മൂന്നുവില ഈടാക്കുന്നത് എവിടുത്തെ ന്യായം? രാജ്യം പ്രതിസന്ധിയിൽ ആയിരിക്കെ മൂകസാക്ഷിയായി ഇരിക്കാനാവില്ല; വാക്സിൻ വിലയിൽ ഇടപെടാൻ അധികാരമുള്ളപ്പോൾ അത് പ്രയോഗിക്കാത്തത് എന്തുകൊണ്ട്; കേന്ദ്രസർക്കാരിനോട് ചോദ്യങ്ങൾ ഉന്നയിച്ച് സുപ്രീം കോടതി
ന്യൂഡൽഹി: കോവിഡ് വാക്സിൻ വിലയിൽ ഇടപെടാൻ കേന്ദ്രസർക്കാരിന് അധികാരമുണ്ടെന്ന് സുപ്രീം കോടതി. പ്രതിസന്ധിയിലല്ലാതെ എപ്പോഴാണ് ഈ അധികാരം ഉപയോഗിക്കുന്നതെന്നും കോടതി ചോദിച്ചു.ഒരേ കോവിഡ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? രാജ്യം ഒരു പ്രതിസന്ധിയിലാണെന്നും ഈ സമയത്ത് മൂകസാക്ഷിയായിരിക്കാൻ കഴിയില്ലെന്നും കോടതി പറഞ്ഞു. കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സമയത്ത് സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശങ്ങൾ. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
എന്ത് യുക്തിയുടെ അടിസ്ഥാനത്തിലാണ് വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതെന്ന് സർക്കാർ വിശദീകരിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഒരേ വാക്സിന് രാജ്യത്ത് മൂന്ന് വില എന്ന നയമാണ് നിലവിലുള്ളത്. സംസ്ഥാനസർക്കാരുകൾക്ക് കോവിഷീൽഡ് ഡോസ് ഒന്നിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികൾക്ക് 600 രൂപയ്ക്കുമാണ് നൽകുന്നത്. കൊവാക്സിൻ സംസ്ഥാനങ്ങൾക്ക് 600 രൂപയ്ക്ക് ലഭിക്കുമ്പോൾ സ്വകാര്യ ആശുപത്രികൾ 1200 രൂപവരെ നൽകേണ്ടി വരും. ഈ വിലനിരക്കിനെതിരെ രാജ്യമെമ്പാടും പ്രതിഷേധമുയർന്നിരുന്നു.
18 വയസിന് മുകളിലുള്ള എല്ലാവർക്കും മെയ് ഒന്ന് മുതൽ വാക്സിൻ നൽകിത്തുടങ്ങുന്നതോടെ എത്ര വാക്സിൻ വേണ്ടിവരും എന്നത് സംബന്ധിച്ച വിവരങ്ങളും കോടതിയെ ധരിപ്പിക്കാൻ സർക്കാരിനോട് നിർദ്ദേശിച്ചിട്ടുണ്ട്. 45 വയസിന് മുകളിലുള്ളവർക്ക് രണ്ടാം ഡോസ് നൽകുന്നതിനൊപ്പം 18 നും 45 വയസിനും ഇടയിലുള്ളവർക്ക് സുഗമമായി വാക്സിനേഷൻ നടത്താനുമാകുമോയെന്ന് സർക്കാർ കോടതിക്ക് മുന്നിൽ വ്യക്തമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
ഓരേ വാക്സിന് വ്യത്യസ്ത വില ഈടാക്കുന്നതെന്തിനെന്ന് വ്യക്തമാക്കി സർക്കാർ കോടതി മുമ്പാക സത്യവാങ്മൂലം സമർപ്പിക്കണമെന്നാണ് കോടതിയുടെ നിർദ്ദേശം. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും കേസ് പരിഗണിക്കും. ആ സമയത്ത് രാജ്യത്തെ ഓക്സിജൻ ലഭ്യതയെക്കുറിച്ചും വാക്സിൻ ലഭ്യതയെക്കുറിച്ചും സർക്കാർ സത്യവാങ്മൂലം നൽകണം. വ്യാഴാഴ്ച ആറു മണിക്ക് മുമ്പ് ഇക്കാര്യത്തിൽ വിശദീകരണം നൽകാൻ കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. വാക്സിൻ നിർണയത്തിലെ അപാകത ചൂണ്ടിക്കാട്ടിയുള്ള ഹരജിയിലാണ് സുപ്രീംകോടതി നടപടി. വാക്സിന് കമ്പനികൾ പല വില ഈടാക്കുന്നത് ചൂണ്ടിക്കാട്ടിയ കോടതി, വാക്സിൻ നിർമ്മാണ കമ്പനികൾക്ക് നോട്ടീസ് അയച്ചു. രാജ്യം ഒറ്റക്കെട്ടായി നിന്ന് പ്രതിസന്ധിയെ നേരിടേണ്ട സമയത്ത് ചിലർ രാഷ്ട്രീയം കളിക്കുകയാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ആരോപിച്ചു. കേരളം, തമിഴ്നാട് സംസ്ഥാനങ്ങളെ ഓക്സിജന്റെ കാര്യത്തിൽ പുകഴ്ത്തുന്നത് തന്നെ ഇതിന്റെ ഉദാഹരണമാണെന്നും തുഷാർ മേത്ത ചൂണ്ടിക്കാട്ടി.
അഞ്ച് കാര്യങ്ങളിൽ വ്യക്തത വരുത്തണം
അഞ്ച് കാര്യങ്ങളിൽ വ്യക്തത വരുത്താൻ കോടതി കേന്ദ്ര സർക്കാറിനോട് ആവശ്യപ്പെട്ടു.
1.വാക്സിന് കേന്ദ്രത്തിലും സംസ്ഥാനത്തും വ്യത്യസ്ത വിലകൾ വരുന്നത്
2. 18നും 45നും ഇടയിലുള്ളവർക്ക് നൽകാനുള്ള വാക്സിന്റെ ലഭ്യത ഉറപ്പാക്കുന്നത്
3. ഓക്സിജൻ ക്ഷാമം പരിഹരിക്കാൻ കേന്ദ്രം സ്വീകരിച്ച നടപടികൾ
4. അവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നത്
5. ജില്ല കലക്ടർമാർ മുതൽ ആരോഗ്യ മന്ത്രാലയം വരെയുള്ള ഏകോപനം
മറുനാടന് മലയാളി ബ്യൂറോ