- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാർഷിക നിയമങ്ങൾ സ്റ്റേ ചെയ്തു സുപ്രീംകോടതി; ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ കാർഷിക നിയമങ്ങൾ രാജ്യത്ത് നടപ്പിലാക്കരുതെന്ന് ചീഫ് ജസ്റ്റിസ് അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്; നിയമം പഠിക്കാൻ നാലംഗ വിദഗ്ധ സമിതിയെ നിയോഗിച്ചു; കേന്ദ്രവും കർഷകരുമായി സമിതി ചർച്ച നടത്തും; സമിതി മുമ്പാകെ ഹാജരാകില്ലെന്ന് കർഷകർ
ന്യൂഡൽഹി: തലസ്ഥാനത്തെ വിറപ്പിച്ച കാർഷിക സമരങ്ങൾക്ക് ഒടുവിൽ കേന്ദ്രസർക്കാർ പാസാക്കിയ മൂന്നു കാർഷിക നിയമങ്ങൾ നടപ്പാക്കുന്നത് സുപ്രീംകോടതി സ്റ്റേ ചെയ്തു. അടുത്തൊരു ഉത്തരവ് വരെ നിയമം സ്റ്റേ ചെയ്യുന്നതായി ചീഫ് ജസ്റ്റിസ് എച്ച്.എ. ബോബ്ഡെ അടങ്ങുന്ന ബെഞ്ച് അറിയിച്ചു. ഒപ്പം ചർച്ചകൾക്കായി ഒരു സമിതിയേയും കോടതി നിയോഗിച്ചു. ഇതു വ്യക്തമാക്കുന്ന ഉത്തരവ് ഇന്നുതന്നെ പുറത്തിറക്കുമെന്നും കോടതി അറിയിച്ചു. അഗ്രികൾച്ചറൽ ഇക്കണോമിസ്റ്റ് അശോക് ഗുലാത്തി, ഹർസിമ്രത് മാൻ, പ്രമോദ് ജോഷി, അനിൽ ധാൻവത് തുടങ്ങിയവരടങ്ങിയ സമിതിയാണ് വിഷയം പരിഗണിക്കുക.
കർഷകരുടെ ഭൂമി സംരക്ഷിക്കും. കരാർ കൃഷിക്കായി ഭൂമി വിൽക്കരുതെന്ന് ഇടക്കാല ഉത്തരവിറക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സമിതിയിലെ അംഗങ്ങളെ തങ്ങൾ തീരുമാനിക്കുമെന്നു കോടതി പറഞ്ഞു. തടയിടാൻ ആർക്കുമാവില്ല. കർഷകർ സഹകരിച്ചേ മതിയാകുമെന്നും ഇതു രാഷ്ട്രീയമല്ലെന്നും കോടതി പറഞ്ഞു. കർഷകരെ പ്രതിനിധീകരിക്കുന്ന മൂന്ന് അഭിഭാഷകർ ഹാജരാകാത്തത്തിൽ ചീഫ് ജസ്റ്റിസ് അതൃപ്തി രേഖപ്പെടുത്തി. സമിതിയുമായി പൂർണമായി സഹകരിക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.
നിയമത്തിന്റെ സാധുതയെക്കുറിച്ചു മാത്രമല്ല, പ്രതിഷേധം ജീവനേയും സ്വത്തിനേയും ബാധിക്കുന്നവരുടെ സംരക്ഷണവും ഞങ്ങൾ കണക്കിലെടുക്കുന്നുണ്ട്. തങ്ങളുടെ അധികാരപരിധിയിൽ നിന്നുകൊണ്ട് പ്രശ്നം പരിഹരിക്കുന്നതിനാണ് ശ്രമമെന്നും ചീഫ് ജസ്റ്റിസ് എച്ച്.എ.ബോബ്ഡെ വ്യക്തമാക്കി. ഞങ്ങൾ രൂപം കൊടുക്കുന്ന സമിതിയിൽ ഞങ്ങൾക്ക് വിശ്വാസമുണ്ട്. ജുഡീഷ്യൽ നടപടിക്രമങ്ങളിൽ ഈ സമിതിയും ഭാഗമാകും ചീഫ് ജസ്റ്റിസ് പറയുന്നു.
ഇന്ന് കോടതിയിൽ നിന്നം ദ്വീർഘമായ നടപടികളും ചർച്ചകളുമാണ് ഉണ്ടായത്. ലോകത്ത് ഒരു ശക്തിക്കും സ്വതന്ത്ര കമ്മിറ്റി രൂപവത്കരിക്കുന്നതിൽനിന്ന് തങ്ങളെ തടയാൻ കഴിയില്ല. പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നവർ സമിതി മുമ്പാകെ വരാം. ആരെയും ശിക്ഷിക്കാനുള്ളതല്ല സമിതി. സമിതി റിപ്പോർട്ട് നൽകുന്നത് കോടതിക്ക് ആയിരിക്കുമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ അഭിഭാഷകർ മുഖേന വ്യക്തമാക്കി. അനിശ്ചിത കാലത്തേക്ക് സമരം തുടരാനാണ് കർഷകർ ആഗ്രഹിക്കുന്നതെങ്കിൽ അത് ചെയ്യാമെന്നും ഇതിനോട് കോടതി പ്രതികരിച്ചു.
നിയമം താൽകാലികമായി റദ്ദാക്കാനുള്ള ഭരണഘടനാപരമായ അധികാരം തങ്ങൾക്കുണ്ട്. എന്നാൽ അതുകൊണ്ട് പ്രത്യേകിച്ച് കാര്യമില്ല. അതുകൊണ്ടാണ് വിദഗ്ധ സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുള്ളത്. വിദഗ്ധ സമിതിയുടെ തീരുമാനം അറിഞ്ഞ ശേഷം മറ്റു കാര്യങ്ങൾ തീരുമാനിക്കാമെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.
നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിശോധിക്കുന്നതിന് വിരമിച്ച ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിൽ വിദഗ്ധസമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. കാർഷിക നിയമങ്ങൾ കേന്ദ്ര സർക്കാർ മരവിപ്പിച്ചില്ല എങ്കിൽ സ്റ്റേ ചെയ്യുമെന്നും ഇന്നലെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് പറഞ്ഞിരുന്നു.
നിയമങ്ങൾ പിൻവലിക്കണമെന്ന ആവശ്യം ന്യായവും സ്വീകാര്യവുമല്ലെന്ന് വ്യക്തമാക്കി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ് മൂലം ഫയൽ ചെയ്തിരുന്നു. കാർഷിക നിയമങ്ങൾ പെട്ടെന്ന് കൊണ്ടുവന്നതല്ല. അതിനാൽ കാർഷിക മേഖലയിലെ പരിഷ്കരണങ്ങളിൽനിന്ന് പിന്മാറാൻ കഴിയില്ല. രാജ്യത്തെ ബഹുഭൂരിപക്ഷം വരുന്ന കർഷകർക്ക് നിയമങ്ങൾ സ്വീകാര്യമാണെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ് മൂലത്തിൽ പരാമർശിച്ചിട്ടുണ്ട്.
ഒരു വിഭാഗം കർഷകർ മാത്രമാണ് നിയമങ്ങളെ എതിർക്കുന്നത്. അവരുമായി ചർച്ച നടത്തി വരിയാണ്. മുൻവിധികളോടെയാണ് ചില കർഷക സംഘടനകൾ ചർച്ചകളിൽ പങ്കെടുക്കുന്നത്. നിയമത്തെ കുറിച്ച് കർഷകർക്ക് ഇടയിൽ തെറ്റായ കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ കർഷകർ അല്ലാത്ത ചിലർ പ്രചരിപ്പിക്കുന്നുവെന്നും കേന്ദ്ര സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
കാർഷിക നിയമങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ സുപ്രീം കോടതി നിയമിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ലെന്ന് കർഷക സംഘടനകൾ അഭിഭാഷകർ മുഖേന വ്യക്തമാക്കിയിരുന്നു. തർക്ക പരിഹാരത്തിന് ഇടപെടുന്ന സുപ്രീം കോടതിയോട് നന്ദിയുണ്ട്. എന്നാൽ നിയമത്തെ കുറിച്ച് ചർച്ച ചെയ്യാൻ കോടതി രൂപീകരിക്കുന്ന വിദഗ്ധസമിതിയുമായി സഹകരിക്കില്ല. നിയമങ്ങൾ സ്റ്റേ ചെയ്യാൻ അധികാരമുള്ള കോടതിക്ക് അവ പിൻവലിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിക്കാൻ അധികാരം ഉണ്ടെന്നും സമരങ്ങൾക്ക് നേതൃത്വം നൽകുന്ന സംയുക്ത കിസാൻ മോർച്ച വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ