- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഹകരണ ഫെഡറേഷനിൽ കോടികളുടെ വെട്ടിപ്പു പുറത്തുവരാതിരിക്കാൻ 10 വർഷത്തെ ഓഡിറ്റ് അട്ടിമറിച്ചു; 2010-2014 ക്രമക്കേടുകളിൽ തട്ടിപ്പുകാരെ രക്ഷിക്കാനും ശ്രമം; കരുവന്നൂർ തട്ടിപ്പിനെ കുറിച്ച് പഠിക്കാനുള്ള സമിതിയിലെ നാലാമനും അയ്യപ്പൻനായർ; എസ് സി-എസ് ടി ഫെഡറേഷന്റെ നഷ്ടത്തിന് ഉത്തരവാദിയാര്?
തൃശ്ശൂർ: കേരളത്തിലെ എസ്. സി.-എസ്.ടി. വിഭാഗം സഹകരണ സംഘങ്ങളുടെ അപ്പെക്‌സ് സ്ഥാപനമായ എസ്.സി-എസ്.ടി. ഫെഡറേഷന്റെ 2010 -2014 കാലത്തെ ഓഡിറ്റിങ്ങിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയെങ്കിലും നടക്കുന്നത് ഉന്നതര രക്ഷിക്കാനുള്ള തട്ടിപ്പുകൾ. 2010 മുതൽ 2014 വരെയുള്ള കാലത്ത് ഓഡിറ്റിങ് നടത്തിയത് സഹകരണവകുപ്പിലെ സീനിയർ ഓഡിറ്ററായ ടി. അയ്യപ്പൻനായരാണെന്ന് സഹകരണ അഡീഷണൽ ഡയറക്ടർ സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പിനെപ്പറ്റി പഠിക്കാൻ സർക്കാർ നിയോഗിച്ച ഒൻപതംഗ സമിതിയിലെ നാലാമനാണ് അയ്യപ്പൻനായർ.
2015-നു ശേഷം ഓഡിറ്റിങ് നടത്തിയിട്ടുമില്ല. ക്രമക്കേടുള്ള ഓഡിറ്റിങ് റദ്ദാക്കി വീണ്ടും നടത്തണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരേ നിയമനടപടി സ്വീകരിക്കണമെന്നും സഹകരണ രജിസ്ട്രാർ സർക്കാരിനോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ ഈ റിപ്പോർട്ട് തയ്യാറാക്കിയവരെ കുടുക്കുകയാണ് സർക്കാർ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റുകയും ചെയ്തു. ഇതിനൊപ്പം എന്തിനാണ് റിപ്പോർട്ട് സമർപ്പിച്ചതെന്ന് വിശദീകരിക്കാൻ സഹകരണ ഓഡിറ്റ് ഡയറക്ടർക്ക് റിപ്പോർട്ടും നൽകി വകുപ്പു സെക്രട്ടറി.
അയ്യപ്പൻ നായരുടെ നൽകിയ മറുപടി പൂഴ്‌ത്തി വച്ചുവെന്നും റിപ്പോർട്ടുണ്ട്. നിലവിൽ സഹകരണ വകുപ്പിൽ അസിന്റന്റ് രജിസ്ട്രാറും ഐടി നോഡൽ ഓഫീസറുമാണ് അയ്യപ്പൻ നായർ. കേരളത്തിലെ സഹകരണ സംഘങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് റീ-ഓഡിറ്റിങ്ങിന് വകുപ്പ് ശുപാർശ ചെയ്യുന്നത്. എസ്.സി-എസ്.ടി. ഫെഡറേഷന്റെ 2010-2014 കാലത്തെ ഓഡിറ്റിങ്ങിലെ ക്രമക്കേട് അക്കമിട്ട് നിരത്തിയതും റീ ഓഡിറ്റിങ്ങിന് ശുപാർശചെയ്തതും സഹകരണ അഡീഷണൽ ഡയറക്ടറാണ്. സഹകരണ മന്ത്രിയുമായി ഏറെ അടുപ്പം ഈ ഉദ്യോഗസ്ഥനുണ്ട്.
റിപ്പോർട്ട് സർക്കാറിന് കിട്ടിയതിന്റെ മൂന്നാംനാൾ അഡീഷണൽ ഡയറക്ടറെ സഹകരണ ഇലക്ഷൻ കമ്മിഷനിലേക്ക് സ്ഥലം മാറ്റി. 2013-14 വർഷത്തെ ഓഡിറ്റ് നോട്ട് വകുപ്പ് അംഗീകരിച്ചത് 2020 ഫെബ്രുവരി 20-നാണ്. 2014-15-വർഷത്തെ ഓഡിറ്റിങ് നടത്തിയ ജൂനിയർ ഓഡിറ്റർ മഹേഷ് നൽകിയ റിപ്പോർട്ടിൽ ഓഡിറ്റ് നോട്ട് അംഗീകരിച്ചത് 2021 ജനുവരി 11-നും. 2015-16 മുതലുള്ള ഓഡിറ്റ് റിപ്പോർട്ട് നൽകിയിട്ടുമില്ലെന്നാണ് സൂചന. ഓരോ വർഷത്തെയും ഓഡിറ്റ് നടത്തി അടുത്ത സെപ്റ്റംബറിനുള്ളിൽ സർട്ടിഫിക്കറ്റ് സംഘങ്ങൾക്ക് നൽകണമെന്നാണ് വ്യവസ്ഥ. അഞ്ചുവർഷമായി എസ്.സി-എസ്.ടി. ഫെഡറേഷനിൽ ഇത് പാലിക്കപ്പെട്ടിട്ടില്ല.
എസ്.സി.-എസ്.ടി. ഫെഡറേഷന് ഓരോ വർഷവും കേന്ദ്ര-സംസ്ഥാന പ്ലാൻ ഫണ്ടുകളും ഗ്രാന്റുകളും ലഭിക്കാൻ ഓഡിറ്റ് സർട്ടിഫിക്കറ്റ് ആവശ്യമാണ്. ഇതിനാൽ അഞ്ചുവർഷമായി ഫെഡറേഷന് വൻ ആസ്തി ശോഷണവും സർക്കാർ സഹായങ്ങൾ പൂർണമായും ലഭിക്കാത്ത സ്ഥിതിയുമാണുള്ളതെന്നും സഹകരണ അഡീഷണൽ ഡയറക്ടറുടെ റിപ്പോർട്ടിൽ പറയുന്നു.
സഹകരണ ഫെഡറേഷനിൽ കോടികളുടെ വെട്ടിപ്പു പുറത്തുവരാതിരിക്കാൻ 10 വർഷത്തെ ഓഡിറ്റ് അട്ടിമറിച്ചുവെന്നാണ് ആരോപണം. കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നൽകിയ കോടികളുടെ ഗ്രാന്റ് വെട്ടിപ്പു നടത്തിയതായാണു സംശയം. പരാതി ലഭിച്ചതിനെത്തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചത്. സർക്കാരുകളുടെ ഗ്രാന്റുകൾ ലഭിക്കുന്നത് ഓരോ വർഷവും സമർപ്പിക്കുന്ന ഓഡിറ്റ് സർട്ടിഫിക്കറ്റിന്റെ കൂടി അടിസ്ഥാനത്തിലാണ്. ഓഡിറ്റ് വൈകുന്നതു മൂലം ഈ ഇനത്തിൽ ഫെഡറേഷനു വലിയ തുക നഷ്ടമായതായും വിവരമുണ്ട്.
സഹകരണ ഫെഡറേഷനു തിരുവനന്തപുരത്ത് പെട്രോൾ പമ്പ് ഉണ്ടെങ്കിലും വരുമാനമില്ല. പെട്രോൾ അടിക്കാൻ തിരുവനന്തപുരം കോർപറേഷനുമായി കരാർ ഉണ്ടാക്കിയിരുന്നു. കോർപറേഷനിലെ വാഹനങ്ങൾ ഇവിടെനിന്ന് ഇന്ധനം നിറച്ചെങ്കിലും വരുമാനം സഹകരണ ഫെഡറേഷനിൽ എത്തിയില്ല. പമ്പിൽ ഇന്ധനം സ്റ്റോക്ക് ഇല്ലാത്ത ദിവസങ്ങളിലും കോർപറേഷൻ വാഹനങ്ങൾക്കും മറ്റു സർക്കാർ വാഹനങ്ങൾക്കും ഇന്ധനം നൽകിയെന്നാണു രേഖകൾ. ഫെഡറേഷനു കീഴിലെ ആയുർധാര ഫാർമസ്യൂട്ടിക്കൽസിലും വ്യാപക ക്രമക്കേട് നടന്നതായി പരാതിയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ